Advertisment

മുന്നണിയില്‍ ഐക്യവും സമവായവും ഉറപ്പിക്കാന്‍ മോദിക്ക് ഏറെ കാര്യങ്ങള്‍ പഠിക്കേണ്ടിവരും; ഒറ്റയാനായി പോകാന്‍ കഴിയില്ലെന്നും; ദുര്‍ബലനാണ് മൂന്നാമത്തെ മോദി-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

ഒന്നാമത്തെയും രണ്ടാമത്തെയും മോദി സര്‍ക്കാരില്‍ ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഒറ്റയാനായും അതികായനായും വളര്‍ന്നു

New Update
1 narendra modi

മൂന്നാം മോദി സര്‍ക്കാരിനു ഗംഭീര തുടക്കം. ഇന്ത്യാ മഹാരാജ്യത്തിന്‍റെ പാരമ്പര്യത്തിനും ചരിത്രത്തിനും അനുയോജ്യമാം വിധം പകിട്ടേറിയതു തന്നെയായി സത്യപ്രതിജ്ഞാ ചടങ്ങ്.

Advertisment

രണ്ടാം മോദി സര്‍ക്കാരിലെ പ്രധാന നേതാക്കളൊക്കെയും ഈ മന്ത്രിസഭയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരനായി രാജ് നാഥ് സിങ്ങും മൂന്നാമനായി അമിത് ഷായും. നിര്‍മ്മലാ സീതാരാമനെപ്പോലെയുള്ള പ്രമുഖരും ഒപ്പം. മദ്ധ്യപ്രദേശില്‍ ബിജെപിക്ക് ശക്തമായൊരു നേതൃത്വം നല്‍കിയ ശിവരാജ് സിങ്ങ് ചൗഹാന്‍ കേന്ദ്ര മന്ത്രിസഭയിലെത്തിയതും പുതുമയായി. ഘടകകക്ഷികളില്‍ നിന്ന് എച്ച്.ഡി കുമാരസ്വാമിയും ഇടം പിടിച്ചു. പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സ്റ്റേറ്റ് മന്ത്രിമാരുമായി 72 പേരാണ് രാഷ്ട്രപതി മുര്‍മുവിനു മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

തൃശൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ജയിച്ച ചലച്ചിത്ര താരം സുരേഷ് ഗോപിയും ദശകങ്ങളായി ബിജെപി പ്രവര്‍ത്തകനായിരുന്ന ജോര്‍ജ് കുര്യനും സ്റ്റേറ്റ് മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തില്‍ നിന്ന് ആദ്യമായി ലോക്സഭാംഗമാകുന്ന ബിജെപിക്കാരനെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം കിട്ടുമെന്ന് ഉറപ്പായിരുന്നു. അദ്ദേഹം സ്വപ്നം കണ്ട 'ക്യാബിനറ്റ് പദവിയും നാലഞ്ചു സ്റ്റേറ്റ് മന്ത്രിമാരും' കിട്ടിയില്ലെന്നു മാത്രം. തുടക്കക്കാരായ എംപിമാര്‍ക്ക് ആദ്യമായി കിട്ടുന്നത് സ്റ്റേറ്റ് മന്ത്രിസ്ഥാനമാണെന്നതാണു പതിവെന്ന കാര്യം സുരേഷ് ഗോപിക്ക് അറിയാമായിരുന്നില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒ രാജഗോപാലിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി തുടങ്ങിയ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയുടെയും പാര്‍ട്ടിയുടെയും പല തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഒരു ഘട്ടത്തിലും ഒരു സ്ഥാനവും മോഹിക്കാതെ. എങ്കിലും ദേശീയ തലത്തില്‍ പല സ്ഥാനങ്ങളും അദ്ദേഹത്തെ തേടിവന്നു. അവസാനം ഒട്ടും നിനച്ചിരിക്കാതെ കേന്ദ്രമന്ത്രി പദവും. രാജ്യസഭയിലോ ലോക്സഭയിലോ അംഗമല്ലാത്ത ജോര്‍ജ് കുര്യന്‍ മൂന്നാമതു നരേന്ദ്ര മോദി സര്‍ക്കാരില്‍ സ്റ്റേറ്റ് മന്ത്രി.


 സ്വന്തം നിലപാടില്‍ എക്കാലവും ഉറച്ചു നില്‍ക്കാനുള്ള മനസും നേതൃത്വം ഏല്‍പിക്കുന്ന ഏതു ചുമതലയും പ്രതിഫലമൊന്നും മോഹിക്കാതെ കൃത്യമായി ചെയ്യാനുള്ള ഉത്സാഹവും ഒടുങ്ങാത്ത അര്‍പ്പണ ബോധവും അവസാനം ജോര്‍ജ് കുര്യന് വലിയ പദവി കിട്ടാന്‍ കാരണമായി.


സുരേഷ് ഗോപിക്കായാലും ജോര്‍ജ് കുര്യനായാലും രാഷ്ട്രീയത്തില്‍ ഇനി വളരണമെങ്കില്‍ കിട്ടിയ മന്ത്രിസ്ഥാനവും അധികാരവും പരമാവധി ഉപയോഗിച്ച് നാടിനും നാട്ടുകാര്‍ക്കും പ്രയോജനകരമാകും വിധം പ്രവര്‍ത്തിക്കണം. അധികാരവും അതു നല്‍കുന്ന സുഖ സൗകര്യങ്ങളും കൂട്ടുകെട്ടുകളും കണ്ട് മതിമറക്കരുതെന്നര്‍ത്ഥം.

നാനൂറിലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്നു വീമ്പുപറഞ്ഞ നരേന്ദ്ര മോദി ഘടകകക്ഷികളുടെ പിന്തുണയോടെയാണ് അധികാരമേറ്റതെന്നത് ഒരു പ്രധാന കാര്യമാണ്. ഒന്നാമത്തെയും രണ്ടാമത്തെയും മോദി സര്‍ക്കാരില്‍ ബിജെപിക്കു തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഒറ്റയാനായും അതികായനായും വളര്‍ന്നു. മന്ത്രിസഭയ്ക്കും സര്‍ക്കാരിനും അതീതനായിത്തന്നെ നിലയുറപ്പിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയ്ക്ക് ബിജെപി പ്രസിഡന്‍റ് ജെ.പി നഡ്ഡ പറഞ്ഞത് ബപിജെപിക്ക് ഇനി ആര്‍എസ്എസിന്‍റെ സഹായമൊന്നും വേണ്ടെന്നാണ്. അത് പല തലങ്ങളിലും ചര്‍ച്ചാവിഷയമാവുകയും ചെയ്തു.

എന്തുകൊണ്ടും ബിജെപിയുടെ ആത്മാവ് ആര്‍എസ്എസ് തന്നെയാണ്. പക്ഷെ എന്തെങ്കിലും കേട്ട് പ്രതികരിക്കാനിറങ്ങുന്ന രീതി ആര്‍എസ്എസിനില്ല. ബിജെപിയുടെ പല പ്രമുഖ നേതാക്കളും, എന്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ആര്‍എസ്എസ് കാര്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നിയോഗിക്കുന്നവരാണെന്നതാണു വസ്തുത.

ആര്‍എസ്എസ് ബന്ധം അറ്റു പോയാല്‍ ബിജെപി ഒന്നുമല്ലാതാകുമെന്നതാണു സത്യം. ഈ തെരഞ്ഞെടുപ്പില്‍ത്തന്നെ യുപി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടു എന്ന കാര്യവും ഓര്‍ക്കണം.

ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറുമാണ് മൂന്നാം മോദി സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന രണ്ടു ശക്തികേന്ദ്രങ്ങള്‍. കളികളേറെ കളിച്ചു പരിചയമുള്ള ഇവരെ കൂടി നിര്‍ത്താനുള്ള പാഠങ്ങളാണ് മോദി പഠിക്കേണ്ടത്. എന്‍ഡിഎയുടെ ആദ്യ യോഗത്തില്‍ പ്രസംഗിച്ച മോദി ഉന്നണിയുടെ ഐക്യത്തെക്കുറിച്ചും സമവായത്തെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചതു ശ്രദ്ധേയമായി. പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളിലേയ്ക്കു കടന്നയുടനെ ഭരണഘടന കൈയിലെടുത്തു ഭക്തിയോടെ വണങ്ങിയതിനും അര്‍ത്ഥമേറെ. എല്ലാ മതങ്ങളെയും ഒരുപോലെയാണു കാണുന്നതെന്ന ഒരു പ്രസ്താവനയും കൂട്ടത്തില്‍ നടത്താന്‍ മോദി മറന്നില്ല.

പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു നരേന്ദ്ര മോദി. മുസ്ലിം വിരോധം തന്നെയായിരുന്നു എപ്പോഴും അദ്ദേഹത്തിന്‍റെ പ്രചരണായുധം. ബാബ്റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിതതും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് അതിന്‍റെ പ്രാണ പ്രതിഷ്ഠ നടത്താന്‍ സ്വയം തയ്യാറായതുമൊക്കെ തെരഞ്ഞെടുപ്പും രാഷ്ട്രീയ നേട്ടവുമൊക്കെ ലക്ഷ്യം വെച്ചായിരുന്നുവെന്നത് ഒരു വലിയ യാഥാര്‍ഥ്യം. പക്ഷെ അതൊന്നും ഇന്ത്യന്‍ ജനതയെ അത്രകണ്ടു സ്വാധീനിച്ചില്ലെന്നത് മറ്റൊരു വസ്തുത.

മുസ്ലിം വിരോധവും കനത്ത വര്‍ഗീയതയുമെല്ലാം എക്കാലവും ചെലവാകില്ലെന്ന സത്യവും മോദിക്കു മനസിലായി. രാജ്യത്തെ ജനസംഖ്യയില്‍ 18 ശതമാനം മുസ്ലിംങ്ങളുണ്ടെങ്കിലും ബിജെപിയുടെ ലോക്സഭാംഗങ്ങളില്‍ ഒരൊറ്റ മുസ്ലിം പോലുമില്ല. മന്ത്രിസഭയിലും മുസ്ലിമില്ല. ഘടകകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുസ്ലിം വിരോധികളല്ല എന്ന കാര്യവും നരേന്ദ്ര മോദി പഠിക്കേണ്ടിയിരിക്കുന്നു.

മുന്നണിയില്‍ ഐക്യവും സമവായവും ഉറപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ കാര്യങ്ങള്‍ പഠിക്കേണ്ടിവരും. ഒറ്റയാനായി പോകാന്‍ കഴിയില്ലെന്നും. ദുര്‍ബലനാണ് മൂന്നാമത്തെ മോദി.

Advertisment