Advertisment

പിണറായി-രാഹുല്‍ വാക്‌പോരിലൂടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി കത്തിക്കയറി; എങ്കിലും കേന്ദ്രം പിണറായിയെ  എന്താണു ജയിലിലിടാത്തതെന്ന രാഹുലിന്റെ ചോദ്യം വളരെ കടുത്തുപോയി ! രാഷ്ട്രീയം മറന്നുകൊണ്ടുള്ള പ്രസ്താവനയായിപ്പോയി അത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

കേരളത്തിന്‍റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിന്‍റെ പ്രത്യേകതകളും അറിയാതെ സ്വന്തം മുന്നണിയിലെ നേതാവിനെതിരെ പ്രസംഗിക്കുന്നത് രാഷ്ട്രീയമായി ഒട്ടും ശരിയല്ല

New Update
rahul pinarayi.jpg

പിണറായി വിജയനെ എന്തുകൊണ്ടു കേന്ദ്രം ജയിലിലടയ്ക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക്  ചൂടന്‍ പ്രസംഗത്തില്‍ നടത്തിയ ഈ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയില്‍ സംഘര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്.

Advertisment

രാഹുല്‍ ഗാന്ധിയുടെ അക്രമണത്തിന് അതിശക്തമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്. അന്വേഷണമെന്നു കേട്ടാല്‍ ഞങ്ങളാരും ബോധം കെട്ടുപോയിട്ടില്ലെന്നു പറഞ്ഞ പിണറായി ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ഓര്‍മിപ്പിക്കുകയും ചെയ്തു.

വ്യക്തിപരമായി അക്രമണമേറ്റാല്‍ ശക്തമായി തിരിച്ചടിക്കുന്ന സ്വഭാവമാണ് പിണറായിക്കുള്ളത്. "നിങ്ങളുടെ മുത്തശിയില്ലേ, അവര്‍ ഈ രാജ്യം അടക്കിവാണിരുന്ന കാലത്ത് ഞങ്ങളെയൊക്കെ പിടിച്ചു ജയിലിലിട്ടതാണ്," മുഖ്യമന്ത്രി കത്തിക്കയറുകയായി പിന്നെ. ജയിലെന്നു കേട്ടാല്‍ നിങ്ങളുടെ അശോക് ചവാനെപ്പോലെ അങ്ങോട്ടുപോകാന്‍ വയ്യെന്നു പറഞ്ഞു കരയുന്നവരല്ല ഞങ്ങള്‍ എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12 -ാം തീയതിയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പേടിച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേയ്ക്കു ചേക്കേറിയതെന്ന് സംസാരമുണ്ടായിരുന്നു. ഈ പ്രായത്തില്‍ ജെയിലിലേയ്ക്കു പോകാന്‍ വയ്യെന്നു ഭാര്യയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു പറഞ്ഞിട്ടാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അശോക് ചവാനെതിരെ ആദര്‍ശ് കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റിയുടെ പേരിലുള്ള രണ്ടു കേസുകളാണ് നിലവിലുള്ളത്. ഒന്ന് സിബിഐ രജിസ്റ്റര്‍ ചെയ്തതും മറ്റൊന്ന്‌ ഇഡി കണ്ടുപിടിച്ചു കേസാക്കിയതും. കേസുകളില്‍ നിന്നു രക്ഷപെടാനാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതെന്ന് അന്നു തന്നെ ആക്ഷേപമുണ്ടായിരുന്നു.

"രാഹുല്‍ ഗാന്ധീ, നിങ്ങള്‍ക്കു നേരത്തേ ഒരു പേരുണ്ട്. ആ പേരില്‍ നിന്നു മാറിയിട്ടില്ലാ എന്ന സ്ഥിതി ഉണ്ടാക്കരുത്"- പരിഹാസത്തിലും കടുത്ത ആക്ഷേപത്തിലും മുക്കിയെടുത്ത പിണറായിയുടെ വാക്കുകള്‍ മൂര്‍ച്ചയേറിയതു തന്നെയായിരുന്നു.


 പിന്നീട് സംസ്ഥാനത്തെത്തിയ പ്രിയങ്കാ ഗാന്ധിയും പിണറായിക്കെതിരെ തിരിഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പു പ്രചാരണം സിപിഎം നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നേരിട്ടുള്ള പോരാട്ടമായി കത്തിക്കയറുകയാണ്.


കേരളത്തിനുള്ളില്‍ ഇങ്ങനെയൊരു പോര് സ്വാഭാവികമാണ്. ഇവിടെ മത്സരം ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലാണ്. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പക്ഷേ ദേശീയ രാഷ്ട്രീയത്തില്‍ ഈ രണ്ടു കക്ഷികളും ഒന്നിച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയുടെ ഭാഗം തന്നെയാണു സിപിഎമ്മും ഇടതുപക്ഷവും. ഇന്ത്യാ മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്‍റെ നേതാവാണ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ മുന്നണി ജയിച്ചാല്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാനാണു സാധ്യത. അപ്പോള്‍ പിന്തുണയുമായി ഇടതുപക്ഷവും സിപിഎമ്മും ഉണ്ടാകും.

ഈയൊരു യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണോ രാഹുല്‍ ഗാന്ധി കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയനെതിരെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ! അതും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയര്‍ത്തി ? കേന്ദ്ര സര്‍ക്കാര്‍ എന്താണു പിണറായി വിജയനെ ജയിലിലിടാത്തതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം വളരെ കടുത്തുപോയി. കേന്ദ്ര സര്‍ക്കാര്‍ സ്വന്തം അന്വേഷണ ഏജന്‍സികളെ അഴിച്ചുവിട്ട് പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലൊക്കെയും അസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപിച്ചിട്ടുള്ള കാര്യം അറിയാതെയല്ലല്ലോ രാഹുല്‍ ഗാന്ധി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ? 

