Advertisment

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചെന്ന്‌ ജോണ്‍ മുണ്ടക്കയം; ബ്രിട്ടാസ് പറഞ്ഞതാണു ശരിയെന്ന് സാക്ഷ്യപ്പെടുത്തി ചെറിയാന്‍ ഫിലിപ്പ്‌ ! തെറ്റു പറ്റിയത് എവിടെ ? വീണ്ടും ചര്‍ച്ചയാകുന്ന സോളാര്‍-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

'മലയാളം' വാരികയില്‍ മൂന്നു ലക്കമായി പ്രസിദ്ധീകരിക്കുന്ന പരമ്പരയില്‍ ഏറ്റവും പുതിയ ലക്കത്തിലാണ് വിവാദവും ഡിവൈഎഫ്ഐ സമരവും ഒത്തുതീര്‍ക്കാന്‍ ബ്രിട്ടാസ് തന്നെ വിളിച്ചു എന്നു പറയുന്നത്.

New Update
john mundakayam john brittas cheriyan philip

2011 - 16 കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സോളാര്‍ വിവാദമായിരുന്നു. സരിതാ എസ് നായരും സുഹൃത്ത് ബിജു രാധാകൃഷ്ണനും ചേര്‍ന്നുണ്ടാക്കിയ ടീം സോളാര്‍ എന്ന സ്ഥാപനം പലരെയും പറ്റിച്ച് വന്‍ തുക ഉണ്ടാക്കിയെന്ന ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വരെ നീണ്ടു. 

Advertisment

'മലയാള മനോരമ' തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന ജോണ്‍ മുണ്ടക്കയം തയ്യാറാക്കിയ 'സോളാര്‍; സത്യത്തെ മറച്ച സൂര്യഗ്രഹണം' എന്ന പരമ്പരയിലൂടെ പെട്ടെന്നാണ് വിവാദം അഴിച്ചുവിട്ടത്. സോളാര്‍ ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് 2013 ആഗസ്തില്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നടത്തിയ രാപ്പകല്‍ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കൈരളി ചാനല്‍ മാനേജിംങ്ങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് മുന്‍കൈ എടുത്തുവെന്ന പുതിയ പരാമര്‍ശമാണ് വെള്ളിയാഴ്ച വലിയ വിവാദമായി കത്തിക്കയറിയത്.

വിവാദം കത്തിപ്പടരാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ജോണ്‍ ബ്രിട്ടാസ് തിരിച്ചടിച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ അപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിക്കുകയായിരുന്നു എന്നു പറഞ്ഞ ബ്രിട്ടാസ് ഇക്കാര്യത്തിനു വേണ്ടി ജോണ്‍ മുണ്ടക്കയത്തോട് ഒരിക്കലും ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും വിശദീകകരിച്ചു.

'മലയാളം' വാരികയില്‍ മൂന്നു ലക്കമായി പ്രസിദ്ധീകരിക്കുന്ന പരമ്പരയില്‍ ഏറ്റവും പുതിയ ലക്കത്തിലാണ് വിവാദവും ഡിവൈഎഫ്ഐ സമരവും ഒത്തുതീര്‍ക്കാന്‍ ബ്രിട്ടാസ് തന്നെ വിളിച്ചു എന്നു പറയുന്നത്.


മാധ്യമങ്ങളെ കണ്ട ബ്രിട്ടാസ് വിശദീകരിച്ചത് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ വിളിച്ച് ഈ പ്രശ്നം എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നത്രെ. ആ സമയത്ത് സിപിഎം സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണിലേയ്ക്കു വിളിച്ചാണ് തിരുവഞ്ചൂര്‍ തന്നോടു സംസാരിച്ചതെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.


ഉമ്മന്‍ ചാണ്ടിയുമായും കോണ്‍ഗ്രസുമായും തെറ്റിപ്പിരിഞ്ഞ ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മിനോട് അടുത്തിരുന്ന സമയമായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ചെറിയാന്‍ ഫിലിപ്പിന് ഒരു ലാവണം ഒരുക്കിയത്. അതും കൈരളി ടിവി ചാനലില്‍. അവിടെ ജോണ്‍ ബ്രിട്ടാസുമായി വളരെ അടുത്ത് ഇടപെട്ടു ചെറിയാന്‍ ഫിലിപ്പ്. ആ സമയത്താണ് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്കെതിരെ സമരം നടത്തിയതും അത് വലിയ സംഘര്‍ഷമായതും. ഇതിന്‍റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനെ ഫോണില്‍ വിളിച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബ്രിട്ടാസുമായി സംസാരിച്ചുവെന്നു മാത്രം.

