Advertisment

കെജ്‌രിവാളിന് കിട്ടിയ ജാമ്യം ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി തന്നെ; ഇന്ത്യാ മുന്നണിക്ക് ഇത് പകരുന്ന ഊര്‍ജ്ജം ചെറുതല്ല, അതും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ! ഡല്‍ഹി മുഖ്യമന്ത്രിക്ക് ലഭിച്ച ജാമ്യത്തിന് മാനങ്ങളേറെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

നാനൂറു സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിനിറങ്ങിയ ബിജെപി ഇപ്പോള്‍ അത് പറയുന്നതേയില്ല. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം പ്രസക്തമാകുന്നത്

New Update
arvind kejriwal2

ല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തതിനേ തുടര്‍ന്ന് തിഹാര്‍ ജെയിലിലായിരുന്ന ‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു കിട്ടിയ ജാമ്യം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ജൂണ്‍ ഒന്നു വരെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത് ഉപാധികളോടെയാണെന്നു മാത്രം.

Advertisment

ഡല്‍ഹി മദ്യനയക്കേസിന്‍റെ പേരില്‍ മാര്‍ച്ച് 21 -ാം തീയതിയാണ് അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇതേ വിഷയത്തില്‍ നേരത്തേ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ഒരു വര്‍ഷത്തോളമായി ജയിലിലാണ്.

‍ഡല്‍ഹിയില്‍ ആകെയുള്ള ഏഴു ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള പ്രചാരണം ഏറ്റവും ശക്തമായിരിക്കെ, ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് ആക്കംകൂട്ടാന്‍ പോരുന്നതാണ് കെജ്‌രിവാളിന്‍റെ ജാമ്യം. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ചുമതലയൊന്നും നടത്തിക്കൂടാ എന്ന വ്യവസ്ഥയോടെയാണ് കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ചാണ് ആദ്യം ആം ആദ്മി പാര്‍ട്ടി ജയിച്ച് അധികാരത്തിലെത്തിയത്. രണ്ടു തവണ തുടര്‍ച്ചയായി രാജ്യം ഭരിക്കുകയാണെങ്കിലും ബിജെപിക്ക് ഡല്‍ഹിയില്‍  രാഷ്ട്രീയമായി ഒരു വേരോട്ടവുമില്ല. അതുകൊണ്ടുതന്നെ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ഡല്‍ഹി സര്‍ക്കാരും തമ്മില്‍ സ്ഥിരമായി ഉരസിക്കൊണ്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പല നീക്കങ്ങള്‍ക്കും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഉടക്കുവെയ്ക്കുന്നതും പതിവായി.

ഡല്‍ഹിയില്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ പുരോഗതി കൊണ്ടുവരാന്‍ കെജ്‌രിവാളിനു കഴിഞ്ഞു. സ്ത്രീകള്‍ക്കു സൗജന്യ ബസ് യാത്രയുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെയും ജനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. സ്വന്തം ചെയ്തികളിലൂടെയും ജനപ്രിയ സര്‍ക്കാരായി മാറുകയായിരുന്നു ആം ആദ്മി പാര്‍ട്ടി ഗവണ്‍മെന്‍റ്.

ഐഐടി ബിരുദധാരിയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ രണ്ടാം യുപിഎ ഭരണകാലത്ത് അണ്ണാ ഹസാരെ നേതൃത്വം നല്‍കിയ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേയ്ക്കു കടന്നു വന്നത്. അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചു. ചിഹ്നമായി മുറ്റമടിക്കുന്ന ചൂല്‍ തന്നെ തെരഞ്ഞെടുത്തു. നേതാക്കളും പ്രവര്‍ത്തകരുമെല്ലാം പഴയ ഗാന്ധി തൊപ്പി ധരിക്കണമെന്നും നിഷ്കര്‍ഷിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാംകൊണ്ടും പുതിയ ചിന്തകളും പുതിയ കാഴ്ചപ്പാടും പുതിയ വികസന - ഭരണ പരിഷ്കാരങ്ങളും കൊണ്ടുവന്ന അരവിന്ദ് കെജ്‌രിവാള്‍ അതിവേഗം ഡല്‍ഹി മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് കെജ്‌രിവാള്‍ ഡല്‍ഹി ഭരണം പിടിച്ചെടുത്തത്.

അതിസൂക്ഷ്മവും കൃത്യവുമായ തീരുമാനങ്ങളിലൂടെ ജനങ്ങളുടെ നികുതിഭാരം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ നേട്ടം. അതു കാരണം ബിജെപി നേതൃത്വത്തിന് കെജ്‌രിവാള്‍ കണ്ണിലെ കരടായി മാറുകയും ചെയ്തു.

ഡല്‍ഹിയില്‍ നേടിയ ജനപ്രീതിയുടെ ബലത്തില്‍ കഴിഞ്ഞ പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയം വരിക്കാനും ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു. ഗോവയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലും അരവിന്ദ് കെജ്‌രിവാള്‍ കടന്നു കയറി. ഗുജറാത്തില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ കെജ്‌രിവാളിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ധാരാളം ആളുകള്‍ എത്തിച്ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു.


പഞ്ചാബിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പാര്‍ട്ടി ജയിച്ചതെന്നും ഓര്‍ക്കണം. അതുകൊണ്ടുതന്നെ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഒരു ഐക്യമുന്നണിയുണ്ടാക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുമ്പോഴും ആം ആദ്മി പാര്‍ട്ടിയുമായി അടുക്കാന്‍ കോണ്‍ഗ്രസിനു ബുദ്ധിമുട്ടുണ്ടായിരുന്നു. ഡല്‍ഹി മദ്യനയ വിവാദം ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആയിരുന്നുവെന്നതും പ്രധാനമാണ്.


പക്ഷെ ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ടുവന്നത് ബിജെപി വിരുദ്ധ ചേരിയുടെ ശക്തി വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യാ മുന്നണി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തുവെന്നതിന് രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.

ഇന്ത്യയൊട്ടാകെ ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടം ഘട്ടമായി പുരോഗമിക്കുമ്പോള്‍ത്തന്നെ അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി നല്‍കിയ ജാമ്യത്തിന്, അതു താല്‍ക്കാലികമാണെങ്കില്‍കൂടി, ഏറെ മാനങ്ങളുണ്ട്. തെരഞ്ഞെടുപ്പ് മൂന്നു ഘട്ടം പിന്നിട്ടിട്ടും ഒരു മോദി തരംഗം എങ്ങും കാണാന്‍ കഴിയാത്തത് ബിജെപി നേതൃത്വത്തെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബിജെപി പ്രചാരണം മുഴുവന്‍ നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായിട്ടു പോലും. വോട്ടെടുപ്പു പൂര്‍ത്തിയാക്കിയ കേന്ദ്രങ്ങളിലൊക്കെയും പോളിങ്ങ് ശതമാനം കുറയുകയും ചെയ്തിരിക്കുന്നു.

നാനൂറു സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിനിറങ്ങിയ ബിജെപി ഇപ്പോള്‍ അത് പറയുന്നതേയില്ല. മോദിയുടെ സര്‍വാധിപത്യത്തിനെതിരെ ബിജെപിക്കുള്ളിലും എതിര്‍പ്പുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം പ്രസക്തമാകുന്നത്. ഇത് ഇന്ത്യാ മുന്നണിക്കും പ്രതിപക്ഷ ഐക്യത്തിനും നല്‍കുന്ന ഊര്‍ജം ചെറുതല്ല. അതും രാജ്യം തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍.

Advertisment