Advertisment

എന്ത് പദ്ധതി വന്നാലും അതിനെയെതിര്‍ക്കാന്‍ ഗവേഷണം നടത്തുന്നവരായി മലയാളി മാറി. ദേശീയപാതക്കും മെട്രോക്കും നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കുമെതിരെ ഉയർന്ന പ്രതിഷേധത്തിന് സർക്കാരുകള്‍ വഴങ്ങിയിരുന്നെങ്കിൽ ഇന്നെന്താകുമായിരുന്നു ? അതിനാല്‍ ബ്രൂവറി നടക്കട്ടെ, അഴിമതി അന്വേഷിക്കട്ടെ. അല്ലെങ്കില്‍ ഈ കൈയ്യടിക്കുന്ന ജനം നാളെ പട്ടിണിയിലാകും- മുഖപ്രസംഗം

കേരളത്തില്‍ പ്രകൃതി ചൂഷണത്തിന്റെ പേരിൽ നിർത്തിവെച്ച വികസന പദ്ധതികളുടെ പട്ടിക പരിശോധിച്ചാൽ നിരവധിയാണ്. പക്ഷെ പ്രകൃതി ചൂഷണം എന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വികസനത്തിന് തടസ്സം സൃഷ്ടിക്കുക എന്ന പ്രവണത ഈയിടെയായി എല്ലാ പദ്ധതികൾക്കും തടസ്സമാവുന്നു എന്നതാണ് സത്യം

author-image
എഡിറ്റര്‍
Updated On
New Update
bruvery-2
Listen to this article
0.75x 1x 1.5x
00:00 / 00:00

നാളെത്തെ തലമുറയെ കണ്ടുകൊണ്ടാവണം സർക്കാർ നാട്ടിൽ വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്നതാണ് പൊതുതത്വം. ദൗർഭാഗ്യവശാൽ ചിലർ ഏത് വികസന പദ്ധതികളെയും എതിർക്കുന്നതാണ് കേരളത്തിലെ യാദാര്‍ഥ്യം. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലവും ഉണ്ട്. ഇപ്പോഴത്തെ ഭരണക്കാര്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ മറ്റുള്ളവരും ഒട്ടും പിന്നിലല്ല.

Advertisment

ഭൂപരിഷ്‌കരണം നടപ്പിലാക്കിയ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നത് ? സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു.

അതിനെയെല്ലാം മറികടന്നാണ് ഭൂപരിഷ്ക്കരണവും സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണവും എല്ലാം ഇഎംഎസ് സർക്കാർ കൊണ്ടുവന്നത്. അതൊക്കെ ഇന്നും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്.


സർക്കാർ ചെയ്യേണ്ട കാര്യം സർക്കാർ ചെയ്യണം. വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുകയാണ് അതിൽ പ്രധാനം. 2018ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അഴിമതി ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്രൂവറി വിവാദത്തിന്റെ തനിയാവര്‍ത്തനമാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭാ തീരുമാനത്തോടെ ഇപ്പോൾ ഉയര്‍ന്നുവന്നിരിക്കുന്നത്. 


രാജ്യത്തെ പ്രമുഖ മദ്യനിര്‍മാണ കമ്പനികളില്‍ ഒന്നായ ഒയാസിസിന്, ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്, എല്ലാം ദൂർഗർഭ ജലത്തിൻ്റെ പേരിൽ. പിന്നെ കുറച്ച് അഴിമതിയും.

പ്ലാച്ചിമടയിൽ കൊക്കോ കോളക്കെതിരെ നടന്ന സമരം വലിയ വിവാദങ്ങൾക്ക് ആയിരുന്നു വഴിയിട്ടിരുന്നത്. അതിന് സമാനമായ പ്രതിഷേധത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നല്‍കിയിരിക്കുന്നത്. 


ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്ന് സര്‍ക്കാര്‍ പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ന്യായമായിരിക്കാം. എന്നാൽ വിവാദങ്ങൾ മറ്റുപലത്തിന്റെ പേരിലാവുമ്പോൾ അതിലാണ് വലിയ സംശയങ്ങൾ ഉയരുന്നത്. 


കേരളത്തില്‍ പ്രകൃതി ചൂഷണത്തിന്റെ പേരിൽ നിർത്തിവെച്ച വികസന പദ്ധതികളുടെ പട്ടിക പരിശോധിച്ചാൽ നിരവധിയാണ്. പക്ഷെ പ്രകൃതി ചൂഷണം എന്ന പേരിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് വികസനത്തിന് തടസ്സം സൃഷ്ടിക്കുക എന്ന പ്രവണത ഈയിടെയായി എല്ലാ പദ്ധതികൾക്കും തടസ്സമാവുന്നു എന്നതാണ് സത്യം.

പാരിസ്ഥിതിക പ്രാധാന്യമുള്ള പദ്ധതി നടപ്പാക്കുന്നതിൽ പോലും തടസവാദമുന്നയിക്കുന്നവരെ വികസന വിരോധികൾ എന്നുതന്നെയല്ലേ വിളിക്കേണ്ടത്.

