നിലമ്പൂർ എം.എൽഎ സ്ഥാനം പി.വി അൻവർ രാജിവെച്ചതോടെ മറ്റൊരു നിയമസഭ ഉപതിരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. പാലക്കാടും ചേലക്കരയ്ക്കും പിറകെയാണ് ഇത് എന്നതാണ് ശ്രദ്ധേയം.
അടുത്തവർഷത്തെ നിയമസഭാ പോരാട്ടം ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുമായി മുന്നണികൾ നീങ്ങവേയാണ്, അപ്രതീക്ഷതമായി നിലമ്പൂരും ഉപതിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നത്. ഇത് രാഷ്ട്രിയ നേതൃത്വത്തിന് ഉണ്ടാക്കുന്ന വെല്ലുവിളികൾ ഏറെയാണ്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്.
സിപിഎം നേതൃത്വം പാർട്ടി സമ്മേളനത്തിൻ്റെ ശ്രദ്ധയിലാണ്. കോൺഗ്രസിലാകട്ടെ മുഖ്യമന്ത്രിസ്ഥാനത്തിനും നേതൃനിരയിൽ സ്ഥാനമുറപ്പിക്കാനുമുള്ള കിടമത്സരം രൂക്ഷമായിരിക്കുകയാണ്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മൂലം നീട്ടിവച്ച പുനഃസംഘടനയും കോൺഗ്രസിൽ പൂർത്തിയാക്കേണ്ടതുണ്ട്.
യുഡിഎഫ് മുന്നണി സംവിധാനത്തിലും പാളിച്ചകൾ ഏറെയാണ്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള നിലമ്പൂരിൽ മുസ്ലിം ലീഗിന് പാർട്ടി കരുത്ത് തെളിയിക്കാൻ ഉപതിരഞ്ഞെടുപ്പ് വഴിയൊരുക്കും എന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ സമസ്തയുമായുള്ള പ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ പരിഹരിച്ചു എങ്കിലും ഉള്ളിലെ നീറ്റൽ പൂർണമായും അണഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
ഈ ഘട്ടത്തിൽ അതെല്ലാം നിലമ്പൂരിലും പ്രകടമായേക്കും. ഈ വർഷാവസാനത്തെ തദ്ദേശ തിരഞ്ഞെടുപ്പും നടക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾക്കെല്ലാം ഇടയിലാണ് നിലമ്പൂർ രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകുന്നത്.
ഇതിന് എല്ലാം പുറമേ ഒരു ഉപ തിരഞ്ഞെടുപ്പ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഏറെയാണ്. അത് രാഷ്ട്രിയ പാർട്ടികൾക്ക് ആണെങ്കിലും പൊതുഖജനാവിനാണെങ്കിലും.
ഇക്കഴിഞ്ഞ നാല് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളും സിറ്റിങ്ങ് സീറ്റുകൾ നിലനിർത്തിയിരുന്നു. പുതുപ്പള്ളിയും തൃക്കാക്കരയും പാലക്കാടും യുഡിഎഫും ചേലക്കര എൽഡിഎഫും. വയനാട് ലോകസഭ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് നില നിർത്തി.
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു നടന്നാൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്ന ഉറച്ച പ്രതീക്ഷ നിലവിൽ യുഡിഎഫിനുണ്ട്.
അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ഊർജമാകുമെന്നും അവർ കരുതുന്നു. ഇതേ ആത്മവിശ്വാസം തന്നെയാവും ഇടതുമുന്നണിയിലും ഉണ്ടാവുക.
ഒഴിവുവന്ന സീറ്റിൽ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നാണു തിരഞ്ഞെടുപ്പ് ചട്ടം. നിലമ്പൂരിൽ ഉടൻ ഉപതിരഞ്ഞെടുപ്പു നടന്നാൽ ജയിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് ഒരു വർഷത്തോളം മാത്രമെ നിയമസഭാ അംഗത്വ കാലാവധി ലഭിക്കൂ. പെന്‍ഷനുപോലും പുതിയ എംഎല്‍എയ്ക്കു അവസരം ഉണ്ടാകില്ല.
അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പു വേണോയെന്ന കാര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനാകും അന്തിമ തീരുമാനമെടുക്കുക. സംസ്ഥാന സർക്കാറിൻ്റെ അഭിപ്രായവും തേടും.
എന്തായാലും രാഷ്ട്രീയ വെല്ലുവിളികൾക്കായി മണ്ഡലത്തെ ഇത്തരത്തില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് തളളി വിടുന്ന പ്രവണത ഒട്ടും നല്ലതല്ലെന്നു തന്നെയാണ് നിഷ്പമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം പൊതുജനാഭിപ്രായം.
-എഡിറ്റര്‍