Advertisment

കൃത്യമായ കണക്കുകള്‍ നിരത്തിയാണ് കടമെടുക്കാനുള്ള അവകാശത്തെക്കുറിച്ച് കേരളം വാദിച്ചത്; സുപ്രീം കോടതിയിലെ പരാതി പിന്‍വലിച്ചാല്‍ വായ്പാനുമതി നല്‍കാമെന്ന കേന്ദ്ര നിലപാട് സംസ്ഥാനം വകവെച്ചു കൊടുത്തതുമില്ല ! കടമെടുപ്പിന് അനുമതി നല്‍കണമെന്നുള്ള കോടതി നിര്‍ദ്ദേശം കേരളത്തിന്റെ ഉദ്യോഗസ്ഥ സംഘത്തിന്റെയും, ഉറച്ച പിന്തുണ കൊടുത്ത ധനമന്ത്രി ബാലഗോപാലിന്റെയും വിജയം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ബുധനാഴ്ച കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ കേരളം ചോദിച്ച 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി മുമ്പാകെ സമ്മതിക്കുകയായിരുന്നു.

New Update
kn balagopal1

അവസാനം പണം കടമെടുക്കാന്‍ കേരളത്തിന് സുപ്രീം കോടതിയുടെ അനുമതി. വായ്പാ അനുമതി തേടി കോടതിയെ സമീപിച്ച കേരളത്തോട് നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചു തീര്‍പ്പാക്കാനായിരുന്നു.

Advertisment

ചര്‍ച്ച നടന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. സുപ്രീം കോടതിയില്‍ കൊടുത്ത ഹര്‍ജി പിന്‍വലിക്കാമെങ്കില്‍ കടമെടുക്കാന്‍ സമ്മതിക്കാമെന്ന കേന്ദ്രത്തിന്‍റെ ഉപാധി കേരളം അംഗീകരിച്ചുമില്ല. കേസ് നടക്കട്ടെയെന്നു തന്നെയായിരുന്നു കേരളത്തിന്‍റെ നിലപാട്. ആ നിലപാട് കേരളത്തിനു ഗുണകരമായി എന്ന് സുപ്രീം കോടതി വിധി തെളിയിക്കുന്നു.

ബുധനാഴ്ച കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ കേരളം ചോദിച്ച 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി മുമ്പാകെ സമ്മതിക്കുകയായിരുന്നു.

ഇതുകൊണ്ടു മതിയാകുമോ കേരളത്തിന് എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് 15,000 കോടി രൂപയുടെ അധിക വായ്പ കൂടി ചോദിച്ചിട്ടുണ്ടെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചു. അത് കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരുടെ വിധി കേരളത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്.

കേന്ദ്രത്തിന്‍റെയും കേരളത്തിന്‍റെയും പ്രതിനിധികള്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ത്തന്നെ അധിക വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു. പക്ഷെ അങ്ങനെയൊരു അനുമതി വേണമെങ്കില്‍ കേരളം സുപ്രീം കോടതിയില്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ച് കേന്ദ്രം പിടിമുറുക്കി. അതംഗീകരിക്കാന്‍ കേരളം കൂട്ടാക്കിയില്ല.


രാഷ്ട്രീയവും നിയമപരവുമായ പ്രശ്നങ്ങളുണ്ട് ഈ വിഷയത്തില്‍. ബിജെപിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വാദത്തില്‍ കടുത്ത രാഷ്ട്രീയമുണ്ട്.


 കേന്ദ്ര - സംസ്ഥാന ബന്ധങ്ങളില്‍ അതിപ്രധാനമായൊരു വിഷയത്തിലേയ്ക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള ബന്ധത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നതാണു പ്രധാനം.

പക്ഷെ കേരളത്തിന്‍റെ കണക്കുകള്‍ കൃത്യമായിരുന്നു. 13,608 കോടി രൂപ കടമെടുക്കാനുള്ള അവകാശം കേരളത്തിനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കേന്ദ്ര ധനകാര്യ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വാദിച്ചു. കണക്കുകളെല്ലാം നിരത്തിത്തന്നെ. അതു നിഷേധിക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞതുമില്ല. വായ്പയ്ക്ക് അനുമതി നല്‍കാമെന്ന് കേന്ദ്ര ഉദ്യോഗസ്ഥ സംഘം സമ്മതിക്കുകയും ചെയ്തു.

