Advertisment

കെജ്‌രിവാളിന്റെ ആ ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ നടുക്കി; മോദി-ഷാ കൂട്ടുക്കെട്ടിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ ! ചൂടന്‍ ചോദ്യങ്ങളുമായി കളം നിറയുന്ന കെജ്‌രിവാള്‍-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഇന്ത്യയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണു താനെന്നു തെളിയിക്കുകയാണ് കെജ്‌രിവാള്‍. തല്‍ക്കാലത്തേക്കാണെങ്കിലും സുപ്രീം കോടതി നല്‍കിയ ജാമ്യം അദ്ദേഹത്തിന് പുതിയ അലങ്കാരമായിരിക്കുന്നു.

New Update
arvind kejriwal1

ല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയതോടെ രംഗമാകെ കൊഴുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ തുരുതുരെ ചോദ്യങ്ങളുന്നയിച്ചു മുന്നേറുകയാണ് കെജ്‌രിവാള്‍. അതും ചുട്ടുപൊള്ളിക്കുന്ന ചോദ്യങ്ങള്‍. ടെലിവിഷന്‍ ചാനലുകളും പത്രങ്ങളുമൊക്കെ കെജ്‌രിവാളിനു പിന്നാലേ കൂടിയിരിക്കുന്നു. ഇന്ത്യന്‍ തെരഞ്ഞെടുപ്പു പ്രചാരണം ഇതുവരെ നരേന്ദ്ര മോദിയെ ചുറ്റിയായിരുന്നുവെങ്കില്‍ ഇനിയിപ്പോള്‍ അജണ്ട നിശ്ചയിക്കുന്നത് അരവിന്ദ് കെജ്‌രിവാള്‍ ആണെന്നു വന്നിരിക്കുന്നു.

Advertisment

തെരഞ്ഞെടുപ്പു പ്രചാരണം അങ്ങനെയാണ്. ജനങ്ങളുടെ ശ്രദ്ധയെ പിടിച്ചിരുത്തും വിധം സംസാരിക്കണം. പുതിയ കാര്യങ്ങള്‍ കൊണ്ടുവരണം. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കണം. തെരഞ്ഞെടുപ്പിന്‍റെ മൊത്തം അജണ്ടയും നിശ്ചയിക്കുന്ന നേതാവാകണം. ഒറ്റ ദിവസം കൊണ്ട് കെജ്‌രിവാള്‍ ആ ഉയരത്തിലെത്തിക്കഴിഞ്ഞു. മോദിക്കും അമിത് ഷായ്ക്കുമെല്ലാം അപ്പുറത്തേയ്ക്ക്. എന്തിന്, രാഹുല്‍ ഗാന്ധിക്കും മേലേ.


മോദി ഇപ്പോള്‍ പ്രചാരണം നടത്തുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനല്ലേ എന്ന ചോദ്യം ബിജെപി നേതൃത്വത്തെ ആകെ നടുക്കിക്കളഞ്ഞു. ഈ വര്‍ഷം 75 വയസ് തികയുന്ന നരേന്ദ്ര മോദി പ്രധാന മന്ത്രിസ്ഥാനം ഒഴിയുകയും ആ സ്ഥാനം അമിത് ഷായെ ഏല്‍പ്പിക്കുകയും ചെയ്യുമെന്നാണ് കെജ്‌രിവാള്‍ പറഞ്ഞുവെച്ചത്.


ഇന്ത്യാ മുന്നണി ജയിച്ചാല്‍ ആരാവും പ്രധാനമന്ത്രി എന്നു പ്രതിപക്ഷത്തോടു ചോദിച്ച നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടുമാണ് 75 വയസിന്റെന്‍റെ ചോദ്യം കെജ്‌രിവാള്‍ തിരിച്ചു ചോദിക്കുന്നത്. 75 വയസായി എന്നു പറഞ്ഞാണ് എല്‍കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയുമെല്ലാം രാഷ്ട്രീയ ജീവിതം നശിപ്പിച്ചതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. 

