"തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്‍റെ മക്കള്‍ ബിജെപിയില്‍ പോകില്ല" - പറയുന്നത് മറിയാമ്മ ഉമ്മന്‍. കോണ്‍ഗ്രസ് നേതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ബാവ എന്നു വിളിപ്പേരുള്ള മറിയാമ്മ ഉമ്മന്‍.
ഒരിക്കലും രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിച്ചിട്ടില്ലാത്ത മറിയാമ്മ ഉമ്മന്‍റെ വാക്കുകള്‍ കേരള രാഷ്ട്രീയത്തില്‍ പെട്ടെന്നാണ് പരന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയുടെ വാക്കുകള്‍ എന്ന നിലയ്ക്കല്ല മറിയാമ്മയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. ആ വാക്കുകളും അതിലടങ്ങിയിരിക്കുന്ന തീഷ്ണമായ രാഷ്ട്രീയവും ആ വാക്കുകളുടെ ലക്ഷ്യം തന്നെയും അതിന്‍റെ പ്രാധാന്യം വിളിച്ചു പറയുന്നു. ഒരിക്കലും രാഷ്ട്രീയമായി വര്‍ത്തമാനം പറഞ്ഞിട്ടില്ലാത്ത മറിയാമ്മ എന്ന വീട്ടമ്മ അവസാനം രണ്ടു വാക്കു പറഞ്ഞപ്പോള്‍ അതില്‍ രാഷ്ട്രീയവും രോഷവും അതില്‍ കത്തിനില്‍ക്കുന്ന കോണ്‍ഗ്രസ് വികാരവുമെല്ലാം വെട്ടിത്തിളങ്ങി നിന്നു.
അടിമുടി മുഴുവന്‍ രാഷ്ട്രീയക്കാരനായ ഉമ്മന്‍ ചാണ്ടിയോടൊപ്പം അര നൂറ്റാണ്ടിനടുത്ത് ജീവിതസഖിയായി ജീവിച്ചയാളാണ് മറിയാമ്മ. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം ഒപ്പം നിന്നവള്‍. ഉമ്മന്‍ ചാണ്ടി നേരിട്ട ബുദ്ധിമുട്ടുകള്‍ കൂടെ നിന്ന് അനുഭവിച്ചവള്‍. ഉമ്മന്‍ ചാണ്ടി എന്നും എപ്പോഴും കോണ്‍ഗ്രസുകാരനായിരുന്നതുപോലെ മറിയാമ്മ ആ കോണ്‍ഗ്രസുകാരന്‍റെ സന്തതസഹചാരിണിയായിരുന്നു.
അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് രാഷ്ട്രീയം എപ്പോഴും ആ വീട്ടില്‍ തുടിച്ചു നിന്നു. അമ്മയിലും മക്കളിലും. കോണ്‍ഗ്രസ് വിട്ടൊരു ജീവിതമില്ല തനിക്കും മക്കള്‍ക്കുമെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് മറിയാമ്മ.
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിന്‍റെയും ഭരണത്തിന്‍റെയും തിരക്കില്‍ ഓരോ ദിവസവും കഴിയുമ്പോഴും തൊട്ടരികെ എല്ലാം കണ്ട്, എല്ലാറ്റിനും സാക്ഷിയായി നില്‍ക്കാനല്ലാതെ ഒരിക്കല്‍പോലും ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയത്തിലോ ഭരണത്തിലോ ഇടപെടാന്‍ മറിയാമ്മ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി ഭരണം നടത്തുമ്പോള്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അടുക്കളയിലും സ്വന്തം മുറിയിലുമായി ഒതുങ്ങികൂടി മറിയാമ്മ. മക്കളായ മറിയയെയും അച്ചുവിനെയും ചാണ്ടി ഉമ്മനെയും വളര്‍ത്തിക്കൊണ്ടുവന്ന മാതാവ്. രാഷ്ട്രീയത്തിരക്കില്‍ ഉമ്മന്‍ ചാണ്ടി എപ്പോഴും പുറത്തായിരിക്കുമ്പോഴും കുഞ്ഞുങ്ങളെ പഠിപ്പിച്ചു വലുതാക്കാന്‍ പാടുപെട്ട വീട്ടമ്മ. മക്കള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും അവരുടെ നോട്ടവും യാത്രയും എങ്ങോട്ടാണെന്നും നന്നായറിയാവുന്ന അമ്മ. അതെ. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പിന്തുടര്‍ച്ച മകന്‍ ചാണ്ടി ഉമ്മനാണെന്നു പറയാന്‍ മറിയാമ്മയ്ക്ക് ഒരു സംശയവുമില്ല.
