ട്രാക്ടറുകളും കമ്പ്യൂട്ടറുകളും വന്നപ്പോൾ എതിർത്ത കമ്മ്യൂണിസ്റ്റുകാർ ഇപ്പോള്‍ കമ്പ്യൂട്ടറും സ്മാർട് ഫോണും പിടിച്ചാണ് നടപ്പ്. പൊതുജന സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നതിനെ നഖശിഖാന്തം എതിർത്ത സി.പിഎം പിന്നീട് എഡിബി വായ്പ എടുത്ത് ഉപയോഗിച്ച് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പോസ്റ്ററുകൾ നാടുനീളെ ചുമരായ ചുമരിലെല്ലാം ഒട്ടിച്ചു.
മുന്നണി ബന്ധം മറന്ന് സിപിഐ ഈ നയത്തെ എതിർത്തതും സിപിഎം ഭരിക്കുന്ന കോർപ്പറേഷൻ്റെ ചുമരിൽ കരിയോയിൽ ഒഴിച്ചതും എഡിബി ഗോ ബാക്ക് എന്ന മുദ്രാവാക്യം എഴുതിയതും സിപിഎം മറന്നു കാണും, പക്ഷെ മറക്കാത്തവരിൽ ചിലർ ഇവിടെ നാട്ടുകാരായി ഉണ്ട് എന്ന് പാർട്ടിക്കാർ ഓർത്താൽ മതി.
കംപ്യൂട്ടറിനെയും ട്രാക്ടറിനെയും എതിർത്തവരല്ലേ നിങ്ങൾ എന്ന് കമ്മ്യൂണിസ്റ്റുകാരെ ചൂണ്ടികാണിച്ചു ചോദിക്കുമ്പോൾ അവർ ചൂണ്ടിക്കാണിക്കുന്നത് മറ്റൊരാളിലേക്കാണ്.
എല്ലാ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും വേണ്ടെന്ന് വെച്ച് ഒരമ്പത് കൊല്ലം പിന്നോട്ട് പോകണമെന്ന് പറഞ്ഞു ചർക്കയിൽ കൈ കൊണ്ട് നൂൽ നൂറ്റെടുത്ത് അത് ധരിച്ച് നടന്നൊരാളിലേക്ക്. മഹാത്മാ ഗാന്ധിയിലേക്ക്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് പോലെ.
/sathyam/media/media_files/2024/11/10/raniyGcGE3uGCLkEdz8W.jpeg)
ആധുനിക ശാസത്ര സാങ്കേതിക വിദ്യയെ സഹർഷം സ്വാഗതം ചെയ്തവരായിരുന്നു കമ്മ്യൂണിസ്റ്റുകാർ എന്ന വാദമാണ് ഇപ്പോൾ. അതിന് ഉപോൽപലകമായി അവർ ചൂണ്ടിക്കാട്ടുന്നതാകട്ടെ ഇന്ത്യയിലാദ്യത്തെ ടെക്നോപാർക്ക് തുടങ്ങിയത് ഇടതുപക്ഷ സർക്കാർ ഭരിച്ച കേരളത്തിലായിരുന്നു എന്നതും.
യന്ത്രങ്ങൾക്ക് വേണ്ടി മനുഷ്യർ എന്നായിരുന്നില്ല മറിച്ച് മനുഷ്യന് വേണ്ടി യന്ത്രം എന്നായിരുന്നു കമ്മ്യൂണിസ്റ്റ് സമീപനം. മുതലാളിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി യന്ത്രം എന്നതായിരുന്നില്ല പകരം ഉൽപ്പാദനം കാര്യക്ഷമമാവാനും തൊഴിലാളിക്ക് കൂടി ഗുണകരമാവാനും യന്ത്രവൽക്കരണം എന്നതായിരുന്നു കമ്മ്യൂസ്റ്റ് പാർട്ടിയുടെ നയ സമീപനം എന്നും ഇക്കൂട്ടർ പറഞ്ഞുവെക്കുന്നുണ്ട്. എന്തു നല്ല വൈരുദ്ധ്യാത്മക ഭൗതികവാദം അല്ലേ.
/sathyam/media/media_files/2024/11/12/sk7IIPrfqDRzLchBekAo.jpg)
ജനങ്ങൾക്കിടയിൽ നേരിട്ടെത്തി മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ അതിരൂക്ഷമായി വിമർശിച്ചവർ പിന്നിട് പേരൊന്നു മാറ്റിപ്പിടിച്ച് നവ കേരള യാത്ര നടത്തി. എക്സ്പ്രസ് ഹൈവേ വരുന്നതിനെ എതിർത്തവർ പിന്നീട് കണ്ണൂർ കീഴാറ്റൂരിലടക്കം വയൽക്കിളികളെ വെട്ടി നിരത്തി വയൽ മണ്ണിട്ടു നികത്തി പാത പണിതു.
ഇപ്പോഴിതാ സീ പ്ലെയിൻ പറത്തി ആ നേട്ടത്തിനടിയിലും അടയിരിക്കുന്നു. സീ പ്ലെയിൻ ഇറങ്ങിയാൽ ചത്തുപോകുമെന്ന് പറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ ഇപ്പോൾ ഇടതുപക്ഷം മാറ്റിപ്പാർപ്പിച്ചോ എന്ന യുഡിഎഫ് ചോദ്യം തന്നെയാണ് ഇവിടെ ഏറെ പ്രസക്തം.
പിന്നെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് പറഞ്ഞത് പോലെ എല്ലാറ്റിനെയും എല്ലാ കാലത്തും എതിർക്കാൻ പറ്റുമോ. അതെ ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല: അതാണ് അതു തന്നെയാണ് സത്യവും.
- എഡിറ്റര്‍