ഉപഭോക്താക്കളെ പിടിച്ചിരുത്താനുള്ള മാധ്യമങ്ങളുടെ ഉത്പന്നം 'വിവാദ'ങ്ങളാണ്. ഏറ്റവുമധികം വിറ്റഴിയുന്നത് വിവാദങ്ങളായത് കൊണ്ട് അത്തരം വിഷയങ്ങളെ കൂടുതല്‍ പൊലിപ്പിക്കുന്നത് മാധ്യമങ്ങളുടെ ശീലവുമാണ്.
ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ സത്യം തിരിച്ചറിയാതെ വിവാദങ്ങള്‍ ഏറ്റുപിടിച്ച് കൊഴുപ്പിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണം 1994-ലെ ഐഎസ്ആര്‍ഒ ചാരവൃത്തി കേസാണ്.
കേസില്‍ കുറ്റാരോപിതനായ എസ്. നമ്പിനാരായണന്‍ നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയപ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ സമൂഹവിചാരണ നേരിട്ടതും നമ്മൾ കണ്ടതാണ്. എന്നാൽ അതിൽ നിന്നൊന്നും പാഠം പഠിച്ചിട്ടില്ലെന്ന് പിന്നീട് പലയിടത്തും തെളിയിക്കപ്പെട്ടു.
വായനക്കാരെ പിടിച്ചുനിര്‍ത്താന്‍ പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണത സർവ്വസാധാരണമാവുകയായിരുന്നു പിന്നെ.
സുപ്രധാന വിഷയം നടന്ന സ്ഥലത്ത് യൂട്യൂബ് വ്‌ളോഗര്‍മാരടക്കമെത്തി സംഭവം വിവരിക്കുന്ന പ്രവണതയെ നിശിതമായി വിമർശിക്കപ്പെടുന്നത് നമ്മൾ കണ്ടതുമാണ്.
മാധ്യമധര്‍മം പാലിക്കാതെ തങ്ങളുടെ ചാനലില്‍ കാഴ്ചക്കാരെ കൂട്ടാന്‍ മാധ്യമങ്ങളും വ്‌ളോഗര്‍മാരും വൈറസ് പടരുന്നതിനേക്കാൾ വേഗത്തിൽ വ്യാജവാർത്തകൾ പടർത്തുന്ന സമയത്ത് കൃത്യമായ വിവരങ്ങൾ അടങ്ങിയ ദിനപത്രങ്ങളിലായിരുന്നു എല്ലാവർക്കും വിശ്വാസം.
പുലരുമ്പോൾ പൂമുഖത്തു കാണുന്ന ദിനപത്രം നമുക്ക് നല്ല കണിയാകുന്ന കാലം കഴിഞ്ഞെന്ന് ഇനി മുതൽ നിസ്സംശയം പറയാം.
ഇന്നത്തെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജ് വായിച്ചവർ മുഴുവൻ വഞ്ചിക്കപ്പെട്ടു. വ്യാജ വാർത്തകൾ സൃഷ്ടിച്ച് വായനക്കാരെ വിഢികളാക്കുകയായിരുന്നു ഇന്ന് പത്രാധിപർ.
വാർത്തകളുടെയും മറ്റ് വിവരങ്ങളുടെയും വിശ്വാസ്യത നിർണ്ണയിക്കാനുള്ള വായക്കാരുടെ കഴിവിനെ പരീക്ഷിക്കുകയായിരുന്നു ഒന്നാം പേജെന്ന വ്യാജേന പ്രസിദ്ധീകരിച്ച വാർത്തയിലുടെ മലയാളത്തിലെ പ്രമുഖ പത്രങ്ങൾ ചെയ്തത്.
ഏത് വിവരമാണ് വിശ്വസിക്കേണ്ടത്, പങ്കിടേണ്ടത്, പ്രവർത്തിക്കേണ്ടത് എന്ന് നിർണ്ണയിക്കാൻ 'ഒരു പത്രപ്രവർത്തകനെ'പ്പോലെ വായനക്കാരും ചിന്തിക്കാൻ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് സാരം.
