/sathyam/media/media_files/2024/10/27/2Ebo2j7tSPLmNa7y5dOu.jpg)
ഇത് ഇളയ ദളപതി വിജയിയുടെ രാഷ്ട്രീയത്തിലേക്കുള്ള മാസ് എൻട്രി. വെള്ളിത്തിരയിലെ മിന്നുന്ന താരത്തിൻ്റെ മാസ് ഡയലോഗും ഫൈറ്റും ഇനി തമിഴ് രാഷ്ട്രീയത്തിൽ സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങൾ ഏറെയാവും.
'വിജയ് മക്കള്‍ ഇയക്കം' എന്ന തന്റെ ഫാന്‍സ് അസോസിയേഷനെയാണ് രാഷ്ട്രീയപാര്‍ട്ടിയാക്കി വിജയ് മാറ്റിയത്. തമിഴ് വെട്രി കഴകം എന്ന പേരിൽ തമിഴ് സിനിമയും രാഷ്ട്രീയവുമായുള്ള ഇഴ മുറിയാത്ത ബന്ധത്തിൻ്റെ മറ്റൊരു തുടർച്ച.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തുന്ന ആദ്യ നടനല്ല വിജയ്. ഇതിന് മുന്‍പ് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തി അതില്‍ വിജയിച്ചവരും തോറ്റവരുമുണ്ട് തമിഴ്നാട്ടിൽ. അതിൽ ഇനി വിജയുടെ സ്ഥാനം എവിടെയെന്ന് കാത്തിരുന്നു കാണാം.
തമിഴില്‍ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണ് പലപ്പോഴും സിനിമ. സ്‌ക്രീനിലെ നായകനെ ദൈവത്തെപ്പോലെ കണ്ട് ആരാധിക്കുന്ന വലിയൊരു ജനത.
അവർക്ക് മുന്നിലേയ്ക്ക് രാഷ്ട്രീയവുമായി എത്തിയവരാണ് എംജിആറും ശിവാജി ഗണേശനും ജയലളിതയും വിജയ് കാന്തും ശരത് കുമാറും കമലഹാസനുമെല്ലാം.
ഇതിൽ രാഷ്ട്രീയ പട നയിച്ച് ജയിച്ചവരും പരാജിതരായവരും ഉണ്ട്. അവർക്കിടയിലേയ്ക്കാണ് ഇനി ഇളയ ദളപതിയും എത്തുന്നത്.
സിനിമയും രാഷ്ട്രീയവും ഒന്നാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചത് എം.ജി.ആറാണ്. തമിഴ് മക്കള്‍ പുരട്ചി തലൈവര്‍ അഥവാ വിപ്ലവ നായകന്‍ എന്ന് വിളിക്കുന്ന വാദ്ധ്യാര്‍ സാധാരണക്കാരനു വേണ്ടി ശബ്ദമുയര്‍ത്തുന്ന നടനായി സിനിമയിൽ തിളങ്ങി. പിന്നെ അതിലൂടെ ജനപ്രിയ നായകനാവുകയും ചെയ്തു.
ആ ജനപ്രിയതയാണ് രാഷ്ട്രീയത്തിലേയ്ക്കുള്ള ചവിട്ടുപടിയായി എംജിആർ മാറ്റിയത്. ആയിരത്തിൽ ഒരുവനിലെ നായകൻ പിന്നെ തമിഴ്നാട്ടിന്റെ രാഷ്ട്രീയ നായകനായതും ജനങ്ങളുടെ ഏഴൈതോഴനായതും പിന്നെ ചരിത്രം.
1967ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി ഇലക്ഷന് നിന്ന് എം.എല്‍.എ.യായ എം.ജി.ആര്‍ 1972ല്‍ ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരില്‍ സ്വന്തമായി ഒരു പാര്‍ട്ടി ആരംഭിക്കുകയും ആ പടയോട്ടം 1977 ലെത്തിയപ്പോൾ അദ്ദേഹം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി മാറുകയുമായിരുന്നു.
എംജിആറിന്റെ നായികയായി സിനിമയിൽ തിളങ്ങിയ ജയലളിതയാണ് തമിഴ് രാഷ്ട്രീയത്തില്‍ തിളങ്ങിയ മറ്റൊരു സിനിമാതാരം. തൻ്റെ നായികയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും എം.ജി.ആര്‍ തന്നെ.
