Advertisment

തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും ലീഗിനും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചേ മതിയാകൂ; ഭരണത്തിന്റെ തണലില്ലാതെ കഴിയുക ദുഷ്‌കരം തന്നെ ! പ്രിയങ്കയുടെ വരവ് യുഡിഎഫിന് പ്രതീക്ഷയാണ്, പ്രത്യാശയാണ്‌-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

നേതാക്കള്‍ തമ്മിലുള്ള വഴക്കും ഗ്രൂപ്പ് വൈരവും കോണ്‍ഗ്രസില്‍ പണ്ടുതന്നേയുണ്ട്. 1960 -ല്‍ ആദ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പി.എസ്.പി നേതാവ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സ്ഥാനമേറ്റ കാലം മുതലേ ഗ്രൂപ്പുകളും ഗ്രൂപ്പു വഴക്കുകളും തുടങ്ങിയതുമാണ്

New Update
priyanka Untitledc.jpg

രാഹുല്‍ ഗാന്ധി രാജിവയ്ക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി സ്ഥാനാര്‍ഥിയാകുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ വളരെ സന്തോഷിപ്പിക്കുന്നു. സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റം ഉണ്ടാവില്ലല്ലോ എന്നതാണു പ്രധാന കാര്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള തെരഞ്ഞെടുപ്പുകളും പ്രധാനം തന്നെ. പ്രിയങ്കാ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവ് കേരളത്തില്‍ ഒരു ലോക്സഭാംഗമായിരിക്കുന്നത് പ്രയോജനം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കണക്കു കൂട്ടുന്നത്.

Advertisment

2019 -ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന് ആകെയുള്ള 20 സീറ്റില്‍ 19 സീറ്റും കിട്ടിയതിനു പിന്നില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതും ഒരു വലിയ ഘടകം തന്നെയായിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ സ്ഥാനാര്‍ഥിയായി എന്നതു മാത്രമല്ല, അദ്ദേഹമായിരിക്കും അടുത്ത പ്രധാനമന്ത്രി എന്ന വാര്‍ത്ത പരന്നതും ഒരു വലിയ കാരണമായി.

സംസ്ഥാനത്തൊട്ടാകെ ന്യൂനപക്ഷ സമുദായങ്ങളുടെ വലിയ പിന്തുണയാണ് അന്നു യുഡിഎഫിനു കിട്ടിയത്. ഇടതു പക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ആലപ്പുഴയില്‍ എ.എം ആരിഫിന്‍റെ (സിപിഎം) വിജയം നേരിയ ആശ്വാസമായി എന്നു പറയാം.


ഇത്തവണ ആലപ്പുഴ സീറ്റ് കെ.സി വേണുഗോപാല്‍ കൊണ്ടുപോയി. ഇടതുപക്ഷത്തിനു കിട്ടിയത് ആലത്തൂര്‍ മാത്രം. സിപിഎം സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന്‍റെ നല്ലരീതിയിലുള്ള വിജയം.


സംഘടന അത്രകണ്ടു പ്രവര്‍ത്തനക്ഷമമല്ലാതിരുന്നിട്ടും നേതൃനിരയില്‍ വേണ്ടത്ര ഐക്യമില്ലാതിരുന്നിട്ടും കോണ്‍ഗ്രസിനു കിട്ടിയത് 14 സീറ്റ്. രണ്ടാമതും വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി ജയിച്ചതും വന്‍ ഭൂരിപക്ഷത്തിന്. സംസ്ഥാന കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്ന വിജയം.

ഇതുപോലെ തന്നെയായിരുന്നു 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു വിജയമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിര്‍ണായകമായ 2021 നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റുവാങ്ങിയ തോല്‍വി ഇന്നും കോണ്‍ഗ്രസ് നേതൃത്വത്തെ നടുക്കുന്നുണ്ട്.

തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചേ മതിയാകൂ. ഭരണത്തിന്‍റെ തണലില്ലാതെ കഴിച്ചുകൂട്ടുന്നത് ഏറെ ദുഷ്കരമാണെന്ന് കക്ഷികളൊക്കെയും പഠിച്ചിരിക്കുന്നു.

അതാണ് പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതീക്ഷ വയ്ക്കുന്നത്. 2019 -ലും 2024 -ലും സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യം തുണച്ചതുപോലെ തന്നെ പ്രിയങ്കാ ഗാന്ധി കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗമാകുന്നത് ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ സഹായമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.

കെ. കരുണാകരനെപ്പോലെ, എ.കെ ആന്‍റണിയെപ്പോലെ, ഉമ്മന്‍ ചാണ്ടിയെപ്പോലെ തലമൂത്ത ഒരു നേതാവ് ഇന്നില്ല എന്നതാണ് കോണ്‍ഗ്രസിന്‍റെ ഇന്നത്തെ പ്രശ്നം. നേതാക്കള്‍ തമ്മില്‍ ഐക്യവും ഒത്തൊരുമയും ഇല്ലേയില്ല താനും.

