Advertisment

സമ്പത്തും അധികാരവും നല്‍കുന്ന മനോവിഭ്രാന്തിയില്‍ മതിമറന്നുള്ള 'ആറാട്ടം';  പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ വിവാദം വിരല്‍ ചൂണ്ടുന്നത് ജെ.ഡി.എസ് രാഷ്ട്രീയത്തിലെ കടുത്ത ജീര്‍ണതയിലേക്ക് തന്നെ ! രാഷ്ട്രീയം സാമ്പത്തിക നേട്ടമുണ്ടാക്കാനും എന്ത്‌ വൃത്തികേടുകളും കാട്ടിക്കൂട്ടാനുമുള്ള മാര്‍ഗമായി മാറ്റിയത് തന്നെ ഇതിന് കാരണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

സ്ത്രീകള്‍ക്ക് സമൂഹം നല്‍കേണ്ട സ്ഥാനത്തെപ്പറ്റിയും ബഹുമാനത്തെപ്പറ്റിയുമൊന്നും ഇക്കൂട്ടര്‍ക്ക് ഒരു ബോധവുമില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

New Update
prajwal revanna1

ലോക്സഭാംഗമായ പ്രജ്വല്‍ രേവണ്ണയുടേതായി പുറത്തുവന്നിരിക്കുന്നത് 3000 -ലേറെ അശ്ലീല വീഡിയോകള്‍. ഇവയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 200 -ലേറെ സ്ത്രീകള്‍. കര്‍ണാടകത്തിലെ ജനതാദള്‍ (എസ്) നേതാവും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിന്‍റെ വീഡിയോകള്‍ കര്‍ണാടകയെ മാത്രമല്ല, ഇന്ത്യയെത്തന്നെ ഞെട്ടിച്ചിരിക്കുന്നു.

Advertisment

പ്രജ്വലിന്‍റെ പിതാവും ദേവഗൗഡയുടെ മകനുമായ എച്ച്.ഡി രേവണ്ണയെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തതോടെ കര്‍ണാടക രാഷ്ട്രീയം തന്നെ കലങ്ങി മറിഞ്ഞിരിക്കുകയാണ്. പ്രജ്വല്‍ ബലാല്‍സംഗം ചെയ്ത ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചതിനാണ് രേവണ്ണയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീയായിരുന്നു അത്. ഇവരെയും പ്രജ്വല്‍ ബലാല്‍സംഗം ചെയ്തിരുന്നുവത്രെ. പക്ഷേ അവര്‍ പോലീസില്‍ പരാതിപ്പെട്ടു.

പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാവണം പിതാവു രേവണ്ണ ഇവരെ തട്ടിക്കൊണ്ടു പോയത്. ഒരു ഒളികേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. പരാതി കിട്ടിക്കഴിഞ്ഞാല്‍ പോലീസിന് ഇതൊന്നും അന്വേഷിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. മുന്‍ കര്‍ണാടക മന്ത്രിയും നിയമസഭാംഗവുമായ എച്ച്.ഡി രേവണ്ണയെ പിതാവ് ദേവഗൗഡയുടെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

കര്‍ണാടകയിലെ ഹസന്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമായ പ്രജ്വല്‍ രേവണ്ണ ഈ തെരഞ്ഞെടുപ്പിലും അവിടെ സ്ഥാനാര്‍ത്ഥിയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പെടുന്ന മണ്ഡലമായിരുന്നു ഹസന്‍. വീഡിയോകള്‍ പുറത്തായ വിവരം പരസ്യമായതോടെ അന്നു രാത്രിതന്നെ പ്രജ്വല്‍ വിദേശത്തേയ്ക്കു കടന്നു. 


പോലീസ് സിബിഐ വഴി വിവരം അറിയിച്ചതിനെേ തുടര്‍ന്ന് ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. നാട്ടിലേയ്ക്കു മടങ്ങി പോലീസിനു കീഴടങ്ങുകയല്ലാതെ പ്രജ്വലിനു മുമ്പില്‍ വേറെ വഴിയില്ലെന്നു വന്നിരിക്കുന്നു.


അറസ്റ്റിലായ രേവണ്ണയെ കോടതി നാലു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രേവണ്ണയ്ക്കെതിരെയും സ്ത്രീകളുടെ പരാതികള്‍ പോലീസിനു കിട്ടിയിട്ടുണ്ട്.

1996 ജൂണ്‍ ഒന്നാം തീയതി മുതല്‍ 1997 ഏപ്രില്‍ 21 -ാം തീയതി വരെ ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന എച്ച്.ഡി ദേവഗൗഡ കര്‍ണാടകയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് ആദ്യം കോണ്‍ഗ്രസിലൂടെയും പിന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ തലപ്പത്തെത്തിയ നേതാവാണ്. രാഷ്ട്രീയത്തില്‍ വേരുറപ്പിച്ച ദേവഗൗഡ സ്വന്തം താല്‍പര്യമനുസരിച്ച് പാര്‍ട്ടി പിളര്‍ന്നും മുന്നണികള്‍ മാറിയും  ഭരണത്തില്‍ കടിച്ചു തൂങ്ങി. ജനതാദള്‍ സെക്യുലര്‍ എന്നാണു പാര്‍ട്ടിയുടെ പേര് എങ്കിലും കര്‍ണാടകയിലെ സാഹചര്യങ്ങള്‍ എതിരായപ്പോള്‍ ഹിന്ദുത്വ വാദത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ബിജെപിയുമായി ചേരാനും മടികാണിച്ചില്ല.

