/sathyam/media/media_files/KOVpG3chIS2lhxUHwVsN.jpg)
1930 മാര്‍ച്ച് 31 -ാം തീയതിയിലെ ടൈം മാസികയുടെ കവര്‍ ചിത്രം മഹാത്മാ ഗാന്ധിയായിരുന്നു. 'വിശുദ്ധ ഗാന്ധി' എന്നാണ് ടൈം ആ ചവര്‍ ചിത്രത്തിനു നല്‍കിയ പേര്.
പിന്നെ രണ്ടു തവണകൂടി ടൈം മാസിക ഗാന്ധി ചിത്രം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു. 1931 ജനുവരി അഞ്ചിനും 194 ജൂണ്‍ മൂന്നിനും. 1931 ജനുവരി അഞ്ചിന് 'മാന്‍ ഓഫ് ദ ഇയര്‍' പുരസ്കാരം സമര്‍പ്പിച്ചുകൊണ്ടാണ് ടൈം ഗാന്ധിജിയുടെ ചിത്രം കവറാക്കിയത്. 1947 ജൂണ്‍ മൂന്നിനാകട്ടെ, മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന പേരിലും. 1947 ആയപ്പോഴേയ്ക്ക് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം വിജയത്തിനടുത്തെത്തിയിരുന്നു.
1930 മാര്‍ച്ച് 31 -ന് വിശുദ്ധ ഗാന്ധി എന്നു വിശേഷിപ്പിച്ച് കവര്‍ ചിത്രവും മുഖ്യ ലേഖനവും പ്രസിദ്ധീകരിച്ച ടൈം മാസിക അന്നു ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന നിലയ്ക്ക് ഗാന്ധിജിയെ ആദരിക്കുകയായിരുന്നു. അതും വിശുദ്ധ ഗാന്ധിഎന്നു പേര് വിളിച്ച്. 1869 ഒക്ടോബര്‍ രണ്ടാം തീയതി പോര്‍ബന്ദറില്‍ ജനിച്ച ഗാന്ധിജി 1948 -ല്‍ മരണമടഞ്ഞത് ഹിന്ദു തീവ്രവാദിയായിരുന്ന നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ്. അവസാന ശ്വാസം നിലയ്ക്കുമ്പോഴും അദ്ദേഹം മന്ത്രിച്ചത് ഹരേറാം എന്ന മന്ത്രം.
അതെ. ഇന്ത്യയുടെ മഹാത്മാവ് സാക്ഷാല്‍ മഹാത്മാ ഗാന്ധി. ലോകത്തെവിടെ ചെന്നാലും ആയിരങ്ങള്‍ ആരാധനയോടെ ഗാന്ധിജിക്കു ചുറ്റും കൂടി. ലോകരാജ്യങ്ങള്‍ അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച സ്റ്റാമ്പുകള്‍ പ്രസിദ്ധീകരിച്ചു. ഗാന്ധിജി എന്തു പറഞ്ഞാലും ലോക മാധ്യമങ്ങള്‍ അതു വാര്‍ത്തയാക്കി. ഗാന്ധിജിയുടെ വാക്ക് കേള്‍ക്കാന്‍ ലോകം കാതോര്‍ത്തുനിന്ന കാലഘട്ടം.
ഇന്ത്യ എന്ന വലിയ രാജ്യത്തിന്‍റെ സംഭവബഹുലമായ ഒരു കാലഘട്ടത്തില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്താന്‍ കാലം കരുതിവെച്ച മഹത് വ്യക്തിത്വമായിരുന്നു മഹാത്മാ ഗാന്ധി. ഇന്ത്യയിലെ വിദ്യാഭ്യാസം കഴിഞ്ഞ് അദ്ദേഹം ലണ്ടനിലെത്തി ലണ്ടന്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേയ്ക്ക്. അവിടെ വര്‍ണ വെറിയുടെയും വെളുത്തവരുടെ മേധാവിത്വത്തിന്‍റെയും കറുത്ത മുഖം കണ്ടു. പിന്നെ ഇന്ത്യയിലേയ്ക്ക്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക്.