രാജ്യത്തെ മൊത്തം ജല ദുരുപയോഗം ഏകദേശം 20  ശതമാനവും ഗാർഹികവും വ്യാവസായികവുമായ ഉപയോഗമാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ വെള്ളത്തിൻ്റെ 80 ശതമാനവും കൃഷിയിലേക്കാണ് പോകുന്നത്. പാഴാക്കലിൻ്റെയും കെടുകാര്യസ്ഥതയുടെയും വലിയൊരു പങ്കും അവിടെയാണ്. 


തീർച്ചയായും, അതിനർത്ഥം നഗരവാസികൾ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ല എന്നല്ല. ഗാർഹികവും വ്യാവസായികവുമായ ഉപയോഗങ്ങളിലൂടെയുള്ള ജല മലിനീകരണത്തിന് നഗരങ്ങളും ഫാക്ടറികളും തീർച്ചയായും ഉത്തരവാദികളാണ് എന്നു തന്നെയാണ്. അത് ഒരു ബ്രൂവറി വ്യവസായം കൊണ്ടു മാത്രമല്ലെന്ന് സാരം.


കേരളത്തില്‍ സൈലെന്റ്‌റ് വാലിയിലെ ജൈവ വൈവിധ്യ വനങ്ങളെ നശിപ്പിച്ചു ഒരു ജല വൈദ്യുതി പദ്ധതി തുടങ്ങിയാല്‍ നാം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നത് പോലെയാണെന്ന് ചില മനുഷ്യ സ്‌നേഹികളും പ്രകൃതി സ്‌നേഹികളും ചര്‍ച്ച തുടങ്ങി വച്ചപ്പോള്‍ ഇവിടുത്തെ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ വിളിച്ച പേരാണ് വികസന വിരോധികൾ എന്നത്. ഇന്നത് പക്ഷെ ഏത് പദ്ധതിയെയും എതിർക്കുക എന്നതിലേക്കായി കാര്യങ്ങൾ.

വികസനം എന്ന് പറഞ്ഞാല്‍ അതിനു പലര്‍ക്കും പല അര്‍ഥങ്ങളാണ്. ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മാളുകളും, ഫൈവ് സ്റ്റാർ ഹോട്ടലുകളും ആണ്. ചിലര്‍ക്ക് വികസനം എന്ന് പറഞ്ഞാല്‍ മെട്രോയും, റോഡുകളുമാണ്. ചിലര്‍ക്കത് അംബരചുംബികളായ കെട്ടിട സമുഛയങ്ങലാണ്. ചിലര്‍ക്ക് അത് വലിയ ഇന്ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ്. അതായത് നാട്ടിലെ ഒരോ ജനതയും ഒരോ പദ്ധതിയും ആഗ്രഹിക്കുന്നു. അതിൽ ഫലപ്രഥമായത് സർക്കാർ നടപ്പാക്കുക തന്നെ വേണം. 

ദേശീയപാതയും മെട്രോ റെയിലും ഗെയിൽ ഗ്യാസ് ലൈൻ പദ്ധതിയും നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഉയർന്ന പ്രതിഷേധത്തിന് സർക്കാർ വഴങ്ങിയിരുന്നെങ്കിൽ ഇന്ന് കാര്യങ്ങൾ എന്താകുമായിരുന്നു എന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തിനേറെ നെടുമ്പാശ്ശേരിയിലും കണ്ണൂരിലും വിമാനത്താവളങ്ങൾ ഉയർന്നപ്പോൾ പോലും അതിനെ എതിർക്കാൻ വലിയൊരു വിഭാഗം ജനങ്ങൾ രംഗത്ത് വന്നിരുന്നു.


പക്ഷേ ആ പ്രതിഷേധത്തിന് കീഴ്പ്പെടാതെ സർക്കാർ മുന്നോട്ടു പോയത് കൊണ്ട് മാത്രമാണ്  ഇന്നിപ്പോൾ കാണുന്ന വികസനങ്ങൾ എല്ലാം ഓരോയിടത്തും വന്നുചേർന്നത്. ഒരു രാജ്യത്തിലെ സുവ്യവസ്ഥയുടെ ലക്ഷണം അതിലെ കോടീശ്വരന്മാരുടെ എണ്ണമല്ല, ജനങ്ങളുടെ പട്ടിണിയില്ലായ്മയാണ് എന്നാണ് മഹാത്മജി പറഞ്ഞത്.


ഓരോ മനുഷ്യനും ജീവിക്കാന്‍ അവകാശമുണ്ട്. അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഉള്ള ബാധ്യത സർക്കാറിനും ഉണ്ടാവേണ്ടതുണ്ട്. സുസ്ഥിര വികസനം കൊണ്ട് ലക്ഷ്യമാക്കേണ്ടത് ഇതെല്ലാമാണ്.

അതിനാല്‍ പാലക്കാട്ടെ ബ്രൂവറിയിലെ അഴിമതി അന്വേഷിക്കട്ടെ, പദ്ധതി പ്രാവര്‍ത്തികമാകട്ടെ. അതിനുള്ള ജല ലഭ്യതയൊക്കെ ഈ കേരളത്തില്‍ സമൃദ്ധമായുണ്ട്. ഇവിടെ തോല്‍ അവസരങ്ങള്‍ ഉണ്ടാകട്ടെ, നിക്ഷേപം വരട്ടെ. അല്ലെങ്കില്‍ ഈ നാട് പട്ടിണിയിലാകുന്ന കാലം വിദൂരമല്ല.

Advertisment