നേതാക്കള്‍ തമ്മിലുള്ള വഴക്കും ഗ്രൂപ്പ് വൈരവും കോണ്‍ഗ്രസില്‍ പണ്ടുതന്നേയുണ്ട്. 1960 -ല്‍ ആദ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പി.എസ്.പി നേതാവ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സ്ഥാനമേറ്റ കാലം മുതലേ ഗ്രൂപ്പുകളും ഗ്രൂപ്പു വഴക്കുകളും തുടങ്ങിയതുമാണ്. 

ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ സ്ഥാനമേറ്റ സമയത്ത് പ്രതിപക്ഷ നേതാവായത് കോണ്‍ഗ്രസ് നേതാവ് പി.ടി ചാക്കോ ആയിരുന്നു. 1960 -ല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത സഖ്യം സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ചാക്കോയെ പരിഗണിച്ചില്ല. എങ്കിലും അദ്ദേഹത്തെ ആഭ്യന്തരമന്ത്രിയാക്കി.

പിന്നീട് പട്ടവുമായി ഒത്തുചേര്‍ന്നു പോകാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തെ പഞ്ചാബ് ഗവര്‍ണറാക്കി അയയ്ക്കുകയായിരുന്നു. അപ്പോള്‍ ആര്‍ ശങ്കറാണ് മുഖ്യമന്ത്രിയായത്. ഒരിക്കല്‍കൂടി പി.ടി ചാക്കോ തഴയപ്പെട്ടു. ഒരു സ്ത്രീയുടെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിലെ പ്രധാനികളെല്ലാം എതിരാവുകയും ചാക്കോ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പി.ടി ചാക്കോയുടെ മരണത്തിനു ശേഷം അദ്ദേഹത്തൊടൊപ്പം നിന്നിരുന്നവര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായം.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തന്നെയാണ് മുന്‍നിരയില്‍ നിന്ന് പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ ഓടിനടന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ജയിച്ചാല്‍ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് വി.ഡി സതീശന്‍ തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടതും.


 പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തിന്‍റെ കാര്യം വരുമ്പോള്‍ അവകാശമുന്നയിക്കാന്‍ മൂന്നോ നാലോ പേര്‍ ഇപ്പോള്‍ തന്നെ തയ്യാറായി നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന പ്രശ്നവും ഇതുതന്നെ.

സംസ്ഥാന കോണ്‍ഗ്രസ് കണ്ട ഏറ്റവും വലിയ പോരാട്ടം മുന്‍നിര നേതാക്കളായ കെ. കരുണാകരനും എ.കെ ആന്‍റണിയുിം തമ്മിലായിരുന്നു. ഇരു നേതാക്കള്‍ക്കു പിന്നിലും അണികളുണ്ടായിരുന്നു. അവരുടെയൊക്കെ ഗ്രൂപ്പ് കളിയും പരസ്പരം മത്സസരിച്ചും പോരടിച്ചുമുള്ള പ്രവര്‍ത്തനവും ഒരുതരത്തില്‍ കോണ്‍ഗ്രസിനെ പോഷിപ്പിച്ച രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായിരുന്നു. തെരഞ്ഞെടുപ്പു തൊട്ടുമുമ്പിലെത്തുമ്പോള്‍ ഇരു നേതാക്കളും ഒന്നിച്ചു നില്‍ക്കുന്നതും അണികളെ ഒന്നിപ്പിക്കുന്നതും പതിവായിരുന്നുവെന്നതും ഓര്‍ക്കണം.

ഇന്ന് ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്‍റെ രൂപവും ശൈലിയും ആകെ മാറിയിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പിലിരുന്ന് പ്രതിപക്ഷ നേതാവിനെതിരെ ഒട്ടും സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതുവരെ കേരളം കണ്ടു.

ഇവിടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന് പുതിയൊരു നേതാവെന്ന നിലയില്‍ പ്രിയങ്കാ ഗാന്ധിയുടെ വരവ് വലിയ പ്രതീക്ഷ നല്‍കുന്നത്. പ്രിയങ്ക ദേശീയ നേതാവാണ്. പരക്കെ ബഹുമാനിക്കപ്പെടുന്ന നെഹ്റു കുടുംബത്തില്‍ നിന്നാണ് വരവ്.

രാഹുല്‍ ഗാന്ധിയെക്കാള്‍ രാഷ്ട്രീയം അറിയാവുന്ന ആളാണ് പ്രിയങ്ക എന്നതും ഒരു പ്രത്യേകതയാണ്. രാഷ്ട്രീയം പറയാനും ശേഷിയുണ്ട്. ശത്രുവാരെന്നും അവരെ നേരിടേണ്ടതെങ്ങനെയെന്നും പ്രിയങ്കയെ ആരും പഠിപ്പിക്കേണ്ടതുമില്ല.

കേരളത്തിന്‍റെ ഒരു ലോക്സഭാംഗമാകുമ്പോള്‍ പ്രിയങ്കാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഭാഗമാകുമെന്നും അതിനെ നയിക്കാന്‍ മുന്‍നിരയിലുണ്ടാകുമെന്നുമുള്ള പ്രതീക്ഷകള്‍ക്ക് അര്‍ത്ഥമേറെ.

Advertisment