Advertisment

രാഹുല്‍ ഗാന്ധിയോട് പ്രശാന്ത് കിഷോര്‍ പറഞ്ഞത് നിസാര കാര്യങ്ങളല്ല; മാനേജ്‌മെന്റ് രംഗത്തെ പ്രധാന തത്വമാണ് പ്രശാന്ത് ചൂണ്ടിക്കാണിച്ചത് ! ബിസിനസില്‍ എന്ന പോലെ രാഷ്ട്രീയത്തിലും 'ടാര്‍ഗെറ്റ് അച്ചീവ്' ചെയ്‌തേ പറ്റൂ; പരാജയപ്പെട്ടാല്‍ മാറി നില്‍ക്കണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

പ്രശാന്ത് കിഷോര്‍ പറഞ്ഞത് രാഷ്ട്രീയമായ അഭിപ്രായമല്ല. വ്യക്തിപരമായ അഭിപ്രായവുമല്ല അത്. മാനേജ്മെന്‍റ് രംഗത്തെ ഒരു  പ്രധാന തത്വത്തിലേയ്ക്കാണ് പ്രശാന്ത് കിഷോര്‍ വിരല്‍ ചൂണ്ടിയത്.

New Update
Prashant Kishor rahul gandhi

കോണ്‍ഗ്രസിനെപ്പറ്റിയും ആ കക്ഷിയുടെ നേതാവിനെപ്പറ്റിയും തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറയുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിക്കുന്നതു പോലുള്ള ഫലം കിട്ടിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ നിന്നു മാറി നില്‍ക്കണമെന്ന അഭിപ്രായമാണ് ഇക്കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ രേഖപ്പെടുത്തിയത്. എന്തുകൊണ്ടും ഏറെ പ്രാധാന്യമുള്ള വിഷയം തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

Advertisment

പ്രശാന്ത് കിഷോര്‍ പറഞ്ഞത് രാഷ്ട്രീയമായ അഭിപ്രായമല്ല. വ്യക്തിപരമായ അഭിപ്രായവുമല്ല അത്. മാനേജ്മെന്‍റ് രംഗത്തെ ഒരു  പ്രധാന തത്വത്തിലേയ്ക്കാണ് പ്രശാന്ത് കിഷോര്‍ വിരല്‍ ചൂണ്ടിയത്.

ഒരു സ്ഥാപനത്തിന് പുതിയ വളര്‍ച്ച നേടണമെന്ന് സ്ഥാപനത്തിന്‍റെ ഉടമകള്‍ തീരുമാനിച്ചാല്‍ അതിനു ശേഷിയുള്ള ഒരു വിദഗ്ദ്ധനെ കണ്ടുപിടിച്ച് സ്ഥാപനത്തിന്‍റെ ചുമതല മുഴുവന്‍ ഏല്‍പ്പിക്കുക എന്നതാണ് പുതിയ മാനേജ്മെന്‍റ് രീതി. ഒരു പക്ഷെ, അങ്ങനെയൊരു പ്രത്യേക വിദഗ്ദ്ധനെ കണ്ടെത്താന്‍ ഉടമകള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ അതിനു ശേഷിയുള്ള ഒരു ഏജന്‍സിയെ കണ്ടെത്തി ആ ചുമതല ഏല്‍പ്പിക്കുന്ന രീതിയുമുണ്ട്. ഐ.ടി പോലുള്ള ആധുനിക തൊഴില്‍ മേഖലകളില്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ പോലും ഇത്തരം പ്രൊഫഷണല്‍ ഏജന്‍സികളെ ചുമതലപ്പെടുത്തുന്ന പതിവുണ്ട്.

ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട് സ്ഥാപനങ്ങളുടെ നിയന്ത്രണമോ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്‍റെ ഭരണച്ചുമതലയോ ഏറ്റെടുക്കുന്ന ഉദ്യോഗസ്ഥര്‍ കടുത്ത ഉത്തരവാദിത്വമാണ് തലയില്‍ വയ്ക്കുന്നത്. ഏറ്റെടുക്കുന്ന കര്‍മ്മം കൃത്യമായി നിര്‍വഹിച്ച് സ്ഥാപനത്തെ വിജയത്തിലെത്തിച്ചേ മതിയാകൂ. ഉടമകള്‍ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം നേടിയെടുക്കാന്‍ ഉദ്യോഗസ്ഥനു കഴിയണമെന്നര്‍ത്ഥം. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ടാര്‍ഗെറ്റ് അച്ചീവ് ചെയ്യണമെമെന്നത്‌ ലളിതമായ ഇംഗ്ലീഷിലുള്ള സാധാരണ മാനേജ്മെന്‍റ് പ്രയോഗങ്ങള്‍.