പക്ഷെ അതിനു കേന്ദ്രം വെച്ച ഉപാധി കേരളത്തിന് അംഗീകരിക്കാനാകുമായിരുന്നില്ല. സുപ്രീം കോടതിയിലെ പരാതി പിന്‍വലിച്ചാല്‍ ഉടനെ വായ്പ്പാനുമതി തരാമെന്ന കേന്ദ്ര നിലപാട് അങ്ങനെയങ്ങു വകവെച്ചു കൊടുക്കാന്‍ കേരളം തയ്യാറായില്ല. 

ഈ പരാതി പരിഗണിച്ചാല്‍ മറ്റു സംസ്ഥാനങ്ങളും സമാനമായ പരാതികളുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി ഉന്നയിച്ചെങ്കിലും സുപ്രീം കോടതി അതു തള്ളിക്കളഞ്ഞു. കേരളത്തിനു വായ്പാനുമതി നല്‍കാമെന്ന് കേന്ദ്രം സുപ്രീം കോടതി മുമ്പാകെ നിരുപാധികം സമ്മതിക്കുകയായിരുന്നു. 

മൊത്തം വരുമാനത്തില്‍ നല്ലൊരു പങ്കും ജീവനക്കാരുടെ ശമ്പളത്തിനും സര്‍വീസില്‍ നിന്നു പിരിഞ്ഞ ജീവനക്കാരുടെ പെന്‍ഷനും വേണ്ടി വിനിയോഗിക്കുന്ന കേരളത്തിന് സാമ്പത്തിക പ്രതിസന്ധി ഒരു തുടര്‍ക്കഥ തന്നെയാണ്. ഭരണം മാറിയാലും ധനകാര്യമന്ത്രി മാറിയാലും സാമ്പത്തിക പ്രതിസന്ധി കേരളത്തിന്‍റെ ഒഴിയാബാധ തന്നെ.


കിറുകൃത്യമായ കണക്കുകള്‍ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ ഉദ്യോഗസ്ഥരെ ഉത്തരംമുട്ടിച്ച കേരളത്തിന്‍റെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ നേട്ടത്തിനു കാരണക്കാരായവര്‍.


 മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രാഹമിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. കോടതി നടപടികളില്‍ അഭിഭാഷകര്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കിയതും ഇവര്‍ തന്നെ.

മാര്‍ച്ച് ഒന്നാം തിയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതു വലിയ വാര്‍ത്തയായ ദിവസങ്ങളില്‍ത്തന്നെയാണ് കേന്ദ്ര സംഘവുമായുള്ള ചര്‍ച്ചയും സുപ്രീം കോടതി വാദവും നടത്തതെന്ന കാര്യവും ശ്രദ്ധേയമാണ്. ശരിക്കും മുള്‍മുനയില്‍ത്തന്നെയായിരുന്നു ഉദ്യോഗസ്ഥര്‍. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ തിരുവനന്തപുരത്തിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചതേയുള്ളു.

സുപ്രീം കോടതിയില്‍ കൊടുത്ത പരാതി പിന്‍വലിച്ചാല്‍ ചോദിച്ചത്രയും തുക വായ്പയെടുക്കാമെന്ന കേന്ദ്ര നിലപാടിനുമുന്നില്‍ പതറാതെ ഉറച്ച നിലപാടെടുക്കാന്‍ രാഷ്ട്രീയ പിന്തുണ തന്നെ വേണമായിരുന്നു. കോടതിയില്‍ നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന് സംഘം കേന്ദ്രത്തെ അറിയിച്ചതോടെ രംഗം സുപ്രീം കോടതിയിലേയ്ക്കു മാറുകയായിരുന്നു. 

ഇതു കേരളത്തിന്‍റെ ന്യായമായ ആവശ്യമാണെന്ന കാര്യം സുപ്രീം കോടതി മുമ്പാകെ ഫലപ്രദമായി ഉന്നയിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ക്കു ഉറപ്പുണ്ടായിരുന്നു. ധന മന്ത്രി ബാലഗോപാല്‍ ഉദ്യോഗസ്ഥ സംഘത്തിന് ഉറച്ച പിന്തുണ നല്‍കി. സുപ്രീം കോടതിയുടെ നിലപാട് കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാവുകയും ചെയ്തു.

സാമ്പത്തികമായി കേരളത്തിന് സുപ്രീം കോടതി തീരുമാനം വലിയ നേട്ടമായി. ഇതു ബാലഗോപാല വിജയം.

Advertisment