Advertisment

ഒരു ഘട്ടത്തിലും ബിജെപിയുമായോ ആര്‍എസ്എസുമായോ ഒരൊത്തുതീര്‍പ്പിനും കരുണാകരന്‍ തയ്യാറായിട്ടില്ല; ആ വഴിക്കു തന്നെയാണ് മകന്‍ മുരളീധരനും; സ്വന്തം സഹോദരി ബിജെപിയില്‍ ചേര്‍ന്നിട്ടും കൂടുതല്‍ ശക്തിയോടെ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുകയാണു മുരളി; ബിജെപിയോട് ഒരൊത്തുതീര്‍പ്പിനും താനില്ലെന്ന് ഉറക്കെ പറയുന്ന മുരളീധരന്‍ കോണ്‍ഗ്രസിന് അഭിമാനം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

സ്വന്തമായി ഒരു നിലപാടുണ്ടാവുക , ഏതു പ്രതിസന്ധിയിലും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുക - ഒരു നല്ല രാഷ്ട്രീയ നേതാവിന്‍റെ ശരിയായ വഴി ഇതുതന്നെയാണ്.

New Update
k muraleedharan

"ആര്‍എസ്എസുമായി ഒരു തരത്തിലുമുള്ള അനുരഞ്ജനത്തിനും ഞാന്‍ തയ്യാറാവില്ല", - പറയുന്നത് കെ. മുരളീധരന്‍. അതെ. മുന്‍ മുഖ്യമന്ത്രി കണ്ണോത്ത് കരുണാകരന്‍റെ മകന്‍ കണ്ണോത്തു മുരളീധരന്‍ തന്നെ. പിതാവിന്‍റെ എല്ലാ പൈതൃകവും പിന്‍തുടര്‍ച്ചാവകാശവും തനിക്കാണെന്നു തെളിയിക്കുകയാണ് മുരളീധരന്‍.

Advertisment

ഹിന്ദുത്വ ശക്തികള്‍ക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ കോട്ട കാത്തുസൂക്ഷിച്ച നേതാവാണു കരുണാകരന്‍. എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂരമ്പല നടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങിയ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഒരു ഉറച്ച നെടുംതൂണു തന്നെയായിരുന്നു. ഐക്യജനാധിപത്യ മുന്നണിയുടെയും.

1991 -ലെ കോ-ലി-ബി സഖ്യം എന്നു പരിഹസിക്കപ്പെട്ട കോണ്‍ഗ്രസ് - ലീഗ് - ബിജെപി കൂട്ടുകെട്ട് ഇതിനൊരപവാദമാണെങ്കില്‍ കൂടി. 1991 -ല്‍ ലോക്സഭാ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണു നടന്നതെന്നോര്‍ക്കുക.

1987 -ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ തിര‍ഞ്ഞെടുപ്പിനിറങ്ങുകയായിരുന്നു. 1991 -ല്‍ ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തി. തലേ വര്‍ഷം നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഇടതു മുന്നണി തൂത്തുവാരിയതു കണ്ടാണ് നാലു വര്‍ഷം മാത്രം പിന്നിട്ട ഇ.കെ നായനാര്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത്. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ് അച്യുതാനന്ദനു മുഖ്യമന്ത്രിയാകാനുള്ള രാഷ്ട്രീയ നീക്കമായാണ് മാധ്യമങ്ങള്‍ ഇതിനെ കണ്ടത്.


പക്ഷെ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ തോല്‍പിച്ച് യുഡിഎഫ് അധികാരത്തിലെത്തി. കെ കരുണാകരന്‍ മുഖ്യമന്ത്രിയുമായി.


എന്തു വിലകൊടുത്തും നിയമസഭാ തെരഞ്ഞെടുപ്പു കൈയിലൊതുക്കുക എന്ന ലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ കരുണാകരനാണ് കോ-ലി-ബി സഖ്യത്തിനു നീക്കം നടത്തിയതെന്നു അന്നേ രാഷ്ട്രീയ വ‍ൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു.

രണ്ടു മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപി സ്ഥാനാര്‍ഥികള്‍ക്കു പിന്തുണ കൊടുക്കുക എന്നതായിരുന്നു പദ്ധതി. അതു പ്രകാരം ബേലൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ മാധവന്‍ കുട്ടിയും വടകര ലോക്സഭാ മണ്ഡലത്തിലെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ അഡ്വ. എം രത്നസിങ്ങും ബിജെപി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു. പക്ഷെ സഖ്യത്തിന്‍റെ പ്രയോജനം ഉവര്‍ക്കു കിട്ടിയില്ല. രണ്ടു പേരും പരാജയപ്പെട്ടു.

ഈ സഖ്യത്തിന്‍റെ പേരില്‍ കോണ്‍ഗ്രസിന് ചില മണ്ഡലങ്ങളിലെങ്കിലും ബിജെപി പിന്തുണ വാങ്ങുക എന്നതായിരുന്നു കരുണാകരന്‍റെ തന്ത്രം. അതില്‍ അദ്ദേഹം വിജയം കണ്ടു. കെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി.

