/sathyam/media/media_files/WKcxUvkMwNOz6LiVhhe3.jpg)
വയനാടു ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേരു മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പുതിയ പേര് ഗണപതി വട്ടം.
ടിപ്പു സുല്‍ത്താന്‍ മൈസുരില്‍ നിന്ന് ഈ പ്രദേശത്തേയ്ക്കു പടയോട്ടം നടത്തുന്നതിനു മുമ്പ് ഇവിടം അറിയപ്പെട്ടിരുന്നത് ഗണപതി വട്ടം എന്ന പേരിലായിരുന്നുവെന്ന് സുരേന്ദ്രന്‍ പറയുന്നു. വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ പത്രസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. വയനാട്ടില്‍ ജയിച്ചാല്‍ തന്‍റെ ആദ്യ നടപടി സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം തന്നെയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ഇതു സാധിച്ചെടുക്കുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രധാന 'തെരഞ്ഞെടുപ്പു വാഗ്ദാനം'.
600 വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്തിന്‍റെ പേര് ഗണപതി വട്ടം എന്നായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. വയനാട്ടിലേയ്ക്കു പടയോട്ടം നടത്തിയ ടിപ്പു സുല്‍ത്താന്‍ ഈ പ്രദേശത്തുണ്ടായിരുന്ന ഗണപതി കോവില്‍ കേന്ദ്രീകരിച്ച് ഹിന്ദുക്കളെ മുസ്ലിം മതത്തിലേയ്ക്കു മതം മാറ്റി എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ടിപ്പുവിന്‍റെ അധിനിവേശത്തിനു ശേഷം ഈ പ്രദേശങ്ങള്‍ അധീനപ്പെടുത്തിയ ബ്രിട്ടീഷുകാരാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേരു കൊണ്ടുവന്നത്.
ടിപ്പു സുല്‍ത്താന്‍റെ പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത് ഗണപതി കോവില്‍ പരിസരത്തായിരുന്നു. റോക്കറ്റുകള്‍ ഉള്‍പ്പെടെ പല ആധുനിക യുദ്ധ സാമഗ്രികളും സുല്‍ത്താന്‍റെ സൈന്യം ഉപയോഗിച്ചിരുന്നു. സൈനികോപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമെന്ന നിലയ്ക്ക് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ഈ സ്ഥലത്തെ 'സുല്‍ത്താന്‍ ബാറ്ററി' എന്നു വിളിച്ചു. ക്രമേണ ഈ സ്ഥലപ്പേര് സുല്‍ത്താന്‍ ബത്തേരി എന്ന് സ്ഥിരപ്പെടുകയും ചെയ്തു.
പഴയ സംസ്കാരത്തിന്‍റെയും മുഗള്‍ ഭരണകാലഘട്ടത്തിന്‍റെയും പ്രതീകമായി നിലകൊണ്ട അനേകം സ്ഥലനാമങ്ങളും ബിജെപി ഭരണകാലത്തു മാറ്റിയത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന പല മുസ്ലിം, മുഗള്‍, പേര്‍ഷ്യന്‍ പേരുകളും ഇങ്ങനെ ഔദ്യോഗികമായി മാറ്റിയെടുത്തു. അങ്ങനെ അലഹബാദ് പ്രയാഗ് രാജും ഫൈസാബാദ് അയോദ്ധ്യയുമായി.
ബിജെപി ഭരണകാലത്ത് ഇങ്ങനെ മാറിയ പ്രമുഖ സ്ഥലപ്പേരുകള്‍ ധാരാളം. സ്ഥലങ്ങളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയുമൊക്കെ പേരുകള്‍ ചുരണ്ടിമാറ്റി പകരം പുതിയ പേരുകള്‍ ചാര്‍ത്തി. ഇതില്‍ ഏറ്റവും പ്രധാനം രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ ഗാര്‍ഡന്‍റെ പേര് അമൃത് ഉദ്യാനം എന്നാക്കി മാറ്റിയതാണ്.
1934 -ലാണ് വയനാടു ജില്ലയില്‍ കടങ്ങനാടു പഞ്ചായത്ത് രൂപമെടുത്തത്. പിന്നീട് ഈ പഞ്ചായത്ത് നൂല്‍പ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകളായി മാറി. പില്‍ക്കാലത്ത് കിടങ്ങനാട്, നൂല്‍പ്പുഴ, നെന്മേനി എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലപ്രദേശം രൂപമെടുത്തു.
