കഴിഞ്ഞ വര്‍ഷം ഒരു ദേശീയ വനിതാ മാസിക നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുന്നതിന് അവരുടെ ആധുനിക വസ്ത്രധാരണത്തിന് വലിയ പങ്കുള്ളതായി വിലയിരുത്തിയിരുന്നു.
അത് വ്യക്തി സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് അതിന് രണ്ട് പക്ഷമുണ്ടെങ്കിൽ പോലും അത് ഏറെകുറെ സത്യമാണ്.
മുമ്പ് പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെ ഗായകൻ യേശുദാസ് വിമർശിച്ചപ്പോൾ ഉണ്ടായ വിവാദം കേരളം അറിഞ്ഞതാണ്.
എന്നാൽ പല ഘട്ടത്തിൽ കോടതികളിൽ പല കേസുകളിലെയും വിധി പ്രസ്താവനകളിൽ പോലും നമ്മുടെ വസ്ത്രധാരണ രീതിയിലെ മാറ്റങ്ങൾ വിമർശന വിധേയമാക്കിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.
മാന്യമായി വസ്ത്രം ധരിച്ച സ്ത്രീകളെ പുതിയ തലമുറ കുലസ്ത്രി എന്ന് വിളിച്ച് പരിഹസിക്കുന്നതും കേരളം കേട്ടതാണ്.
എന്നാൽ ശരീരത്തിന്റെ പല ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നവർ വിമർശിക്കപ്പെടുമ്പോൾ മാത്രം അത് ചർച്ചയാവുന്നതാണ് ഇപ്പോൾ കാണുന്നത്.
വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്ര്യവും സന്തോഷവും ഉപജീവനമാർഗ്ഗവും ആവാം. അതിനെ ആ രീതിയിൽ തന്നെ കാണുകയാണ് സമൂഹം ചെയ്യേണ്ടതത്.
മറിച്ച് വസ്ത്രധാരണത്തിന്റെ പേരിൽ ഒരാളെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴാണ് അത് നിയമലംഘനം ആകുന്നത്.
ഓരോ കാലഘട്ടത്തിനനുസരിച്ചും കാലാവസ്ഥയ്ക്ക് അനുസരിച്ചും നമ്മുടെ വസ്ത്രധാരണ രീതി മാറും. മാറുക തന്നെ വേണം. എന്നാൽ എല്ലായിപ്പോഴും ശരീരം മറക്കപ്പെടുക എന്ന ധര്‍മ്മമാണ് വസ്ത്രധാരണം കൊണ്ടു ലക്ഷ്യമാക്കേണ്ടത്.
മറിച്ച് ഇന്നിപ്പോൾ കാണുന്ന പ്രവണത പലപ്പോഴും മറ്റുള്ളവരുടെ വികാരത്തെ ഉണര്‍ത്തുന്ന വസ്ത്രധാരണം മാന്യതയുടെ മുഖം മൂടി അണിയുന്നു എന്നതാണ്.
എന്നാൽ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണത്തെ എക്‌സിബിഷനിസം എന്ന മാനസിക വൈകല്യമായിട്ടാണ് മനഃശാസ്ത്ര വിദഗ്ധർ പരാമർശിക്കുന്നത്.
നല്ലതും മാന്യവുമായി വസ്ത്രം ധരിക്കുക എന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നത് സമൂഹത്തിന് അറിയാത്ത സത്യമല്ല.
പക്ഷെ പുതിയ തലമുറ അതിനെ അങ്ങനെ വിശ്വാസിക്കാതെ വരുമ്പോഴാണ് വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നത്.
പുത്തൻ മാറ്റങ്ങളെ ഉൾക്കൊള്ളുവാനും അത് അനുകരിക്കുവാനും ഇന്നത്തെ യുവത്വം വെമ്പൽ കൊള്ളുന്നു. അറിഞ്ഞോ അറിയാതെയോ ഈ അനുകരണം അപകടകരമായ ജീവിതസാഹചര്യങ്ങളിലേക്കാണ് ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കുന്നത്.
ശരീരവടിവ് വെളിവാക്കുന്ന വസ്ത്രങ്ങൾ ഇന്നത്തെ പുത്തൻ ട്രെൻഡ് ആയി മാറിയിരിക്കുന്നു. സിനിമയിലും സീരിയലുകളിലും നടി-നടൻമാർ ധരിക്കുന്ന വസ്ത്രധാരണം അനുകരിക്കപ്പെടുന്നു.
ആഡംബര കാറിൽ സുരക്ഷിതമായി യാത്ര ചെയ്യുന്ന അവർക്ക് ഏതു തരത്തിലുള്ള വസ്ത്രവും ധരിക്കാം.
എന്നാൽ ഒരു സാധാരണ പെണ്‍കുട്ടിക്ക് ഇത്തരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് നമ്മുടെ പൊതു നിരത്തുകളിലോ സാധാരണ ബസ്സുകളിലോ സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിയില്ല എന്നത് സത്യമാണ്.
മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുന്ന ഈ സമൂഹത്തിൽ വികലമായ വസ്ത്രധാരണം എത്ര വലിയ അപകടം വിളിച്ചു വരുത്തുന്നു എന്ന് ഓർക്കുന്നത് നല്ലതാവും.
എതു വസ്ത്രമാണ് മാന്യം എന്ന് ചോദിക്കുന്നവരുണ്ട്. സ്വന്തം ശരീരത്തെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാത്ത ഏതു വസ്ത്രവും മാന്യമാണ്.
ഇവിടെ സമൂഹം ഓർക്കേണ്ടത് ഒരു കാര്യമാണ്. ഏതു വസ്ത്രമായാലും മാന്യമായി ഉപയോഗിക്കുവാൻ കഴിഞ്ഞാൽ അത് ശരീരത്തെ സംരക്ഷിക്കും, സംസ്കാരത്തെയും ഓരോ സംസ്കാരത്തിനും യോജിക്കുന്ന വസ്ത്രധാരണമാണ് അഭിലക്ഷണീയവും.