ഇവിടെയാണ് ഗാന്ധിജി തികച്ചും വ്യത്യസ്തമായൊരു സമര മുഖം തുറക്കുകയായിരുന്നു. ആ സമര രീതിയുടെ അടിസ്ഥാനം അഹംസയായിരുന്നു. എന്തു പ്രകോപനമുണ്ടായാലും അടിച്ചമര്‍ത്തലുണ്ടായാലും സംയമനത്തോടെ നിന്ന് എല്ലാം സഹിക്കുക എന്നതു തന്നെയായിരുന്നു ഗാന്ധിജിയുടെ സമര രീതി.
ഗാന്ധിജിയും അദ്ദേഹത്തിന്‍റെ വാക്കുകളും സമരങ്ങളും എന്തിന്, അദ്ദേഹത്തിന്‍റെ ജീവിതം തന്നെയും ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ലോക രാജ്യങ്ങളൊക്കെയും ഗാന്ധിജിയോടുള്ള ആദരം പ്രകടിപ്പിക്കാന്‍ തപാല്‍ സ്റ്റാമ്പുകള്‍ പുറപ്പെടുവിച്ചു. 1961 -ല്‍ അമേരിക്ക ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് ഇറക്കി. പിന്നെ എത്രയെത്ര രാജ്യങ്ങള്‍.
അമേരിക്കയും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും ഒരേ ചേരിയിലായിരിക്കുമ്പോഴാണ് ഇന്ത്യയെ അടക്കി വാണ ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരുന്ന മഹാത്മാ ഗാന്ധിയുടെ ചിത്രവുമായി അമേരിക്ക തപാല്‍ സ്റ്റാമ്പ് ഇറക്കിയത്. അമേരിക്കയിലെ ഏറ്റവും വലിയ പ്രസിദ്ധീകരണമായിരുന്ന ടൈം മാസിക മൂന്നു തവണ ഗാന്ധിജിയുടെ ചിത്രം കവര്‍ചിത്രമായി പ്രസിദ്ധീകരിച്ചതും.
ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ഇര്‍വിന്‍ പ്രഭു അക്കാലത്ത് ഹിറ്റ്ലറുമായി നടത്തിയ ഒരു സംഭാഷണം അടുത്ത കാലത്താണു പുറത്തു വന്നത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന സ്വാതന്ത്ര്യ സമരത്തിനെതിരെ ബ്രിട്ടന് ഒന്നും ചെയ്യാനാകുന്നില്ലെന്ന് ഇര്‍വിന്‍ പ്രഭു ഹിറ്റ്ലറോട് പറഞ്ഞു. ഉടന്‍ വന്നു ജര്‍മ്മന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറുടെ മറുപടി, "വെടിവെച്ചു കൊന്നാല്‍ പോരേ ?"
ആരെ കൊല്ലാനും ഒരു മടിയുമില്ലാത്ത ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്ലര്‍. എന്തു പ്രശ്നത്തിനും ഹിറ്റ്ലര്‍ക്ക് കൊലയായിരുന്നു പരിഹാരം. വിശ്വസ്തരായി കൂടെ കൊണ്ടുനടന്നിരുന്നവരെപ്പോലും ഹിറ്റ്ലര്‍ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയിട്ടുണ്ട്. എതിര്‍ക്കുന്നയാളെ കൊന്നാല്‍ പ്രശ്നം പരിഹരിക്കാമെന്നതായിരുന്നു ഹിറ്റ്ലറുടെ വിശ്വാസ പ്രമാണം. പക്ഷേ അവസാനം ഹിറ്റ്ലര്‍ക്ക് സ്വന്തം തോക്കെടുത്ത് സ്വയം വെടിവെച്ചു മരിക്കേണ്ടി വന്നു. ലോകം കണ്ട ഏറ്റവും വലിയ പ്രശ്നമായിരുന്നു അഡോള്‍ഫ് ഹിറ്റ്ലര്‍. അവസാനം ഗത്യന്തരമില്ലാതെ ഹിറ്റ്ലര്‍ തന്നെ ആ പ്രശ്നം അവസാനിപ്പിച്ചു. സ്വയം വെടിവെച്ച്.