പത്രമാധ്യമങ്ങള്‍ ഒരു വ്യവസായമേഖലയാണ്. പക്ഷേ വ്യവസായം എന്നതിനപ്പുറം മാധ്യമങ്ങളെ നയിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയും സത്യവും നീതിയും വെളിച്ചത്ത് കൊണ്ടുവരാനുള്ള പ്രവണതയുമാണ്. എന്നാൽ അതിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്നാണ് ഇന്നത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
സത്യം പുറത്തുകൊണ്ടുവരേണ്ട വാര്‍ത്താമാധ്യങ്ങള്‍ സ്വന്തം രീതിയില്‍ 'സത്യ'ത്തെ സൃഷ്ടിച്ചെടുക്കുന്നത് ഒരു തരത്തിലും ന്യായികരിക്കാന്‍ സാധിക്കുന്നതല്ല. അതു കൊണ്ട് തന്നെയാണ് ഇന്ന് പത്രം വായിച്ച പല വായനക്കാരും വാർത്തയിലെ അസത്യം മനസ്സിലാക്കിയപ്പോൾ ശക്തമായ വിമർശനവുമായി മുന്നോട്ടുവന്നത്.
പീഡന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇരയെ തിരിച്ചറിയുന്ന വിവരങ്ങളെല്ലാം ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ എല്ലായെപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇരയാകപ്പെട്ടവര്‍ക്ക് നിര്‍ഭയ, എന്നി പേരുകള്‍ നല്‍കിയത് ഉദാഹരണം.
എന്നാൽ സാങ്കല്‍പിക വാർത്തകൾ സൃഷ്ടിക്കുമ്പോൾ അത് വായനക്കാർക്ക് കൂടി മനസ്സിലാവണം എന്ന തത്വം ബലിക്കഴിക്കപ്പെടുന്നത് പരസ്യദാതാക്കളിൽ പത്രാധിപർ കീഴ്‌പ്പെടുമ്പോഴാണ്.
മാധ്യമധര്‍മത്തെ കുറിച്ച് നിരന്തരം ചര്‍ച്ചനടക്കുന്ന ഇടമായിട്ട് കൂടി വാര്‍ത്തകളില്‍ എന്ത് ഒഴിവാക്കണം എന്ത് നല്‍കണമെന്ന കാര്യത്തില്‍ ഇപ്പോഴും ബോധ്യമില്ല എന്നും വ്യക്തമാക്കപ്പെട്ടു.
സമൂഹത്തിന് നേരെ തിരിച്ചുപിടിച്ചിരിക്കുന്ന കണ്ണാടി കൂടിയാണ് മാധ്യമങ്ങള്‍. സമൂഹത്തിന്റെ ചിന്താരീതി ചിലപ്പോള്‍ മാധ്യമങ്ങളെ സ്വാധീനിക്കാം. തിരിച്ചും സംഭവിക്കാം.
വാര്‍ത്തകളുടെ അടിത്തറയായ വിശ്വാസ്യത തന്നെയാണ് ഇവിടെ ഇന്ന് ചോദ്യം ചെയ്യപ്പെട്ടതെന്ന് പത്രാധിപർ മറന്നുപോകുമ്പോൾ 'ഇന്‍ഫോര്‍മേഷന്‍ എത്തിക്‌സ്' കൂടിയാണ് ആണ് ബലി കഴിക്കപ്പെടുന്നത്.
വാര്‍ത്തകള്‍ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ളതല്ല, മെച്ചപ്പെട്ട ഭാവി നിര്‍മ്മിക്കാനുള്ളതാവണം എന്നു കൂടി പറഞ്ഞു കൊള്ളട്ടെ.
-എഡിറ്റര്‍