Advertisment

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; അങ്ങനെ മാസപ്പടി വിവാദത്തിന് തല്‍ക്കാലം അവധി ! കോടതി പറഞ്ഞ 'മറ്റു പല വ്യക്തികള്‍' ആരാണെന്നും ഊഹിക്കാവുന്നതേയുള്ളൂ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ സിഎംആര്‍എല്‍ പണം കോടുത്ത പല വ്യക്തികളെക്കുറിച്ചും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അവരേക്കുറിച്ചൊന്നും പരാതിയില്ലാത്തതെന്തെന്നും കോടതി ചോദിച്ചു

New Update
veenaeca

മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാ വിജയനെയും കുറെ കാലമായി വേട്ടയാടിക്കൊണ്ടിരുന്ന മാസപ്പടി വിവാദത്തിന് തല്‍ക്കാലം അവധി. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ അഡ്വ. മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി പ്രത്യേക വിജിലന്‍സ് കോടതി തള്ളി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ പരാതികളും രേഖകളും പരിശോധിച്ചിട്ടും അഴിമതിയുടെ ഒരു തുണ്ടു കടലാസ് പോലും കണ്ടെത്താനായില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Advertisment

കൊച്ചി സ്വദേശി ശശിധരന്‍ കര്‍ത്തായുടെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് ധാതു മണല്‍ ശേഖരിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെന്നും അതിനു പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ ബാംഗ്ലൂരിലെ ഐടി സ്ഥാപനമായ എക്സാ ലോജിക്കിനും 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു പരാതി.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് സും (ഐആര്‍ഇ) സംസ്ഥാന സ്ഥാപനമായ കേരളാ മെറ്റല്‍സ് ആന്‍റ് മിനറല്‍സും (കെഎംഎംഎല്‍) ആണ് സിഎംആര്‍എല്ലിനു ധാതു മണല്‍ നല്‍കിയതെന്നും പൊതുവിപണിയിലെ വില തന്നെയാണ് ഈടാക്കിയതെന്നും കോടതി എടുത്തു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെട്ട മാത്യു കുഴല്‍നാടന്‍റെ അഴിമതിയാരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രത്യേക വിജിലന്‍സ് കോടതി വിലയിരുത്തി.

ശശിധരന്‍ കര്‍ത്തായുടെ സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആദായ നികുതി വകുപ്പുദ്യോദസ്ഥര്‍ നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയായി ഇന്‍കം ടാക്സ് സെറ്റില്‍മെന്‍റ് ബോര്‍ഡ് മുമ്പാകെ ഹാജരായ ഒരു സിഎംആര്‍എല്‍ ഉദ്യോഗസ്ഥനാണ് വീണയുടെ സ്ഥാപനത്തിന് സേവനമൊന്നും നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നറിയിച്ചത്.


രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലാണ് ഇപ്പറഞ്ഞ ഇടപാടു നടന്നത്. സിഎംആര്‍എല്‍ എന്ന സ്ഥാപനവും വീണയുടെ എക്സാലോജിക് എന്ന ഐടി കമ്പനിയും. സിഎംആര്‍എല്ലിന് ചില സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചാണ് കരാര്‍.


 കരാര്‍ പ്രകാരമുള്ള തുക എക്സാലോജിക് കമ്പനി രേഖാമൂലം വാങ്ങിയിട്ടുണ്ട്. വാങ്ങിയ തുകയ്ക്ക് കൃത്യമായി നികുതിയടച്ചിടച്ചിട്ടുമുണ്ട്. കരാര്‍ സംബന്ധിച്ച് ഈ രണ്ടു സ്ഥാപനങ്ങളും ഒരു പരാതിയും പരസ്പരം ഉന്നയിച്ചിട്ടുമില്ല.

2018 -ലെ പ്രളയകാലത്ത് കുട്ടനാടിനെ രക്ഷിക്കാന്‍ എന്നു പറഞ്ഞ് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ധാതുമണല്‍ നീക്കി കുറഞ്ഞ വിലയ്ക്ക് സിഎംആര്‍എല്ലിനു നല്‍കിയെന്നായിരുന്നു മാത്യു കുഴല്‍നാടന്‍റെ ഒരു പരാതി. കര്‍ത്തയുടെ കൈവശമുള്ള ഭൂമിയുടെ സീലിങ്ങ് അധികാരത്തില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയെന്നും പരാതിയിലുണ്ടായിരുന്നു. പക്ഷെ ഇതിലൊന്നും വഴിവിട്ട എന്തെങ്കിലും നടപടിക്ക് മുഖ്യമന്ത്രി ശ്രമിച്ചതായി ഒരു തെളിവുമില്ലെന്നാണ് കോടതി വിശദീകരിച്ചത്.

അപേക്ഷ പരിശോധിക്കാന്‍ മുഖ്യമന്ത്രി അത് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ചു കൊടുത്തു. ലാന്‍റ് ബോര്‍ഡ് ആ അപേക്ഷ തള്ളിയതായും കോടതി എടുത്തു പറഞ്ഞു. മുമ്പിലെത്തിയ ഒരു അപേക്ഷ വിശദമായ പരിശോധനയ്ക്കും തീരുമാനത്തിനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പിക്കുന്നതും തെറ്റല്ലെന്നും ഇതില്‍ ഒരു അഴിമതിയുമില്ലെന്നും കോടതി വിലയിരുത്തി.

ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡില്‍ സിഎംആര്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയത്. "മാസപ്പടി വിവാദം" എന്ന പേരില്‍ മാധ്യമങ്ങള്‍ അതേറ്റുപിടിച്ചു.

നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത്. പക്ഷെ മുഖ്യമന്ത്രി വളരെ ശക്തിയായി ആരോപണങ്ങളെയെല്ലാം നേരിട്ടു. പലപ്പോഴും കുഴല്‍നാടനു നേരേ മുഖ്യമന്ത്രി രോഷത്തോടെ ആക്രമണം നടത്തി.

സാധാരണ സഭയില്‍ മന്ത്രിമാരുടെയോ അംഗങ്ങളുടെയോ മക്കളെയോ ബന്ധുക്കളെയോ ആരും മോശമായി പരമാര്‍ശിക്കാറില്ല. ഇവിടെ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണയെയും രൂക്ഷമായി ആക്രമിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയെ വല്ലാതെ വേദനിപ്പിച്ചു. കുഴല്‍നാടനോട് വളരെ ക്ഷുഭിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. 

ഇതിനു പകരം ചോദിക്കാന്‍ കൂടിയാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണം തേടി പ്രത്യേക വിജിലന്‍സ് കോടതിയിലെത്തിയത്.

പല ഘട്ടങ്ങളിലും കോടതി രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഓരോ സമയത്ത് ഓരോരോ രേഖ പരാതിക്കാരന്‍ ഹാജരാക്കിയെങ്കിലും ഈ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെന്നു കാണിക്കുന്ന തെളിവുകളൊന്നും അവയില്‍ ഇല്ലെന്നാണ് കോടതി വിശദീകരിക്കുന്നത്. "അഴിമതിയുടെ ഒരു തുണ്ടുകടലാസുപോലും കണ്ടെത്താനായില്ല" എന്ന് കോടതി പറഞ്ഞത് കുഴല്‍നാടനു വലിയ തിരിച്ചടിയായി. നിയമസഭാംഗമായ മാത്യു കുഴല്‍നാടന്‍ ഡല്‍ഹിയില്‍ അഭിഭാഷകന്‍ കൂടിയാണ്.

ഭരണത്തില്‍ ഓരോ വിഷയവും സൂക്ഷ്മമായി പഠിച്ച് ബന്ധപ്പെട്ടവരുമായി വേണ്ടത്ര ചര്‍ച്ച നടത്തി കൃത്യമായി ഭരണ നിര്‍വഹണം നടത്തുന്ന ഭരണകര്‍ത്താവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 1996 - 98 കാലത്ത് വിദ്യുഛക്തി മന്ത്രിയായിരുന്ന പിണറായിയുടെ ഭരണ വൈദഗ്ദ്ധ്യം കേരളം കണ്ടതാണ്. തികഞ്ഞ ശുഷ്കാന്തിയോടെ അയവില്ലാത്ത കാര്‍ക്കശ്യത്തോടെ, അതിലേറെ കടുത്ത സുക്ഷ്മതയോടെ അദ്ദേഹം പ്രശ്നങ്ങള്‍ ഓരോന്നായി പരിഹരിച്ചു. ഏറെ കാലമായി കേരളത്തിന്‍റെ ശാപമായിരുന്ന പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാതാക്കി കേരളത്തെ വിളിച്ചത്തിലേയ്ക്കു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ആ ശുഷ്കാന്തി മൂലമാണ്.

ഭരണപക്ഷത്തിനെതിരെ ആരോപണം കൊണ്ടുവരിക പ്രതിപക്ഷത്തിന്‍റെ കടമ തന്നെയാണ്. നിയമസഭയിലും മൈതാന പ്രസംഗത്തിലും ആരോപണങ്ങള്‍ ഉന്നയിക്കുന്നതുപോലെയല്ല, കോടതിയില്‍ കേസ് വാദിക്കുന്നത്. അവിടെ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവു വേണം. ഇതു മാത്യു കുഴല്‍നാടന്‍ എന്ന അഭിഭാഷകന് അറിയാന്‍ വയ്യാത്തതല്ല.

ആദായ നികുതി സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ സിഎംആര്‍എല്‍ പണം കോടുത്ത പല വ്യക്തികളെക്കുറിച്ചും പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അവരേക്കുറിച്ചൊന്നും കുഴല്‍നാടനു പരാതിയില്ലാത്തതെന്തെന്നും കോടതി ചോദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നു തെളിയിക്കാന്‍ കോടതിക്ക് മറ്റൊരു തെളിവും വേണ്ടിയിരുന്നില്ല.

കോടതി പറഞ്ഞ "മറ്റു പല വ്യക്തികളും" ആരാണ് ? അത് ഊഹിക്കാവുന്നതേയുള്ളു.

Advertisment