നേതൃസ്ഥാനത്തുള്ള ഒരാള്‍ ഒരേ തരത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നെയും പിന്നെയും ഒരേ തെറ്റുകള്‍ ആവര്‍ത്തിക്കുകയും എന്നിട്ടും ആ സ്ഥാനത്ത് അയാള്‍ തന്നെ ഇരുന്ന് അതേ രീതിയില്‍ത്തന്നെ പിന്നെയും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ ആ നേതാവ് വീണ്ടും അതേ നേതൃസ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല എന്ന മാനേജ്മെന്‍റ് തത്വം രാഷ്ട്രീയത്തിലേയ്ക്കു മാറ്റിപ്പറയുകയാണ് തെരഞ്ഞെടുപ്പു വിദഗ്ദ്ധനായ പ്രശാന്ത് കിഷോര്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സ്ഥാപനത്തെ വിജയത്തിലെത്തിക്കാനാകില്ല.


കഴിഞ്ഞ പത്തു വര്‍ഷമായി പാര്‍ട്ടിക്ക് എന്തെങ്കിലും കാര്യമായ നേട്ടമുണ്ടാക്കി കൊടുക്കാന്‍ കഴിയാതിരുന്നിട്ടും നേതൃത്വത്തില്‍ നിന്നു മാറിനിന്ന് യോഗ്യനായ മറ്റൊരാളെ നയിക്കാന്‍ നിയോഗിക്കാത്തത് രാഹുല്‍ ഗാന്ധിയുടെ വലിയ വീഴ്ചയാണെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ജനത എപ്പോഴും ശ്രദ്ധിക്കുന്ന ഈ തെരഞ്ഞെടുപ്പു വിദഗ്ദ്ധന്‍.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യാ മഹാരാജ്യത്തെ രാഷ്ട്രീയത്തിനും അതിന്‍റേതായ വലിപ്പവും ഉയര്‍ച്ചയും സങ്കീര്‍ണതയുമെല്ലാമുണ്ട്. ഏതു ജനാധിപത്യത്തിലും നേതാവ് ഒരു പ്രധാന ഘടകം തന്നെയാണ്.

ഇന്ത്യയില്‍ കോണ്‍ഗ്രസിനേപ്പോലൊരു പാര്‍ട്ടിയുടെ നേതാവ് ആ നിലയ്ക്കുതന്നെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണിരിക്കുന്നത്. ബിജെപിയും അതിന്‍റെ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ അടക്കിവാഴുന്ന ഘട്ടമാണിതെന്നും ഓര്‍ക്കുക. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്നു രൂപീകരിച്ച ഇന്ത്യാ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരം കൈയിലൊതുക്കാനും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ മറിച്ചിട്ട് സ്വന്തം പാര്‍ട്ടിയെ ഭരണത്തിലേറ്റാനും എന്തു തന്ത്രവും പ്രയോഗിക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണു ബിജെപിയെന്നതിന് കഴിഞ്ഞ പത്തു വര്‍ഷക്കാലം എത്രയെത്ര ഉദാഹരണങ്ങളാണു രാജ്യം കണ്ടത് ? പണത്തിന്‍റെയും അധികാരത്തിന്‍റെയും എന്തിന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ തന്നെ അന്വേഷണത്തിന്‍റെയും ബലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ എത്രയെത്ര !

ഭരണത്തെ അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആ ഭരണത്തിനു നേതൃത്വം കൊടുക്കുന്നത് നരേന്ദ്ര മോദിയും. പ്രതിപക്ഷത്തെ എറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയ്ക്ക് വരുന്ന തെരഞ്ഞെടുപ്പ് സൂക്ഷ്മമായി നോക്കിയാല്‍ രണ്ടു രാഷ്ട്രീയ ശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് കാണാന്‍ കഴിയുക. അവയുടെ നേതാക്കളും. ഒരു വശത്ത് മൂന്നാമതും അധികാരം പിടിക്കാന്‍ എന്തിനും തയ്യാറായി നില്‍ക്കുന്ന നരേന്ദ്ര മോദി. മറുഭാഗത്ത് മൂന്നാമതെങ്കിലും കഷ്ടിച്ചു ജയിച്ചു കയറാമെന്നു പ്രതീക്ഷയ്ക്കെതിരെ പ്രതീക്ഷിച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി.

മൂന്നാമതും തോറ്റാല്‍ നേതൃത്വത്തില്‍ നിന്നു മാറി പ്രഗത്ഭരെ മുന്നില്‍ നിര്‍ത്തണമെന്നാണ് പ്രശാന്ത് കിഷോറിന്‍റെ വാക്കുകളുടെ മര്‍മ്മം. ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് എത്രയോ അതി പ്രതത്ഭരായ നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, മൊറാര്‍ജി ദേശായി എന്നിങ്ങനെ എത്രയോ വലിയ നേതാക്കള്‍. ഓരോ കാലഘട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സംഭാവന ചെയ്ത മഹാന്മാരായ വ്യക്തിത്വങ്ങളായിരുന്നു ഇവരൊക്കെ.

ഇങ്ങനെയുള്ള മഹല്‍ വ്യക്തികളെയാണു ഈ നിര്‍ണായക ഘട്ടത്തില്‍ കോണ്‍ഗ്രസിനാവശ്യം. ഇന്ത്യ എന്ന വലിയ ജനാധിപത്യത്തിനും. പരാജയപ്പെടുമ്പോള്‍ വഴിമാറി കൊടുക്കണം.

Advertisment