യഥാര്‍ത്ഥത്തില്‍ ഡിവൈഎഫ്ഐ തുടങ്ങിവെച്ച ഒരു വന്‍ സമരം തന്നെയായിരുന്നു അത്. ഭരണ സിരാകേന്ദ്രമായ തലസ്ഥാന നഗരിയില്‍ ജനജീവിതം അപ്പാടേ തടസപ്പെട്ടു. സമരക്കാര്‍ പലയിടത്തും പോലീസുമായി ഏറ്റുമുട്ടി. സിപിഎം സെക്രട്ടറി പിണറായി വിജയന്‍, കൊടിയേരി ബാലകൃഷ്ണന്‍  എന്നിങ്ങനെ പ്രമുഖ സിപിഎം നേതാക്കളും ഇടതുപക്ഷ നേതാക്കളുമെല്ലാം സമരത്തിനു നേതൃത്വം കൊടുത്തു.

അരലക്ഷത്തിലധികം യുവാക്കളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ തിരുവനന്തപുരത്തെത്തിയത്. തുടര്‍ച്ചയായി രാപകല്‍ വ്യത്യാസമില്ലാതെ സമരം. ഏതുതരം സമരവും ഏതു സര്‍ക്കാരിനും തലവേദനയാണ്. പ്രത്യേകിച്ച് ആഭ്യന്തര മന്ത്രിക്ക്. എവിടെയെങ്കിലും ചെറിയ വീഴ്ച പറ്റിയാല്‍പോലും കാര്യങ്ങള്‍ അപകടകരമായ രീതിയില്‍ പിടിവിട്ടുപോകുമെന്ന് സര്‍ക്കാരിനറിയാമായിരുന്നു. തിരുവഞ്ചൂരിനും.

സമരം അനിശ്ചിതമായി നീളുന്നത് സമരത്തിനും സമരക്കാര്‍ക്കും നല്ലതല്ല എന്നത് മറ്റൊരു വശം. ഏതു സമരവും തുടങ്ങുമ്പോള്‍ത്തന്നെ അത് എവിടെ കൊണ്ടെത്തിക്കണമെന്നതിനെപ്പറ്റി നേതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കും. ഇരുത്തം വന്ന നേതാക്കള്‍ക്ക് പ്രത്യേകിച്ച്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞതനുസരിച്ച് ജോണ്‍ ബ്രിട്ടാസ് അദ്ദേഹത്തെ കണ്ടു സംസാരിക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ കാണുമ്പോള്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു.

സിപിഎം നേതൃത്വത്തോട് സംസാരിച്ച ശേഷമാണ് തിരുവഞ്ചൂരിനെയും ഉമ്മന്‍ ചാണ്ടിയെയും കാണാന്‍ പോയതെന്നും ബ്രിട്ടാസ് വിശദീകരിച്ചു. സോളാര്‍ വിവാദത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണ പരിധിയില്‍ പെടുത്തുക എന്നീ വിഷയങ്ങളാണ് പ്രധാനമായും മുഖ്യമന്ത്രിയുടെ മുന്നില്‍ ഉന്നയിച്ചതെന്നും ബ്രിട്ടാസ് വിശദീകരിച്ചു.

സര്‍ക്കാരിനെതിരെ ഇങ്ങനെ രൂക്ഷമായ സമരം നടക്കുമ്പോള്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുക സ്വാഭാവികം തന്നെയാണ്. ഇവിടെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെ ഇടപെട്ടുവെന്നതില്‍ അപാകതയൊന്നുമില്ല. നാട്ടില്‍ സമാധാനം നിലനിന്നു കാണുക ഏതു സര്‍ക്കാരിനും ഏതു ഭരണാധികാരിക്കും ആവശ്യം തന്നെയാണ്.


അങ്ങേയറ്റം സത്യസന്ധതയും സംയമനവും പക്വതയുമെല്ലാമുള്ള പത്രപ്രവര്‍ത്തകന്‍ തന്നെയാണ് ജോണ്‍ മുണ്ടക്കയം. ഉമ്മന്‍ ചാണ്ടിയോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടും വ്യക്തിപരമായ അടുപ്പം പുലര്‍ത്തുന്ന ആളുമാണ് അദ്ദേഹം.


സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചു എന്നു ജോണ്‍ മുണ്ടക്കയം പറയുമ്പോള്‍ എവിടെയാണ് ശരി എന്ന ചോദ്യം ഉയരുന്നു. ഇക്കാര്യത്തില്‍ ബ്രിട്ടാസ് പറഞ്ഞതാണു ശരിയെന്ന് ചെറിയാന്‍ ഫിലിപ്പും സാക്ഷ്യപ്പെടുത്തുന്നു. ഉച്ചതിരിഞ്ഞ് പത്രസമ്മേളനം വിളിച്ചു തന്നെ ചെറിയാന്‍ ഇക്കാര്യം വിശദീകരിച്ചു. അപ്പോള്‍ എവിടെയാണു തെറ്റു പറ്റിയത് ? കാര്യം അത്ര ഗൗരവമുള്ളതല്ലെങ്കില്‍ പോലും. ഒരു ദിവസം മാധ്യമങ്ങളില്‍ തീകത്തിപ്പടര്‍ന്ന വിഷയമെന്ന നിലയ്ക്ക്.

കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ജോണ്‍ മുണ്ടക്കയം തിരുവനന്തപുരത്തില്ല. കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ വിനോദയാത്രയിലാണ് ജോണ്‍.

Advertisment