/sathyam/media/media_files/2024/10/24/QXv9OXYSw3UBsblAprib.jpg)
1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഇ എം.എസ് സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.
ഭരണ കക്ഷിയായതോടു കൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല പാർടിക്കുണ്ട്. ഈ ഉത്തരവാദിത്വത്തിൽ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാനോ ഉപയോഗിക്കരുത്. രാഷ്ട്രീയ വിധേയത്വം സ്വീകരിക്കുകയോ രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയോ അല്ല വേണ്ടത്.എല്ലാവർക്കും നീതി ഉറപ്പുവരുത്തുകയാണ് പൊലീസിൻ്റെ കടമ - ഇ എം എസ് വ്യക്തമാക്കി.
സിപിഎം സംസ്ഥാന കമ്മിറ്റി അന്ന് അംഗീകരിച്ച പ്രമേയത്തിലും ഇതേ സൂചകങ്ങളോടെ തന്നെയാണ്
പൊലീസ് നയം വ്യക്തമാക്കിയത്. എന്നാൽ ഇ എം എസിൽ നിന്ന് ഭരണം പിണറായി വിജയനിൽ എത്തി നിൽക്കുമ്പോൾ പൊലീസ് നയം എത്രകണ്ട് മാറി എന്ന് പരിശോധിക്കേണ്ടതാണ്. ഉദാഹരങ്ങൾ ഏറെയുണ്ട് മുന്നോട്ട് വെയ്ക്കാൻ.
അതിൽ ഏറ്റവും ഒടുവിൽ എ.ഡി.എം. കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായ സി.പി.എം നേതാവ് പി.പി ദിവ്യയെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ
പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ്.
കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറ്റവാളിയെ പിടികൂടാനും ശാസ്ത്രീയമായി തെളിവു ശേഖരിച്ച് ശിക്ഷ ഉറപ്പാക്കാനും നമ്മുടെ നാട്ടിലെ പൊലീസിന് സാധിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കൊടും ക്രിമിനലുകളായ പ്രതികളെ പോലീസ് പിടികൂടിയത് കണ്ണൂർ മുടക്കോഴി മലയിലെ പാർട്ടിഗ്രാമത്തിൽ നിന്നാണ് എന്നതു കൂടി ഓർക്കണം.
അവിടെയാണ് പി പി ദിവ്യയെ പിടികൂടാൻ പോലീസ് മടിക്കുന്നതിന് മറ്റ് കാരണമൊന്നും തേടി പോകേണ്ടന്ന് വ്യക്തമാകുന്നതും.
1957 ൽ പൊലീസിനോട് അധികാര വിധേയത്വം പാടില്ലെന്ന് പറഞ്ഞാണ് ഇഎംഎസ് ഭരണം തുടങ്ങിയെങ്കിലും ഇന്നും ഭരണകക്ഷിയുടെ അധികാര ഗർവ്വിന് മുന്നിൽ പൊലിസ് വിധേയത്വം പുലർത്തുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന തെളിവുകളെല്ലാം പി.പി ദിവ്യയ്ക്ക് എതിരാണ്. ഇവർക്ക് എതിരെ ജനകീയ പ്രതിഷേധവും ശക്തമാണ്.
പിപി ദിവ്യയ്ക്ക് എതിരെ പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റി സെക്രട്ടറി തന്നെ തുടക്കമിട്ട വിമർശനം ഒടുവിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വരെ അവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഇടതുമുന്നണി യോഗത്തിൽ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ
ഒരു രീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്.
എന്നിട്ടും ദിവ്യയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത് മാഫിയ സംഘങ്ങൾ ആണെന്ന് നിലമ്പൂർ എം.എൽ.എ പിവി അൻവർ പരസ്യമായി പറഞ്ഞതാണ്.
ആ മാഫിയയ്ക്ക് കീഴിലാണ് ക്രമ സമാധാന ചുമതല വഹിക്കുന്ന. എ.ഡി.ജി. പി എം.ആർ അജിത്ത് കുമാർ എന്നും അൻവർ വിമർശിച്ചു. വിമർശനങ്ങൾക്ക് പിന്നാലെ എംആർ അജിത്ത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കി മനോജ് എബ്രഹാമിനെ പ്രതിഷ്ഠിച്ചു എങ്കിലും കാര്യങ്ങൾ പഴയ പടി തന്നെ തുടരുകയാണ് എന്നാണ് മനസ്സിലാവുന്നത്.
ഇവിടെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ പാർട്ടി പ്രവർത്തന ശൈലിയ്ക്ക് മാറ്റം വന്നിട്ടില്ലെന്നത് ബോധ്യമാവുന്നതും.
കേരള പൊലീസിനെ ജനകീയമാക്കുന്നതിനായിട്ടാണ് ജനമൈത്രി പൊലീസ് സംവിധാനമടക്കം നടപ്പാക്കിയത്. പക്ഷെ സംവിധാനത്തിൻ്റെ പേരിലല്ലാതെ മാറ്റമൊന്നും പൊലീസ് നയത്തിൽ സംഭവിച്ചിട്ടില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പടുകയാണിവിടെ.
സോഷ്യലിസ്റ്റ് രാജ്യങ്ങളിലുൾപ്പെടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിലായിരുന്നു പൊലീസും പട്ടാളവും രഹസ്യാന്വേഷണ വിഭാഗങ്ങളുമെല്ലാം.
ഇത്തരം സംവിധാനങ്ങളെ ജനങ്ങൾക്ക് ആകമാനം നീതിനൽകുന്നവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തതുകൊണ്ട് കൂടിയാണ് അവിടങ്ങളിൽ തിരിച്ചടിയുണ്ടായതെന്ന് കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു പാർട്ടി കോൺഗ്രസിന് മധുരയിൽ വേദിയൊരുങ്ങുമ്പോൾ ഇതേ പ്രമേയം വീണ്ടും പാർട്ടി നേതൃത്വം ഓർത്താൽ നന്നായിരിക്കും.
- എഡിറ്റർ