Advertisment

പുതിയ മദ്യ നയം രൂപീകരിക്കുമ്പോള്‍ സര്‍ക്കാര്‍ മനസില്‍ വെയ്ക്കേണ്ടത് ഉദാരമായ സമീപനം തന്നെ; എന്നാല്‍  ഡ്രൈ ഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമെല്ലാം ബാറുടമകള്‍ പിരിവു നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാകരുത്‌ ! പുകയുന്ന ബാര്‍ കോഴ വിവാദം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

സിപിഎമ്മിന്‍റെ വരും തലമുറ നേതാക്കളുടെ കൂട്ടത്തില്‍ മുന്തിയ സ്ഥാനമുള്ള നേതാവാണ് എംബി രാജേഷ്. ബാറുകാരുടെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങാനോ കണക്കു പറയാനോ നിന്നുകൊടുക്കുന്ന ആളല്ല രാജേഷ്

New Update
H

വീണ്ടുമൊരു ബാര്‍ കോഴ വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആഞ്ഞുവീശിയ ആദ്യത്തെ ബാര്‍ കോഴ വിവാദം ആ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുക തന്നെ ചെയ്തു. അതേ രീതിയില്‍ത്തന്നെ അനിമോന്‍ എന്ന തൊടുപുഴ സ്വദേശി ബാറുടമ ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കു വേണ്ടി പുറപ്പെടുവിച്ച ശബ്ദ സന്ദേശം ആയുധമാക്കി പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം.

Advertisment

സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ ബാറുടമകള്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കണമെങ്കില്‍ നമ്മള്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് അനിമോന്‍ ശബ്ദസന്ദേശത്തില്‍ ഇടുക്കി ജില്ലയിലെ ബാറുടമകളെ ഓര്‍മിപ്പിക്കുന്നത്. ഓരോ ബാറുടമയും രണ്ടര ലക്ഷം രൂപാ വീതം ഗ്രൂപ്പിലേയ്ക്കിടണമെന്നും നിര്‍ദേശിക്കുന്നു.

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് അനിമോന്‍. ഇടുക്കി ജില്ലാ പ്രസിഡ‍ന്‍റും. അനിമോന്‍ പറഞ്ഞതുമാതിരി മദ്യ നയത്തില്‍ മാറ്റം വരുത്തിക്കാനല്ല, തിരുവനന്തപുരത്ത് ഓഫീസിനു കെട്ടിടം വാങ്ങാനാണ് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡന്‍റ് സുനില്‍ കുമാര്‍ തിരുത്തി. തിരുവനന്തപുരം സ്വദേശിയാണ് സുനില്‍ കുമാര്‍.

ഒന്നാം തീയതി ഡ്രൈ ഡേ എന്ന രീതി മാറ്റുക, ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 12 മണി വരെയാക്കുക എന്നിങ്ങനെ ചില പരിഷ്കാരങ്ങള്‍ ജൂണ്‍ മാസം പുറത്തുവരുന്ന സര്‍ക്കാര്‍ മദ്യനയത്തില്‍ ഉണ്ടാകുമെന്നു ബാറുടമകള്‍ പ്രതീക്ഷിച്ചിരുന്നു. നയം മാറ്റം സംബന്ധിച്ച് ടൂറിസം വകുപ്പു ഡയറക്ടര്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടുകയും ചെയ്തു.

യോഗം ചേരാന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് ടൂറിസം ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ടൂറിസം വകുപ്പ് ഓണ്‍ലൈനായി ബന്ധപ്പെട്ടവരുടെയൊക്കെയും യോഗം വിളിച്ചു. തുടര്‍ന്ന് ബാറുടമകളുടെ യോഗം മെയ് 23 -ന് നടന്നു. ബാറുടമകളില്‍ നിന്നു പിരിവെടുക്കാന്‍ ഈ യോഗം തീരുമാനിച്ചു എന്നാണ് ആരോപണം. ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോന്‍ ജില്ലയിലെ ബാറുടമകള്‍ക്കു നല്‍കിയ വാട്സാപ്പ് സന്ദേശം ഈ തീരുമാനപ്രകാരമാണ്. ശബ്ദരേഖ ഒരു ബാറുടമ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുക്കുകയായിരുന്നു.


വിവാദം കത്തിപ്പടര്‍ന്നയുടനെ എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി തന്നെ രാജിവെച്ച് അന്വേഷണം നേരിടണമെന്നതാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.