ഇപ്പോള്‍ ഹസനില്‍ സ്ഥാനാര്‍ത്ഥിയും ബലാല്‍സംഗ കേസില്‍ പ്രതിയുമായ പ്രജ്വല്‍ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ അംഗമാണ്. പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രജ്വലിനെ ചേര്‍ത്തു നിര്‍ത്തി പ്രസംഗിക്കുകയും ചെയ്തു. പ്രജ്വലിന്‍റെ വീഡിയോകള്‍ പ്രചരിച്ചതിനു ശേഷമായിരുന്നു ഈ യോഗം. പ്രജ്വലിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു. ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നതുമാണ്.


ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ തീര്‍ച്ചയായും ഇക്കാര്യം നേരത്തേ അറിഞ്ഞിരിക്കണം. അവര്‍ പ്രധാനമന്ത്രിയെ വിവരം അറിയിച്ചിട്ടുമുണ്ടാകും. എന്നിട്ടും പ്രധാനമന്ത്രി അറ്റനെയൊരു വ്യക്തിയോടൊപ്പം പ്രചാരണ യോഗത്തില്‍ പങ്കെടുത്തു എന്നത് വലിയൊരു ചോദ്യം തന്നെയാണ്.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ തകര്‍ത്ത് അധികാരത്തിലെത്തുകയായിരുന്നു. അഞ്ചു വര്‍ഷത്തെ ബിജെപി ഭരണമാണ് കോണ്‍ഗ്രസ് പൊളിച്ചടുക്കിയത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും കര്‍ണാടക ഭരിക്കുമ്പോള്‍ ലോക്സഭയിലേയ്ക്ക് പരമാവധി സീറ്റ് കിട്ടേണ്ടത് ബിജെപിയുടെ ആവശ്യമാണ്. തെലങ്കാനയും കോണ്‍ഗ്രസ് ഭരണത്തിലാണ്. ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ചു നിര്‍ത്താന്‍ പോലും ഇടമില്ലാത്ത സ്ഥിതിയിലാണ് ബിജെപി ഇപ്പോള്‍.

കര്‍ണാടകയില്‍ ഇനി ഒരു റൗണ്ട് വോട്ടെടുപ്പു കൂടിയുള്ളപ്പോഴാണ് പ്രജ്വലിന്‍റെയും പിതാവിന്‍റെയും പേരില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജെഡിഎസ് രാഷ്ട്രീയത്തിലെ കടുത്ത ജീര്‍ണതയിലേയ്ക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയം കളിക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കാനും ഏതു വൃത്തികേടുകളും കാട്ടിക്കൂട്ടാനുമുള്ള മാര്‍ഗമായി മാറ്റിയതാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം.

നാരീശക്തി എന്നും മറ്റും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന ദേശീയ ഭരണ കര്‍ത്താക്കള്‍ ഈ സംഭവത്തെപ്പറ്റി ഇനിയും ഒന്നും പറഞ്ഞിട്ടില്ല. സാക്ഷി മല്ലിക്കിനെപ്പോലെയുള്ള രാജ്യത്തിന്‍റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെപ്പറ്റി പരാതിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. പീഡിപ്പിച്ചുവെന്ന് അവര്‍ പരാതിപ്പെട്ട ആളിന്‍റെ മകന് ലോക്സഭാ സീറ്റ് നല്‍കുകയും ചെയ്തു.

ജെഡിഎസ് എത്രയോ കാലമായി ഒരു കുടുംബത്തിന്‍റെ കുത്തകയാണ്. മുത്തച്ഛന്‍ എച്ച്.ഡി ദേവഗൗഡ 91 -ാം വയസിലും ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു. ഭരണം നേടിക്കൊടുത്ത അനന്തമായ സമൃദ്ധിയില്‍ ജനിച്ചു വളരുന്ന പുതു തലമുറയ്ക്ക് രാഷ്ട്രീയത്തിന്‍റെ മൂല്യങ്ങളെപ്പറ്റി ഒന്നുമറിയില്ലെന്നായിരിക്കുന്നു. സ്ത്രീകള്‍ക്ക് സമൂഹം നല്‍കേണ്ട സ്ഥാനത്തെപ്പറ്റിയും ബഹുമാനത്തെപ്പറ്റിയുമൊന്നും ഇക്കൂട്ടര്‍ക്ക് ഒരു ബോധവുമില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

33 വയസ് മാത്രമുള്ള പ്രജ്വല്‍ കുറേ കാലമായി ഇത്തരം ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും വേണം ഇത്രയധികം വീഡിയോകളില്‍ നിന്നും മനസിലാക്കാന്‍. അധിക സമ്പത്തും അധികാരവും നല്‍കുന്ന മനോവിഭ്രാന്തിയില്‍ മതിമറന്ന് ആറാടുകയായിരുന്നു ഇയാള്‍. പ്രതികള്‍ക്കും അതിന് ഒത്താശ ചെയ്തുകൊടുത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അവിടെ കോണ്‍ഗ്രസ് സര്‍ക്കാരാണു ഭരിക്കുന്നതെന്നത് പീഡിപ്പിക്കപ്പെട്ട കര്‍ണാടക സ്ത്രീകളുടെ ഭാഗ്യം.

 

 

Advertisment