എം.ജി.ആറിന്റെ കാലശേഷം പാര്‍ട്ടിയുടെ തലപ്പത്തേക്കെത്തുകയും പിന്നീട് 1991ല്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു ജയലളിത. തമിഴ് മക്കളുടെ ‘അമ്മ’യായും ജയലളിത മാറി.
തമിഴരുടെ ക്യാപ്റ്റനായിരുന്ന വിജയ് കാന്ത് 1980കളിലാണ് സിനിമയിലെത്തിയത്. ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ ക്യാപ്റ്റന്‍, 2006 ലാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത്. ദേശീയ മുര്‍പോക്കു ദ്രാവിഡ കഴകം എന്നായിരുന്നു പാര്‍ട്ടിയുടെ പേര്.
2011ല്‍ 29 സീറ്റില്‍ ജയിച്ച് പ്രതിപക്ഷനേതാവായി മാറുകയും ചെയ്തു. എന്നാല്‍ 2016ന് ശേഷം പാർട്ടി ശോഷിക്കുന്നതാണ് കണ്ടത്. സിനിമയില്‍ ശ്രദ്ധേയനായ നടനായ ശരത് കുമാര്‍ 1996 ലാണ് ഡി.എം.കെ യില്‍ ചേര്‍ന്നത്. സിനിമയിൽ തിളങ്ങിയ ശരത് കുമാറിന് പക്ഷേ രാഷ്ട്രീയത്തിൻ്റെ തുടക്കത്തിൽ ജനപിന്തുണ കാര്യമായി ലഭിച്ചില്ല.
ആദ്യ തെരഞ്ഞടുപ്പില്‍ വിജയിക്കാനാവാത്ത ശരത്കുമാർ 2001ല്‍ രാജ്യസഭാ അംഗമായി. 2007ല്‍ ഡി.എം.കെ വിട്ട് ആള്‍ ഇന്ത്യ സമത്വ മക്കള്‍ കട്ചി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് എ.ഐ.എ.ഡി.എം.കെ മുന്നണിയില്‍ ചേരുകയും ചെയ്തു. 2011 ലെയും, 2016 ലെയും ഇലക്ഷനില്‍ ജയിച്ച് എം.എല്‍.എയും ആയി.
നടികര്‍ തിലകം എന്നറിയപ്പെട്ടിരുന്ന ശിവാജി ഗണേശനും, കമല്‍ ഹാസനും പക്ഷെ രാഷ്ട്രീയത്തിലേക്കിറങ്ങി പരാജയപ്പെട്ടവരാണ്.
അച്ഛനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിൻ്റ പിൻബലത്തിൽ രാഷ്ട്രീയത്തിലെത്തി ഉപമുഖ്യമന്ത്രിയായ ഉദയനിധിയാണ് മറ്റൊരു താരം, അത് സമകാലിക ചരിത്രം. സ്റ്റാലിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെയും തുടക്കം വെള്ളിത്തിരയിൽ നിന്നുതന്നെ. ഇപ്പോൾ ഉദയനിധിയും ആ ചരിത്രമാണ് ആവർത്തിക്കാൻ ശ്രമിക്കുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഇടയ്ക്ക് നാട്ടിലെങ്ങും ചര്‍ച്ചാ വിഷയമായിരുന്നെങ്കിലും താരം ഇനിയും ഇക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടില്ല. അതിനിടയിലാണ് വിജയ് ഔദ്യോഗികമായി രാഷ്ട്രീയപ്രവേശനം അറിയിച്ചിരിക്കുന്നത്.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി ലക്ഷ്യം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജനപിന്തുണ ഇപ്പോൾ ഉയരത്തിലാണ്. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ടായി കാണാൻ തമിഴൻ പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതും മറ്റൊരു വസ്തുത.
അങ്ങനെയെങ്കിൽ, വെള്ളിത്തിരയിലെ തമിഴകത്തിൻ്റെ ഇളയ ദളപതി രാഷ്ട്രീയത്തിൽ ദളപതിയാവുമോ എന്നാണ് ഇനി അറിയേണ്ടത്. രാജനീകാന്തും കമൽ ഹാസനും പരാജയപ്പെട്ടിടത്ത് വിജയ് വിജയക്കൊടി പാറിക്കുമോ ? അത് തീരുമാനിക്കേണ്ടത് തമിഴ് ജനതയാണ്.