/sathyam/media/media_files/UnNFtJu45IB7UMbiUeoK.jpg)
മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാ വിജയനെയും ഉന്നംവെച്ചായിരുന്നു ഷോണ്‍ ജോര്‍ജ് ചൂടന്‍ ആരോപണം ഉന്നയിച്ചത്. അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ വീണയ്ക്ക് അക്കൗണ്ട് ഉണ്ടെന്നും എസ്.എന്‍.സി ലാവ്ലിന്‍, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്നിങ്ങനെയുള്ള പ്രമുഖ രാജ്യാന്തര സ്ഥാപനങ്ങള്‍ ഈ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു ഷോണിന്‍റെ ആരോപണം. ഷോണ്‍ കത്തിച്ചുവിട്ട ആരോപണം മണിക്കൂറുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നു.
അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ എക്സാ ലോജിക് കണ്‍സള്‍ട്ടിങ്ങ് കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് വീണയുടെ സ്ഥാപനമാണെന്നും വീണയും എം സുനീഷ് എന്നയാളുമാണ് അക്കൗണ്ട് ഉടമകളെന്നുമാണ് ബുധനാഴ്ച ഷോണ്‍ ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ബാംഗ്ലൂര്‍ കേന്ദ്രമായുള്ള എക്സാ ലോജിക് സൊല്യൂഷന്‍സ് എന്ന ഐടി കമ്പനിയാണ് വീണാ വിജയന്‍റെ സ്ഥാപനം. ഷോണ്‍ ജോര്‍ജ് പരാമര്‍ശിച്ച അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ട് എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് എന്നാണ്. എക്സാലോജിക് സൊല്യൂഷന്‍സും എക്സാലോജിക് കണ്‍സള്‍ട്ടിങ്ങും രണ്ടു വിഭിന്ന സ്ഥാപനങ്ങളാണ്.
തങ്ങളുടേത് കേരളത്തിലെ വാര്‍ത്തകളില്‍ ഉയരുന്ന ആരോപണത്തിലെ സ്ഥാപനമല്ലെന്ന് എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് അധികൃതര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് കമ്പനിയുടെ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.
2013 -ല്‍ ഷാര്‍ജയില്‍ തുടങ്ങിയ കമ്പനിയാണ് എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് എന്ന് സസൂണ്‍ സാദിഖും നവീന്‍ കുമാറും പറഞ്ഞു. ഇതിന് എക്സാലോജിക് സൊല്യൂഷന്‍സ് എന്ന വീണയുടെ സ്ഥാപനവുമായി ഒരു ബന്ധവുമില്ല. എക്സാലോജിക് കണ്‍സള്‍ട്ടിങ്ങ് എന്ന ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സ്ഥാപനത്തിന് കേരളത്തിലെ ഒരു സ്ഥാപനവുമായും ഇടപാടില്ലെന്നും അവര്‍ പറഞ്ഞു. സ്ഥാപനത്തിന് ബാംഗ്ലൂരില്‍ ഓഫീസും ബിസിനസുമുണ്ട്. യുഎഇയില്‍ മൂന്ന് ഓഫീസുകളുണ്ട്. അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ അക്കൗണ്ടുമുണ്ട്. പക്ഷെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, എസ്.എന്‍.സി ലാവ്ലിന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി തങ്ങളുടെ സ്ഥാപനത്തിന് ബന്ധമൊന്നുമില്ലെന്നും സസൂണ്‍ സാദിഖും നവീന്‍ കുമാറും വിശദീകരിച്ചു.
കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെയാണ് ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ആരോപണത്തില്‍ തരിമ്പും കാമ്പില്ലെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തവുമാണ്.
രണ്ടു മുന്നണികളിലും ഇടവും സ്ഥാനവും നഷ്ടപ്പെട്ട പിസി ജോര്‍ജ് അടുത്തകാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. ഒപ്പം മകന്‍ ഷോണ്‍ ജോര്‍ജും കൂടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് കിട്ടുമെന്ന് പിസി ജോര്‍ജ് ഏറെ പ്രതീക്ഷിച്ചുവെങ്കിലും ബിജെപി ഗൗനിച്ചില്ല. ബിജെപി നേതാക്കളോട് ആലോചിച്ച ശേഷമാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആര്‍ക്കോ എവിടെയോ ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നുവെന്നര്‍ത്ഥം. ദുബായില്‍ എവിടെനിന്നോ കിട്ടിയ വിവരം ആരെങ്കിലും ഷോണ്‍ ജോര്‍ജിനു നല്‍കുകയായിരുന്നിരിക്കണം. അദ്ദേഹത്തിന് നേരിട്ടു ഗള്‍ഫ് ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. ഷോണിന്‍റെ എറണാകുളത്തുള്ള അഭിഭാഷക സ്ഥാപനത്തില്‍ പങ്കാളിയായ ബിനീഷ് കൊടിയേരിക്ക് യുഎഇയില്‍ ദീര്‍ഘകാലത്തെ പരിചയമുണ്ട്.
എക്സാ ലോജിക് സൊല്യൂഷന്‍സും എക്സാ ലോജിക് കണ്‍സള്‍ട്ടിങ്ങും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ പോലും അറിയാത്തവരാണ് ഇതിനു പിന്നിലെന്നതാണു ശരി. രണ്ടു സ്ഥാപനങ്ങളും രണ്ടു രാജ്യങ്ങളിലുള്ളവയാണെന്ന കാര്യം പോലും ശ്രദ്ധിച്ചുമില്ല. വാര്‍ത്താ സമ്മേളനത്തില്‍ എക്സാ ലോജിക് കണ്‍സള്‍ട്ടിങ്ങ് എന്ന സ്ഥാപനത്തിന്‍റെ പേരാണ് ഷോണ്‍ ജോര്‍ജ് പറഞ്ഞത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരും ഈ വ്യത്യാസം ശ്രദ്ധിച്ചില്ല.
വളരെയധികം കൃത്യതയോടെയും സൂക്ഷ്മതയോടെയും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നേതാവാണ് പിണറായി വിജയന്‍. കെഎസ്എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ കാലം മുതല്‍ക്കേ പിണറായിയുടെ കിറു കൃത്യതയും സൂക്ഷ്മതയും കൃത്യനിഷ്ഠയുമൊക്കെ സഹപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് കേരള രാഷ്ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്ന് രണ്ടാം തവണയും മുഖ്യമന്ത്രിപദത്തിലെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ഇന്നു കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവുമാണ് പിണറായി വിജയന്‍.
പക്ഷെ പിണറായിയെ അങ്ങനെയങ്ങു വീഴ്ത്താനോ തളര്‍ത്താനോ എളുപ്പമല്ലതന്നെ. ഷോണ്‍ ജോര്‍ജിന് അതൊട്ടുമേ പറ്റില്ല എന്നതാണു സത്യം.
ഒരു ഇംഗ്ലീഷ് വാക്കിന്‍റെ സ്പെല്ലിങ്ങ് കൂട്ടിവായിക്കാന്‍ പോലുമറിയാത്തവര്‍ക്ക് പിണറായി വിജയനെ തൊടാന്‍പോലുമാകില്ല. ഇനി ബാക്കി പറയേണ്ടത് ഷോണ്‍ ജോര്‍ജ്.