തിരുവിതാംകൂര്‍ ചരിത്രത്തിലെ രാജാധികാര കേന്ദ്രങ്ങളായിരുന്നു രാജകൊട്ടാരവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമെല്ലാം. അനന്തപത്മനാഭന്‍റെ പേരിലുള്ള ക്ഷേത്രത്തിന് രാജാധികാരത്തിന്‍റെ വലിയ പ്രൗഢിയുമുണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരം എന്ന പ്രസിദ്ധമായ സ്ഥലപ്പേരു രൂപമെടുത്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും തിരുവനന്തപുരം എന്നുഛരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അവര്‍ തലസ്ഥാന നഗരത്തിനു 'ട്രിവാന്‍ഡ്രം' എന്നു പേരിട്ടു. പിന്നീട് ജനകീയ ഭരണത്തില്‍ ആ പേര് വീണ്ടും 'തിരുവനന്തപുര'മായി. ഇവിടെ ജനകീയമായി പേരു രൂപം മാറുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലോ, മുസ്ലിം സംസ്കാരവുമായി ബന്ധപ്പെട്ടോ രൂപമെടുത്ത സ്ഥലപ്പേരുകളൊന്നും വേണ്ടെന്നുവയ്ക്കുന്ന തരത്തിലേയ്ക്കാണ് ബിജെപി നേതൃത്വവും സംഘപരിവാര്‍ കേന്ദ്രങ്ങളും നീങ്ങുന്നത്. ഒരു ആധുനിക ജനാധിപത്യ സമൂഹത്തില്‍ ഇത്തരം പ്രാകൃത നടപടികള്‍ക്കും ചിന്തകള്‍ക്കും ഒരു സ്ഥാനവുമില്ല തന്നെ.
വയനാട്ടില്‍ ജയിച്ചാല്‍ തന്‍റെ ആദ്യ നടപടി സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലപ്പേരുമാറ്റി 'ഗണപതി വട്ടം' എന്ന പേരു സ്ഥാപിക്കുക എന്നതാണെന്നു പറയുന്ന കെ സുരേന്ദ്രന്‍ ഒരു ജനപ്രതിനിധിയുടെ അടിസ്ഥാന ധര്‍മ്മവും കര്‍മ്മവുമാണു മറക്കുന്നത്.
'ഗണപതി വട്ടം' എന്നു പേരു മാറ്റിയാല്‍ വയനാട് പുതിയ വികസനത്തിലേയ്ക്കു കുതിക്കുമോ ? വയനാട്ടിലെ ജനങ്ങളുടെ ഏറ്റവും നീറുന്ന പ്രശ്നമാണോ സുല്‍ത്താന്‍ ബത്തേരി എന്നു പറഞ്ഞു പതിഞ്ഞ പേര് ?
വളരെയധികം പരസ്പര സൗഹാര്‍ദത്തോടെ വിവിധ സമുദായങ്ങള്‍ ഒന്നിച്ചു കഴിയുന്ന നാടാണു കേരളം. പല പരീക്ഷണങ്ങള്‍ പലയിടത്തും നിന്നും ഉയര്‍ന്നിട്ടും മലയാളികള്‍ ഐക്യത്തോടെ സ്ഥസ്ഥമായി കഴിയുന്നു. ഈ സ്വസ്ഥത കെടുത്താന്‍ ശ്രമിക്കരുതേ ബഹുമാനപ്പെട്ട സുരേന്ദ്രാ. ഉത്തരേന്ത്യയില്‍ നടപ്പാക്കി വിജയിച്ച വിഷം പുരട്ടിയ അജണ്ടകള്‍ കേരളത്തിലേയ്ക്കു കൊണ്ടുവരല്ലേ.
കേരളീയര്‍ സ്വസ്ഥമായി കഴിഞ്ഞുകൊള്ളട്ടെ. ഈ സ്വസ്ഥതയിലേയ്ക്ക് വിഷത്തുള്ളികള്‍ ഒഴിക്കാതിരിക്കുക. നല്ല രാഷ്ട്രീയം പറയാന്‍ ഇഷ്ടം പോലെ വിഷയങ്ങള്‍ ഉള്ളപ്പോള്‍ വിഷത്തുള്ളികള്‍ തേടിപ്പോകുന്നതെന്തിന് ?