കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉറപ്പാക്കി ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കാനുള്ള ശ്രമം പാർട്ടി സ്വീകരിക്കണം എന്നാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് സിപിഎം പൊളിറ്റ്ബ്യൂറോ തയ്യാറാക്കിയ മാർഗ്ഗരേഖയിൽ പറയുന്നത്.
എന്നാൽ മാർഗരേഖയിൽ പറയുന്നതിനപ്പുറം എന്തു ചെയ്തു എന്ന് ഇപ്പോൾ നടക്കുന്ന ഓരോ സംഭവങ്ങളും പരിശോധിച്ച് പാർട്ടി നേതൃത്വം വിലയിരുത്തേണ്ടതുണ്ട്.
തെറ്റുകളും തിരുത്തല്‍ രേഖകളും ഒരിക്കലും ഒരിടത്തും കൂട്ടിമുട്ടാത്ത സമാന്തരങ്ങളാണ് സിപിഎമ്മില്‍ എന്നത് പരിഹാസ രൂപേണ വേണമെങ്കിൽ പറയാം.
1978 ലെ സാല്‍ക്കീന പ്ലീനം മുതല്‍ സിപിഎം സംസ്ഥാന നേതൃത്വം രൂപം നല്‍കിയ പാര്‍ട്ടി പ്ലീനം വരെ എത്ര തവണയാണ് തെറ്റുതിരുത്തല്‍ രേഖകള്‍ പാർട്ടി പുറത്തിറക്കിയത്.
എന്നാൽ തെറ്റുകള്‍ കൂടിവരികയും തിരുത്താനാവാത്ത തലത്തില്‍ അത് നേതൃത്വത്തെയാകെ ബാധിക്കുന്നതുമാണ് ഇപ്പോൾ പാർട്ടിയിൽ കണ്ടുവരുന്ന പ്രവണത.
/sathyam/media/media_files/2024/11/09/wFfckRl93sU9gCyXmVyv.jpg)
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യ വരെ നീളുന്നു ആ കണ്ണികൾ. ഇതിനിടയിൽ പി ശശിയും പികെ ശശിയും എല്ലാം ഉൾപ്പെടും.
തൊഴിലാളി പാർട്ടി മുതലാളി പാർട്ടിയായി മാറിതോടെയാണ് ഈ മാറ്റം. ട്രേഡ് യൂണിയൻ സംസ്ക്കാരം വിട്ട് സിപിഎം ഇന്ന് പിആർ ഏജൻസികളുടെ താൽപര്യത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
/sathyam/media/media_files/2024/11/09/DnHQ4zVAh04efj90wCQj.jpg)
തെറ്റു ചെയ്തവർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ച് അവർക്ക് തെറ്റ് തിരുത്താൻ ഉള്ള അവസരം നൽകുന്നതിന് പകരം അവർക്ക് വീര പരിവേഷം നൽകി കൂടുതൽ സംരക്ഷണം നൽകാനാണ് ഇപ്പോൾ സിപിഎം ശ്രമിക്കുന്നത്.
ജാമ്യം ലഭിച്ചെങ്കിലും പിപി ദിവ്യ ചെയ്തത് ഗുരുതരമായ തെറ്റാണ് എന്നുതന്നെയാണ് പൊതുസമൂഹം കരുതുന്നത്. എന്നാൽ ഒരു സ്ത്രീയെന്ന പരിഗണന നൽകി പിപി ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചപ്പോൾ ദിവ്യയെ ജയിലിൽ എത്തി നേതാക്കൾ സ്വീകരിച്ചത് നല്ല സന്ദേശം അല്ല പാർട്ടിയിലെ യുവതലമുറയ്ക്കും പൊതുജനങ്ങൾക്കും നൽകുന്നത്.
തെറ്റുകളെ പ്രത്യയശാസ്ത്രപരമായി വിശദീകരിക്കുന്ന ന്യൂ ജെന്‍ നേതാക്കളാണ് ഇന്ന് പാര്‍ട്ടിക്ക് ശാപം എന്ന് പറഞ്ഞത് പാർട്ടിയിലെ പഴയ തലമുറയിൽപെട്ട മുതിർന്ന ഒരു നേതാവ് തന്നെയാണ്.
/sathyam/media/media_files/2024/10/18/YBx4Sjo72n1d52vhAY5B.jpg)
പാർട്ടി ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെ അപചയത്തിന്റെ വ്യാപ്തി എത്തി നില്‍ക്കുമ്പോൾ ഈ പറഞ്ഞത് ശരിയാണ് എന്ന് തന്നെയാണ് ബോധ്യം.
പ്രതിപക്ഷം തീർക്കുന്ന ദുർബല പ്രതിരോധം കൊണ്ടുമാത്രം ഭരണ തുടർച്ച സംഭവിച്ചതാണ് കേരളത്തിൽ കണ്ടത്. അത് എന്നും ആവർത്തിക്കും എന്ന് കരുതുക വയ്യ.
അത് തിരിച്ചറിയാനുള്ള ബോധമെങ്കിലും കുറഞ്ഞപക്ഷം പാർട്ടി നേതൃത്വത്തിന് വേണം. ഇല്ലെങ്കിൽ ഉപതെരഞ്ഞെടുപ്പ് ജനവിധിയിൽ ഫലം വിലയിരുത്തി വീണ്ടും മറ്റൊരു മാർഗ്ഗ രേഖ തയ്യാറാക്കാനാവും സിപിഎമ്മിൻ്റെ വിധി.
- എഡിറ്റർ