/sathyam/media/media_files/2024/10/26/Id0hE5cgzcQ3LtQMrbIP.jpg)
കണ്ണൂരെ ദിവ്യയാണോ പാലക്കാട്ടെ കൃഷ്ണദാസാണോ 'വലുത്' എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടാകും. ഒന്ന് ഇമ്മിണി വലുതും മറ്റേത് ചെറുതും എന്ന് തല്ക്കാലം കരുതാം. കാരണം പാലക്കാട് അപമാനം നേരിട്ട മാധ്യമപ്രവർത്തകർ ആരും ആത്മഹത്യ ശ്രമം നടത്തിയിട്ടില്ലല്ലോ.
വാവിട്ട വാക്കിലൂടെ ഒരു ജീവനെടുത്ത സിപിഎം നേതാവ് പി.പി ദിവ്യയെ കുറിച്ച് കേരളം ഒന്നടങ്കം ചർച്ച ചെയ്യുമ്പോഴാണ് സിപിഎമ്മിൻ്റെ മറ്റൊരു നേതാവിൽ നിന്നുള്ള അധിക്ഷേപ വാക്കുകൾ മലയാളികൾ കേൾക്കുന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസാണ് ആ താരം.
പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നതായി സൂചന നൽകിയപ്പോൾ പ്രതികരണം
തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് കൃഷ്ണദാസ് ആക്രോശിച്ചത്. അതും ഒന്നല്ല. രണ്ട് വട്ടം.
ആദ്യ തവണ പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് മാറിപ്പോ.. മാറിപ്പോ.. എന്നും മാറാൻ പറഞ്ഞാൽ മാറണം എന്നും പറഞ്ഞ കൃഷ്ണദാസ് പിന്നെ ആക്രാശിക്കുകയായിരുന്നു.
നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയെന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നുമായിരുന്നു
രോക്ഷത്തോടെയുള്ള പ്രതികരണം.
രണ്ടാം ഘട്ടത്തിൽ കൃഷ്ണദാസിൻ്റെ വാക്കിന് കുറച്ചുകൂടി മൂർച്ച കൂടി. ആദ്യം കഴുകനോട് ആയിരുന്നു എങ്കിൽ പിന്നെ ഇറച്ചി കടയ്ക്ക് മുന്നിൽ നിൽക്കുന്ന പട്ടികളോടാണ് മാധ്യമ പ്രവർത്തകരെ ഉപമിച്ചത്.
ഒരു പെട്രോൾ പമ്പ് വിഷയത്തിൽ തീപിടിച്ച വാക്കുകൾകൊണ്ട് സമുഹത്തിന് മാതൃകയായ ഒരു ഉന്നത ഉദ്യോഗസ്ഥൻ്റെ ജീവിതമായിരുന്നു കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യ പുകച്ചുകളഞ്ഞത്.
നേതാക്കളുടെ വാക്കിലും പെരുമാറ്റത്തിലും വിനയം വേണമെന്നത് സമൂഹമൊന്നാകെ ചർച്ച
ചെയ്യുമ്പോൾ കൂടിയാണ് കൃഷ്ണദാസിൻ്റെ വാക്ക് അതിര് വിടുന്നത്.
അധികാരഗർവ്വ് പാർട്ടിയിലെ താഴെ തട്ട് വരെ എത്തി എന്നതാണ് എൻ എൻ കൃഷ്ണദാസ് മുതൽ പി.പി ദിവ്യ വരെ തെളിയിക്കുന്നത്.
പിണറായി വിജയനിൽ നിന്നും കേട്ട നികൃഷ്ട ജീവി പ്രയോഗവും കടക്ക് പുറത്ത് എന്ന ആക്രോശവും ഒരു
കമ്മ്യൂണിസ്റ്റ്കാരനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത ഭാഷയായി അന്ന് ചർച്ച ചെയ്തെങ്കിൽ ഇന്നിപ്പോൾ അത് സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയുമെല്ലാം ഭാഷ ആ മാതൃകയിലായി.
ഈ കൃഷ്ണദാസ് എന്ന മഹാനൊക്കെ ഏത് കാലഘട്ടത്തിൽ ആണ് തങ്ങൾ ജീവിക്കുന്നത് എന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ഈ അഹന്ത ആണല്ലോ കൈവെള്ളയിൽ ഇരുന്ന പാലക്കാട് മണ്ഡലത്തെ ഇപ്പോൾ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.
ഭരണതുടർച്ചയിലൂടെ സഖാക്കളുടെ ഭാഷയും പെരുമാറ്റ ശൈലിയുമെല്ലാം കൈമോശം വന്നിരിക്കുന്നു.
തലയ്ക്ക് ചുറ്റും അധികാരത്തിന്റെ ദിവ്യവെളിച്ചം എന്നും ഉണ്ടാകും എന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്ന് മാത്രം ഓർമ്മപ്പെടുത്തട്ടെ. ആ തിരിച്ചറിവ് ഇല്ലെങ്കിൽ നിങ്ങൾ ബംഗാളിലെയും ത്രിപുരയിലെയും സഖാക്കളോട് ചോദിച്ചു മനസിലാക്കുമല്ലോ.
- എഡിറ്റർ