കള്ളവുമില്ല ചതിയുമില്ല.. എള്ളോളമില്ല പൊളിവചനം .. മാവേലി നാടുവാണപ്പോൾ കേരളത്തിൻ്റെ സ്ഥിതി കവി വരികളിലൂടെ വർണ്ണിച്ചതാണിത്.
എന്നാൽ സാധാരണക്കാർക്കുള്ള പെൻഷൻ തുക പോലും വെട്ടിക്കുന്ന ഈ മാവേലി നാട്ടിലെ ഇന്നത്തെ നാട്ടുകാരെ കവി എങ്ങനെയാവും ഇന്ന് വർണ്ണിക്കുക.
ലക്ഷത്തിനടുത്ത് പെന്‍ഷന്‍ വാങ്ങുന്ന കോളേജ് പ്രൊഫസര്‍മാരും വൻ തുക ശമ്പളം വാങ്ങുന്ന ഗസറ്റഡ് റാങ്കില്‍ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുമൊക്കെയാണ് സാമൂഹ്യക്ഷേമ പെൻഷൻ കൈയ്യിട്ടു വാരിയത് എന്നതാണ് ഏറേ വിചിത്രം.
വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത് എന്നാണ് ഇതുവരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അതിൽ കോളജ് അധ്യാപകരും മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നു.
ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ് 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട് എന്ന കണ്ടെത്തൽ ആരെയും ഞെട്ടിപ്പിക്കും.
വിധവ - വികലാംഗ പെന്‍ഷനുകളാണ് ഈ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. കാര്യങ്ങളുടെ ഗൗരവം അറിയാത്തവരല്ല ഇവരാരും. നല്ല വിദ്യാഭ്യാസവും പോരാത്തതിന് സമൂഹത്തിൽ കൃത്യമായി ഇടപെടുന്നവരുമാണ് ഇക്കൂട്ടർ. അതുകൊണ്ട് തന്നെ അർഹരുടെ പട്ടികയിൽ ഇവർ അറിയാതെ കയറിപ്പറ്റിയവരല്ല എന്നു തീർച്ച.
തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്കും വീഴ്ച സംഭവിച്ചുവെന്നാണ് പൊതുവായി വിലയിരുത്തേണ്ടത്. പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ അടിച്ചു മാറ്റി അനർഹരായവർക്ക് കൊടുത്തപ്പോഴും മറ്റും അതിനെ നിസ്റ്റാരവൽക്കരിച്ചൊരു വിഭാഗം ഇവിടെയുണ്ടായിരുന്നു.
ആ മനോഭാവം വൈറസ് പോലെ വ്യാപിച്ചു എന്നു വേണം കരുതാൻ. സർവ്വത്ര വെട്ടിപ്പ്. തട്ടിപ്പ് യഥാ സമയം കണ്ടെത്തി എന്നത് നല്ല കാര്യം. കുറ്റം ചെയ്തവർക്ക് അവർ എത്ര വലിയവരായാലും ശിക്ഷ കൊടുത്തേ മതിയാവൂ.
രാഷ്ട്രീയ ഇടപെടലുകൾ ഇക്കാര്യത്തിലെങ്കിലും ഒഴിവാക്കണം. അനര്‍ഹമായി ലിസ്റ്റില്‍ കയറിക്കൂടിയ സര്‍വീസ് പെന്‍ഷന്‍കാരില്‍ നിന്നും ഒരാള്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷത്തെ എങ്കിലും സൂമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള പണം ഫൈന്‍ ആയി ഈടാക്കണം.
പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകണം. ഇത്തരം ദുഷ്ചെയ്തികൾ ഇനി ആവർത്തിക്കപ്പെടരുത്. സാക്ഷര കേരളം സുന്ദര കേരളം ആവുന്നതും കേരളം മാവേലി നാടാവുന്നതും അപ്പോൾ മാത്രമാണ്.