ഒറ്റയടിക്കു വെടിവെച്ച് ഗാന്ധി എന്ന പ്രശ്നം തീര്‍ക്കാന്‍ ഹിറ്റ്ലര്‍ ഇര്‍വിന്‍ പ്രഭുവിനെ ഉപദേശിച്ചെങ്കിലും ബ്രിട്ടീഷ് നേതൃത്വം അതു ചെവിക്കൊള്ളാന്‍ കൂട്ടാക്കിയില്ല. അങ്ങനെയൊരു നീക്കം നടത്തിയാല്‍ ലേകം മുഴുവന്‍ തങ്ങള്‍ക്കു നേരേ തിരിയുമെന്ന് ബ്രിട്ടീഷ് നേതൃത്വത്തിനറിയാമായിരുന്നു. അപ്പോഴേയ്ക്ക് ലോകം മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു ഗാന്ധിജി.
ഒറ്റ വെടിക്ക് ഗാന്ധി എന്ന പ്രശ്നം തീര്‍ക്കാമെന്നു ബ്രിട്ടീഷ് നേതൃത്വത്തെ ഉപദേശിച്ചത് നാസി ജര്‍മ്മനിയുടെ ഏകാധിപതിയായ നേതാവ് അഡോള്‍ഫ് ഹിറ്റ്ലര്‍. അതിനു ചെവികൊടുക്കാതെ തിരിഞ്ഞു നിന്ന സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നേതൃത്വം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു വലിയ അദ്ധ്യായം തന്നെയാണ് ഹിറ്റ്ലറുടെ ഉപദേശവും അതു തള്ളിക്കളഞ്ഞ ബ്രിട്ടന്‍റെ തീരുമാനവും.
1948 ജനുവരി 30 -ാം തീയതി ഇന്ത്യാക്കാരനായ ഒരു ഹിന്ദു തീവ്രവാദി എന്ന നാഥൂറാം ഗോഡ്സെ ഗാന്ധിജിയുടെ മുമ്പിലെത്തി അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തി. ഒരു കാലഘട്ടത്തിന്‍റെ സംഭാവനയായിരുന്നു മഹാത്മാ ഗാന്ധി. ലോകമെങ്ങുമുള്ള മാനവകുലത്തിനു കാലം നല്‍കിയ സംഭാവന. അര്‍ത്ഥ നഗ്നനായ ആ മഹാ പുരുഷനെ ലോകം ആദരവോടെയും ബഹുമാനത്തോടെയും നോക്കി നിന്നു.
ലോകം കണ്ട ഏറ്റവും മഹാനായ വ്യക്തി എന്ന നിലയ്ക്കാണ് റിച്ചാര്‍ഡ് അറ്റന്‍ ബറോ മഹാത്മാ ഗാന്ധിയെക്കുറിച്ചു സിനിമയെടുത്തത്. ഗാന്ധിജി എന്ന മഹാത്മാവിനെക്കുറിച്ചുള്ള സിനിമയെന്ന നിലയ്ക്കാണ് ലോകം ആ സിനിമ കണ്ടത്. അല്ലാതെ സിനിമ കണ്ടിട്ടല്ല ലോകം ഗാന്ധിജിയെ അറിഞ്ഞതും കണ്ടതും കേട്ടതും.
ഗാന്ധിജി ഇന്ത്യയുടെ ആത്മാവാണ്. ഇന്ത്യയുടെ സ്വന്തം മഹാത്മാവ്.