എങ്കിലും ഉറപ്പിച്ചു പറയുന്ന ഒരു കാര്യമുണ്ട്. "തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്‍റെ മക്കള്‍ ബിജെപിയില്‍ പോകില്ല" - മറിയാമ്മയുടെ എണ്ണിപ്പറഞ്ഞ വാക്കുകള്‍. പല കാര്യങ്ങളും ഈ വാക്കുകളില്‍ ഒളിച്ചിരിപ്പുണ്ട്. കനല്‍ പോലെ എരിയുകയാണ് ഈ വാക്കുകള്‍. അര്‍ത്ഥങ്ങളേറെയുള്ള മറിയാമ്മയുടെ വാക്കുകള്‍. പലരുടെയും നെഞ്ചകത്തേയ്ക്കു ചാട്ടുളി പോലെ പായുന്ന വാക്കുകള്‍. സ്വന്തം മക്കളെക്കുറിച്ച് ഒരമ്മ പറയുന്ന വാക്കുകള്‍. രാഷ്ട്രീയത്തിലും രോഷത്തിലും പൊതിഞ്ഞ വാക്കുകള്‍.
കേരള രാഷ്ട്രീയത്തില്‍ എക്കാലത്തും ആന്‍റണിയോടൊപ്പമുണ്ടായിരുന്നു ഉമ്മന്‍ ചാണ്ടി. ആന്‍റണിയുടെ സഹയാത്രികനായി എന്നും രണ്ടാമനായി കഴിഞ്ഞ നേതാവ്. ആന്‍റണിക്കു വേണ്ടി എല്ലാ യുദ്ധങ്ങളും പൊരുതിയ സൈന്യാധിപന്‍. പോര്‍ക്കളങ്ങളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സൂക്ഷ്മമായി പടപൊരുതി ഒന്നാമനൊപ്പം അടിയുറച്ചു നിന്ന വിശ്വസ്തന്‍.
അവസാനം 1994 - 95 കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നടന്ന അന്തിമ പോരാട്ടത്തില്‍ കോണ്‍ഗ്രസിലെ കരുത്തരില്‍ കരുത്തനായ കെ കരുണാകരനെ മലര്‍ത്തിയടിച്ചു ഉമ്മന്‍ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരന്‍.
മുസ്ലിം ലീഗിനെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയുമെല്ലാം കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി സകല തന്ത്രങ്ങളും പുറത്തെടുത്തു. തന്ത്രശാലിയായ കരുണാകരനെ തോല്‍പ്പിക്കാന്‍ അതിനേക്കാള്‍ വലിയ തന്ത്രങ്ങള്‍ പ്രയോഗിച്ചു. കരുണാകരനോടൊപ്പം ഐക്യ ജനാധിപത്യ മുന്നണിയുടെ നെടും തൂണുകളായിരുന്ന കെ.എം മാണിയെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും സ്വാധീനിച്ച് ഉമ്മന്‍ ചാണ്ടി മുന്നേറിയപ്പോള്‍ കരുണാകരന് അടിയറവ് പറയേണ്ടിവന്നു.
1995 മാര്‍ച്ച് 16 -ാം തീയതി കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞു. മാര്‍ച്ച് 22 -ാം തീയതി എ.കെ ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡല്‍ഹിയിലായിരുന്ന ആന്‍റണി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തു പറന്നിറങ്ങുകയായിരുന്നു.
കെ കരുണാകരനും എ.കെ ആന്‍റണിയും. ദീര്‍ഘകാലം കോണ്‍ഗ്രസിനെ കൈപിടിച്ചു വളര്‍ത്തിയവര്‍. സ്വന്തം പേരില്‍ ഗ്രൂപ്പുണ്ടാക്കി അവര്‍ പരസ്പരം പൊരുതി. ആ പോരും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറിയതും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുഷ്ടിപ്പെടുത്തിയതുമെല്ലാം ചരിത്രത്തിന്‍റെ മറ്റൊരദ്ധ്യായം.
കരുണാകരന്‍റെ മകള്‍ പത്മജയും എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും ആഘോഷത്തോടെ ബിജെപിയിലേയ്ക്കു പോയതും അവിടെ ചെന്ന് കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നതും കണ്ട് മനസു നൊന്തു പറയുകയാണ് മറിയാമ്മ എന്ന ബാവ: "തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്‍റെ മക്കള്‍ ബിജെപിയില്‍ പോകില്ല". ആ വാക്കുകള്‍ക്ക് എന്തു മൂര്‍ച്ച.