എന്നാല്‍ ഒരു ഘട്ടത്തിലും ബിജെപിയുമായോ ആര്‍എസ്എസുമായോ ഒരൊത്തുതീര്‍പ്പിനും കരുണാകരന്‍ തയ്യാറായിട്ടില്ല. ആ വഴിക്കു തന്നെയാണ് താനെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് മകന്‍ മുരളീധരന്‍ ഇപ്പോള്‍. സ്വന്തം സഹോദരി ആഘോഷമായി ബിജെപിയില്‍ ചേര്‍ന്നുവെങ്കിലും കൂടുതല്‍ ശക്തിയോടെ പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുകയാണു മുരളി.

വടകര ലോക്സഭാംഗമായിരുന്ന മുരളി തൃശൂരിലേയ്ക്ക് അങ്കം മാറ്റിയതുതന്നെ പത്മജ പിജെപിയിലേയ്ക്കു ചേക്കേറിയ സാഹചര്യത്തിലാണ്. വടകരയില്‍ ബിജെപി തന്നോടു പകവീട്ടാനിറങ്ങുമെന്നും മുരളി ഭയപ്പെട്ടു. 2021 -ലെ നിയമസഭയില്‍ നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്ന മുരളി കൂടുതല്‍ വോട്ടുപിടിച്ചതുകൊണ്ടാണ് തങ്ങളുടെ കുമ്മനം രാജശേഖരന്‍ തോറ്റുപോയതെന്ന് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു. ഒ രാജഗോപാല്‍ പ്രതിനിധീകരിച്ച നേമം മണ്ഡലം ശിവന്‍കുട്ടിക്കു വിട്ടുകൊടുക്കേണ്ടിവന്നത് ബിജെപിക്കു വലിയ നഷ്ടമാണുണ്ടാക്കിയത്.

2021 -ല്‍ നേമത്ത് 55,837 വോട്ടു നേടിയാണ് സിപിഎമ്മിലെ വി ശിവന്‍കുട്ടി ജയിച്ചത്. പോളിങ്ങ് ശതമാനം: 38.24. കുമ്മനം രാജശേഖരന് 51,888 വോട്ടും (35.34 ശതമാനം) മുരളീധരന് 36,524 വോട്ടും (25.1 ശതമാനം) ലഭിച്ചു. 2016 -ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ ജയിച്ചത് 67,813 വോട്ട് നേടിയാണ്. അന്ന് കോണ്‍ഗ്രസിന് സ്വന്തം സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി. സുരേന്ദ്രന്‍പിള്ളയ്ക്കു കിട്ടിയത് വെറും 13,860 വോട്ട് മാത്രം.


സുരേന്ദ്രന്‍പിള്ളയ്ക്കു പകരം കഴിഞ്ഞ തവണ മുരളീധരന്‍ വന്നപ്പോള്‍ ചിത്രം മാറി. മുരളി 36,524 വോട്ടു പിടിച്ചപ്പോള്‍ കുമ്മനം പിന്നിലായി. നിയമസഭയില്‍ ഉണ്ടായിരുന്ന ഒരേയൊരു സീറ്റും നഷ്ടമായി.


ഇതില്‍ ബിജെപിക്കു തന്നോടു ദേഷ്യമുണ്ടെന്നാണ് മുരളി പറയുന്നത്. അത് അവര്‍ വടകരയില്‍ പ്രകടിപ്പിക്കുമായിരുന്നുവെന്നും മുരളി ഭയപ്പെട്ടു. സിപിഎമ്മും കോണ്‍ഗ്രസും നേരിട്ടു മത്സരിക്കുന്ന വടകരയില്‍ കുറെ വോട്ടു സിപിഎമ്മിനു മറിച്ചു കൊടുക്കാന്‍ ബിജെപിക്കു ബുദ്ധിമുട്ടൊന്നുമുണ്ടാവില്ലെന്നു മുരളി കണക്കുകൂട്ടി.

തൃശൂരില്‍ അതല്ല സ്ഥിതി. ഇവിടെ ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ട് - സുരേഷ് ഗോപി. പാര്‍ട്ടിയുടെ എ-ക്ലാസ് സീറ്റുകളിലൊന്ന്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം.

പക്ഷെ പിതാവിന്‍റെ തട്ടകമായിരുന്ന തൃശൂരില്‍ അനുകൂല സാഹചര്യമെല്ലാമുണ്ടെന്നും മുരളീധരന്‍ കണക്കുകൂട്ടുന്നു.  പഴയ തോല്‍വിയൊന്നും പ്രശ്നമാക്കുന്നുമില്ല. പത്മജ എതിര്‍ പാളയത്തിലുണ്ടെന്നതും മുരളിക്കു പ്രശ്നമല്ല.

ദേശീയ തലത്തില്‍ത്തന്നെ പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേയ്ക്കു പോകുമ്പോള്‍ ബിജെപിയോട് ഒരൊത്തുതീര്‍പ്പിനും താനില്ലെന്ന് ഉറക്കെ പറയുന്ന മുരളീധരന്‍ കോണ്‍ഗ്രസിന് ഒരു വലിയ അഭിമാനം തന്നെയാണ്. പാര്‍ട്ടി കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെ തയ്യാറാകുന്ന മുരളീധരന്‍ ഇന്നു കേരള രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു.

സ്വന്തമായി ഒരു നിലപാടുണ്ടാവുക, ഏതു പ്രതിസന്ധിയിലും ആ നിലപാടില്‍ ഉറച്ചു നില്‍ക്കുക - ഒരു നല്ല രാഷ്ട്രീയ നേതാവിന്‍റെ ശരിയായ വഴി ഇതുതന്നെയാണ്.

Advertisment