Advertisment

ജീവനക്കാരുടെ മരണം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന കുടുംബങ്ങളെ സഹായിക്കാനായിരുന്നു അച്യുതമേനോൻ സർക്കാർ ആശ്രിത നിയമനം കൊണ്ടുവന്നത്. ഇവിടെയിപ്പോൾ കടക്കെണിയിലായ ഒരു സർക്കാരാണ് പാർട്ടിയുടെ ആശ്രിതർക്കായി പുതിയ നിയമനവഴി തേടുന്നത്. മുൻ എംഎൽഎമാരുടെ ആശ്രിതർക്ക് സർക്കാർ നിയമനം കൂടി നൽകിയാൽ കുശാലായി - മുഖപ്രസംഗം

ഇങ്ങനെ ഒരു ഭാഗത്ത് ചട്ടങ്ങൾ കർശനമാക്കുമ്പോഴാണ് ആശ്രിത നിയമനം എന്ന പേരിൽ സർക്കാർ പിൻവാതിൽ നിയമനം നടത്തിയത്. അതാണിപ്പോൾ സുപ്രിം കോടതി വരെ എത്തിയതും തിരിച്ചടി നേരിട്ടതും. 

author-image
എഡിറ്റര്‍
New Update
c achuthamenon pinarai vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

1978 -ൽ സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശ്രിത നിയമന ഉത്തരവ് പുറത്തിറങ്ങിയത്. നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും സർക്കാർ കൊണ്ടുവരികയും അവയിൽ ചിലത് കാലാകാലങ്ങളിൽ പരിഷ്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവിസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ വരെ നിയമം കർശനമാക്കി. 

ഇങ്ങനെ ഒരു ഭാഗത്ത് ചട്ടങ്ങൾ കർശനമാക്കുമ്പോഴാണ് ആശ്രിത നിയമനം എന്ന പേരിൽ സർക്കാർ പിൻവാതിൽ നിയമനം നടത്തിയത്. അതാണിപ്പോൾ സുപ്രിം കോടതി വരെ എത്തിയതും തിരിച്ചടി നേരിട്ടതും. 


നിലവിലെ കണക്ക് പ്രകാരം മൊത്തം സർക്കാർ ജീവനക്കാരിൽ 30 ശതമാനം പേരും ആശ്രിത നിയമനം നേടിയവരാണ് എന്നിരിക്കെയാണ് രാഷ്ട്രീയനീക്കം നടത്തി സർക്കാർ അടി ചോദിച്ചു വാങ്ങിയത്. 


ആശ്രിതനിയമനങ്ങൾ നിരുപാധിക അവകാശമല്ലെന്നും അത്തരം നിയമനങ്ങൾക്ക്‌ കൃത്യമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സുപ്രീംകോടതിയുടെ മുൻ നിരീക്ഷങ്ങൾ സർക്കാർ അഭിഭാഷകർ അറിയാതെ പോയതാവാൻ വഴിയില്ല.

കിട്ടിയ കാശിന് നന്ദി കാണിക്കാൻ വേണ്ടി മാത്രം വാദിക്കാൻ ഇറങ്ങിയപ്പോൾ പക്ഷെ കിട്ടിയത് തിരിച്ചടിയായി എന്നു  മാത്രം.


ആശ്രിത നിയമനങ്ങൾക്ക്‌ അപേക്ഷിക്കുന്നവർക്ക്‌ നയങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള എല്ലാ യോഗ്യതകളും ഉണ്ടാകേണ്ടത്‌ അനിവാര്യമാണെന്നു മുമ്പ് പല സമാന സ്വഭാവമുള്ള കേസിലും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 


1997 ൽ ഹരിയാനയിൽ ജോലിക്കിടെ മരിച്ച പൊലീസ് കോൺസ്റ്റബിള്‍ ജയപ്രകാശിന്റെ മകൻ ടിങ്കുവിന്‌ ആശ്രിതനിയമനം നിഷേധിച്ച സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്‌തുള്ള ഹർജി തള്ളി ജസ്റ്റിസ് അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ അന്ന് നടത്തിയ വിധി പ്രസ്താവനയിൽ കൃത്യമായി കാര്യങ്ങളെ നിരീക്ഷിച്ചിരുന്നു. 

ചെങന്നൂർ മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനത്തിന് തിരിച്ചടിയായതും കോടതിയുടെ അതേ നിരീക്ഷണങ്ങളാണ്. 


ജനപ്രതിനിധി എങ്ങനെ സർക്കാർ ഉദ്യോഗസ്ഥനാവും എന്ന തിരിച്ചറിവു കൂടി സർക്കാറിന് ഇല്ലാതെ പോയി എന്നതാണ് ഇവിടെ  ദൗർഭാഗ്യകരം.


ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചുകൊണ്ട് ആര്‍ പ്രശാന്തിന് നിയമനം നല്‍കിയത്. ഇത് അന്ന് തന്നെ ഏറെ വിവാദമായിരുന്നു. 

അസിസ്റ്റന്റ് എഞ്ചിനീയര്‍ റാങ്കിലേക്കായിരുന്നു നിയമനം.  2018ലെ ഒരു ക്യാബിനറ്റ് തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് പ്രശാന്തിന് നിയമനം നല്‍കിയത്.

ഇത് പിന്‍വാതില്‍ നിയമനമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആ ആരോപണമാണ് ഇപ്പോൾ സുപ്രീംകോടതിയും ശരിവെച്ചിരിക്കുന്നത്. 


ജീവനക്കാരുടെ ആകസ്‌മിക മരണത്തെ തുടർന്ന്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെ കരകയറ്റാനുള്ള ഉപാധിയെന്ന നിലയിലാണ്‌ ആശ്രിതനിയമനങ്ങളെ കാണേണ്ടത്. 


ഇവിടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ആണ് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ മക്കൾക്കു വരെ നിയമനം നൽകി ഖജനാവ് മുടിക്കുന്നത്. 

ഈ വിധിയെങ്കിലും ഒരു പാഠമായി സർക്കാർ എടുക്കണം. അങ്ങനെ അർഹതപ്പെട്ടവർക്ക് മാത്രമാകട്ടെ ആശ്രിത നിയമനം.

-എഡിറ്റർ

Advertisment