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായ മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോള്‍ ജയിലിലാണ്. സര്‍ക്കാരിലെ പ്രമുഖനായിരുന്ന മനീഷ് സിസോദിയ മൂന്നു മാസക്കാലമായി ജയിലില്‍ കഴിയുന്നു. പ്രതിപക്ഷം ഭരണത്തിലുള്ള സംസ്ഥാനങ്ങളിലൊക്കെയും ഇതാണു സ്ഥിതി.


 ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ മുന്നണി ഐക്യത്തോടെയും കെട്ടുറപ്പോടെയും മുന്നോട്ടു പോകുന്നതെന്ന കാര്യം കുറഞ്ഞ പക്ഷം അതിന്‍റെ നേതാവ് രാഹുല്‍ ഗാന്ധിയെങ്കിലും ഓര്‍മിക്കേണ്ടതായിരുന്നു.


ഒരു മുന്നണിയായി നിലനില്‍ക്കാനും ഐക്യം ഊട്ടി ഉറപ്പിക്കാനും ശ്രമിക്കുമ്പോഴും മുന്നണി നേരിടുന്ന ഒരു വലിയ പ്രശ്നം പല സംസ്ഥാനങ്ങളിലും മുന്നണി ഘടകകക്ഷികള്‍ ഏറ്റുമുട്ടുന്ന സാഹചര്യം തന്നെയാണ്. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ ഭരണം പങ്കിട്ടുകൊണ്ടിരുന്ന രണ്ടു കക്ഷികളാണ് സിപിഎമ്മും കോണ്‍ഗ്രസും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സിപിഎം ഭരണത്തുടര്‍ച്ച നേടിയെന്നു മാത്രം. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇന്നും വളരെ ശക്തം തന്നെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 -ല്‍ 19 സീറ്റും നേടി ഐക്യജനാധിപത്യമുന്നണി വലിയ നേട്ടം നേടിയ കാര്യവും ഓര്‍ക്കണം.

കേരളത്തിലെ 20 സീറ്റില്‍ ഒന്നിലും ബിജെപിക്കു ജയിക്കാനുള്ള സാധ്യത ഇനിയും തെളിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ മണ്ഡലങ്ങളിലും രണ്ടു മുന്നണികളും നേരിട്ട് ഏറ്റുമുട്ടുന്നുവെന്നതുതന്നെയാണ് തിരഞ്ഞെടുപ്പു ചിത്രം. കേരളത്തിലെ 20 എംപിമാരും ഡല്‍ഹിയിലെത്തിയാല്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാകുമെന്ന കാര്യം തീര്‍ച്ച.

ഈ വസ്തുത മറന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അക്രമണമഴിച്ചുവിട്ടത്. രാഷ്ട്രീയം മറന്നുകൊണ്ടുള്ള പ്രസ്താവനയായിപ്പോയി അത്. ഒന്നും രണ്ടും യുപിഎ ഭരണകാലത്ത് മുന്നണി അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കു സമ്പൂര്‍ണ പിന്തുണ ഒരുക്കിയത് സിപിഎമ്മും ഇടതുപക്ഷവുമായിരുന്നുവെന്ന കാര്യം രാഹുല്‍ ഗാന്ധി മറന്നുപോയി.


 സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത് എല്ലാ ഘട്ടത്തിലും സോണിയയ്ക്കു പിന്തുണയുമായി എത്തിയിരുന്നു. ഒരു കരടുമില്ലാത്ത പിന്തുണയായിരുന്നു അത്. ഒരു ചരടുമില്ലാത്ത പിന്തുണ.


കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മുമാണ് പ്രധാന രാഷ്ട്രീയ ശക്തികള്‍ എന്ന കാര്യവും രാഹുല്‍ ഗാന്ധി മറന്നുപോകുന്നു. ഈ മുന്നണി രാഷ്ട്രീയം തന്നെയാണു കേരളത്തിന്‍റെ ശക്തി. ബിജെപിക്ക് ഇങ്ങോട്ടു കടന്നു വരാന്‍ കഴിയാത്തതും അതുകൊണ്ടുതന്നെ.

കേരളത്തിന്‍റെ രാഷ്ട്രീയവും ആ രാഷ്ട്രീയത്തിന്‍റെ പ്രത്യേകതകളും അറിയാതെ സ്വന്തം മുന്നണിയിലെ നേതാവിനെതിരെ പ്രസംഗിക്കുന്നത് രാഷ്ട്രീയമായി ഒട്ടും ശരിയല്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവുതന്നെയാണു പിണറായി വിജയന്‍. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളില്‍ പ്രമുഖനായ മുഖ്യമന്ത്രിയുമാണ് അദ്ദേഹം.

എന്താണ് പിണറായിയെ കേന്ദ്ര സര്‍ക്കാര്‍ ജയിലിലിടാത്തതെന്നു ചോദിക്കുന്ന രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ എവിടെയാണു ചുവടുറപ്പിക്കുന്നത് ? മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും കേസ് നിലവിലുണ്ടോ എന്നെങ്കിലും അദ്ദേഹം പരിശോധിച്ചോ ? എന്ത് ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ നിലനില്‍ക്കുന്നത് ? ഇന്ത്യയെപ്പോലെ വലിയൊരു ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി പിണറായി വിജയനെപ്പോലെ സ്വന്തം മുന്നണിക്കു പിന്തുണ നല്‍കുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് ഇങ്ങനെയൊക്കെയുള്ള ആക്ഷേപം ഉന്നയിക്കാമോ ?  

Advertisment