"മദ്ധ്യപ്രദേശില്‍ ബിജെപി ജയിച്ചിട്ടും അതിനു നേതൃത്വം നല്‍കിയ ശിവരാജ് സിങ്ങ് ചൗഹാനെ ചവുട്ടി പുറത്താക്കി. തെരഞ്ഞെടുപ്പു ജയിച്ചാല്‍ രണ്ടു മാസത്തിനുള്ളില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യ നാഥിന്‍റെ സ്ഥാനവും തെറിക്കും," - കെജ്‌രിവാള്‍ കത്തിക്കയറി. മോദി - ഷാ കൂട്ടുകെട്ടിന്‍റെ ഉറക്കം കെടുത്തുന്ന വാക്കുകള്‍.

ഇതെല്ലാം ബിജെപി നേതൃത്വത്തിനുള്ളില്‍ അങ്കലാപ്പുണ്ടാക്കാന്‍ പോരുന്നതാണ്. ശിവരാജ് സിങ്ങ് ചൗഹാന്‍, നിഥിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ് എന്നിങ്ങനെ പ്രമുഖരായ ബിജെപി നേതാക്കളെയൊക്കെയും കുറെ കാലമായി അകറ്റി നിര്‍ത്തിയിരിക്കുകയാണ് മോദി. ദേശീയ തലത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും താന്‍ മാത്രം മതി എന്നാണ് മോദിയുടെ ശാഠ്യം. ബിജെപി സ്ഥാനാര്‍ഥികളുടെയൊക്കെ പോസ്റ്ററുകളില്‍ മോദിയുടെ ചിത്രം പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്.

രണ്ടാം ദിവസമായപ്പോള്‍ പത്ത ഗ്യാരണ്ടികള്‍ അവതരിപ്പിച്ച് കെജ്‌രിവാള്‍ ബിജെപി കേന്ദ്രങ്ങളെ പിന്നെയും ഞെട്ടിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പത്തു വിഷയങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്വിസ് ബാങ്കില്‍ ഇന്ത്യാക്കാര്‍ ഇട്ടിരിക്കുന്ന കള്ളപ്പണമെല്ലാം പിടിച്ചെടുത്ത് ഓരോ ഇന്ത്യാക്കാരന്‍റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം രൂപാ വീതം ഇട്ടുകൊടുക്കുമെന്നു പറഞ്ഞ മോദിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും കെജ്‌രിവാള്‍ ചോദിച്ചു.


ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടിയില്‍ പഠിച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ജോലി ചെയ്ത് രാഷ്ട്രീയത്തിലിറങ്ങി ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായ കെജ്‌രിവാള്‍ ഭരണത്തിന്‍റെ മര്‍മം തൊട്ടു പഠിച്ചയാളാണ്. അതിന്‍റെ വെളിച്ചത്തിലാണ് മോദി ഗ്യാരന്‍റിക്കു ബദലായി പത്തു കെജ്‌രിവാള്‍ ഗ്യാരന്‍റികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


രാജ്യത്ത് എല്ലാവര്‍ക്കും 24 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി ലഭ്യമാക്കുമെന്നതാണ് ഒന്നാമത്തെ ഗ്യാരന്‍റി. ഇപ്പോള്‍ 3 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് 24 മണിക്കൂറും രാജ്യത്തെങ്ങും വൈദ്യുതി ലഭ്യമാക്കാന്‍ രണ്ടു ലക്ഷം മെഗാവാട്ട് വൈദ്യുതി മതി. പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുകയും ചെയ്യും. ഈ പരിഷ്കരണങ്ങള്‍ ഡല്‍ഹിയിലും പഞ്ചാബിലും നടപ്പിലാക്കിക്കഴിഞ്ഞു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കെല്ലാം സൗജന്യ വൈദ്യുതി നല്‍കാന്‍ ഒന്നേകാല്‍ ലക്ഷം കോടി രൂപാ വേണം. അതുണ്ടാക്കാന്‍ വിഷമമില്ല - കെജ്‌രിവാള്‍ വിശദീകരിച്ചു.

രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ വികസനമാണ് രണ്ടാമത്തെ ഗ്യാരണ്ടി. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളും വികസിപ്പിക്കും. ഇതിന് അഞ്ചു ലക്ഷം കോടി രൂപാ വേണ്ടിവരും. ഡല്‍ഹിയിലും പഞ്ചാബിലും സ്കൂളുകള്‍ ഇങ്ങനെ വികസിപ്പിച്ചതായും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

മുഴുവന്‍ സര്‍ക്കാരാശുപത്രികളുടെയും നിലവാരം ഉയര്‍ത്തണമെന്നതാണ് മൂന്നാമത്തെ ഗ്യാരന്‍റി. ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തും. ഗ്രാമീണ ഡിസ്പെന്‍സറികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചൈന കൈവശപ്പെടുത്തിയിട്ടുള്ള ഇന്ത്യയുടെ സ്ഥലം മോചിപ്പിച്ചെടുക്കും, അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കും, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കും. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കും എന്നിങ്ങനെ പോകുന്നു കെജ്‌രിവാള്‍ ഗ്യാരന്‍റികള്‍.

നരേന്ദ്ര മോദിയുടെ ഗ്യാരന്‍റികള്‍ക്കു ബദലായി ജനങ്ങളുടെ അടിയന്തരാവശ്യങ്ങളിലൂന്നിയാണ് കെജ്‌രിവാള്‍ തന്‍റെ ഗ്യാരന്‍റികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ ഇതെല്ലാം തീര്‍ച്ചയായും നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. മുന്നണിക്കു വേണ്ടി മുന്നണിയുടെ പേരിലാണ് കെജ്‌രിവാള്‍ സ്വന്തം ഗ്യാരന്‍റി പ്രഖ്യാപിച്ചിരിക്കുന്നത്. മോദി ഗ്യാരന്‍റി വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു.

മോദിക്കെതിരെ പൊരുതുന്ന ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ സ്ഥാനത്തു നിന്നുകൊണ്ടാണ് അരവിന്ദ് കെജ്‌രിവാള്‍ തന്‍റെ ഗ്യാരന്‍റികള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍ നേരിട്ടു പഠിച്ച ഒരു ജന നേതാവിന്‍റെ വാക്കുകളാണത്. രണ്ടാം ദിവസമായപ്പോഴേയ്ക്ക് തെരഞ്ഞെടുപ്പു രംഗം മുഴവന്‍ നിറഞ്ഞു നില്‍ക്കുന്ന അരവിന്ദ് കെജ്‌രിവാളിനെയാണ് ഇന്ത്യ കണ്ടത്. രണ്ടു ദിവസം കൊണ്ട് പ്രസക്തിയെല്ലാം നഷ്ടപ്പെട്ടവരായി മോദി- അമിത് ഷാ കൂട്ടുകെട്ടിനെയും ഇന്ത്യ കാണുന്നു. 

കാരണങ്ങള്‍ ഏറെ. അരവിന്ദ് കെജ്‌രിവാള്‍ പഠിച്ചവനാണ്, രാഷ്ട്രീയം ഉള്ളയാളാണ്. ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും മനസിലാക്കിയവനാണ്.

ഇന്ത്യയെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണു താനെന്നു തെളിയിക്കുകയാണ് കെജ്‌രിവാള്‍. തല്‍ക്കാലത്തേക്കാണെങ്കിലും സുപ്രീം കോടതി നല്‍കിയ ജാമ്യം അദ്ദേഹത്തിന് പുതിയ അലങ്കാരമായിരിക്കുന്നു.

Advertisment