 സര്‍ക്കാരിന്‍റെ മദ്യനയം മാറ്റുന്നതിലേയ്ക്ക് ബാറുടമകള്‍ രണ്ടര ലക്ഷം രൂപാവീതം പിരിവു നല്‍കണമെന്ന ആവശ്യം വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശമായി അയച്ച സംഭവം മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. സംഘടനാ തലത്തിലോ വ്യക്തികളുടെ നേതൃത്വത്തിലോ പണം സ്വരൂപിച്ചതായി തെളിവൊന്നുമില്ല. ആര്‍ക്കെങ്കിലും പണം നല്‍കിയതായി സൂചന പോലുമില്ല.

ഡ്രൈ ഡേ പോലെയുള്ള ചട്ടങ്ങള്‍ മദ്യ വിപണന രംഗത്ത് ഒട്ടും ആവശ്യമില്ലാത്ത നിയന്ത്രണമാണെന്നതാണ് മറ്റൊരു വലിയ കാര്യം. എല്ലാ മാസവും ഒന്നാം തീയതി ശമ്പള ദിവസമായതിനാല്‍ അന്നു മദ്യക്കടകളോ ബാറുകളോ തുറക്കേണ്ട എന്ന ചട്ടം ഒരര്‍ത്ഥവുമില്ലാത്തതുതന്നെയാണ്. ടൂറിസം മേഖലകളില്‍ നല്ല മദ്യശാലകള്‍ അനുവദിക്കേണ്ടതുമുണ്ട്. ഐടി പാര്‍ക്കുകള്‍ ഉള്ള സ്ഥലത്തും മികച്ച മദ്യ ഷോപ്പുകള്‍ അനുവദിക്കണം.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഡ്രൈവറില്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി   തിരുവനന്തപുരത്തെത്തിയ ആഗോള കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ സംഘം വിദ്യാലയങ്ങള്‍, വിദ്യാഭ്യാസ നിലവാരം, താമസ സൗകര്യം എന്നിങ്ങനെ ആധുനിക സൗകര്യങ്ങളെന്തൊക്കെയുണ്ട് എന്നു തിരക്കിയ കൂട്ടത്തില്‍ ഒരു പ്രധാന അന്വേഷണം നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 'നൈറ്റ് ലൈഫ്' സാധ്യതകളെക്കുറിച്ചായിരുന്നു.

വളരെയേറെ അദ്ധ്വാനിക്കേണ്ടിവരുന്ന തങ്ങളുടെ ജീവനക്കാര്‍ക്കും ഗവേഷകര്‍ക്കും ജോലി സമയത്തിനു ശേഷം ഉല്ലസിക്കാന്‍ രാത്രി ജീവിത സൗകര്യങ്ങള്‍ ഉണ്ടാകണമെന്ന് നിസാന്‍ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന മലയാളി ടോണി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ടു നടത്തിയ സംഭാഷണങ്ങളില്‍ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി ഹബ്ബ് ആയി വളര്‍ന്നു കഴിഞ്ഞ ബെംഗളൂരുവിന്റെ ഒരു നല്ല ഭാഗമായി പബ്ബ് സംസ്കാരവും വളര്‍ന്നു കഴിഞ്ഞു. ഇതുപോലെയുള്ള കാര്യങ്ങളില്‍ ഉദാരമായ സമീപനമാവണം പുതിയ മദ്യ നയം രൂപീകരിക്കുമ്പോള്‍ സര്‍ക്കാര്‍ മനസില്‍ വെയ്ക്കേണ്ടത്.


 ഡ്രൈ ഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമെല്ലാം ബാറുടമകള്‍ പിരിവു നടത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലാത്തതാണ്.


ഈ സര്‍ക്കാരിന്‍റെ ആദ്യ ഘട്ടത്തില്‍ എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന്‍ മദ്യ വ്യവസായികളെയാരെയും ഓഫീസിലോ വീട്ടിലോ കാണാന്‍ കൂട്ടാക്കിയിരുന്നില്ല. പുതിയ ബാറുകള്‍ക്കോ അതുപോലെയുള്ള ആവശ്യങ്ങള്‍ക്കോ ആര്‍ക്കും മന്ത്രിയെ നേരിട്ടു കാണേണ്ടതില്ലായിരുന്നു. ഇപ്പോഴത്തെ മന്ത്രി എംബി രാജേഷും മദ്യക്കച്ചവടക്കാരുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തുന്ന ആളല്ല. 

സിപിഎമ്മിന്‍റെ വരും തലമുറ നേതാക്കളുടെ കൂട്ടത്തില്‍ മുന്തിയ സ്ഥാനമുള്ള നേതാവാണ് എംബി രാജേഷ്. ബാറുകാരുടെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങാനോ കണക്കു പറയാനോ നിന്നുകൊടുക്കുന്ന ആളല്ല രാജേഷ്.

Advertisment