Advertisment

എറണാകുളത്തെ വിമത അക്രമങ്ങള്‍ ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യം വച്ചുള്ളത് ? വിശ്വാസം തകര്‍ക്കുക എന്നത് ആത്യന്തിക ലക്ഷ്യമോ ? സമരങ്ങളില്‍ ക്രൈസ്തവീയത ലവലേശമില്ല. അള്‍ത്താരയും തിരുവസ്ത്രമണിഞ്ഞ വൈദികനും ബലിവസ്തുക്കളും ആക്രമിക്കപ്പെടുന്നത് മനപൂര്‍വമോ ? ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കപ്പെടണം - മുഖപ്രസംഗം

മാർപ്പാപ്പയുടെ ഉത്തരവിന് പോലും വില കൽപ്പിക്കാതെ വിശുദ്ധ കുർബാന തടസ്സപ്പെടുത്തുമ്പോൾ അതിന് പിന്നിൽ കുര്‍ബ്ബാനയ്ക്കപ്പുറം മറ്റ് അജണ്ടകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. 

author-image
എഡിറ്റര്‍
New Update
prasadagiri church issue

ലോകത്ത് ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെ വിലയിരുത്തുന്ന 'ഓപ്പൺ ഡോർസ്' എന്ന സംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്റെ നിരക്ക് 'അതിഭയാനകം' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

Advertisment

മത ദേശീയതയാണ് ഈ പീഡനത്തിന്റെ പ്രധാന കാരണമായി സൂചിപ്പിക്കുന്നത്. രാജ്യത്ത് സഭയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ പലതരം പീഡനങ്ങൾ കാണുവാൻ സാധിക്കും.

ഒറീസയിൽ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടെരിച്ചതു മുതൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സിസ്റ്റർ റാണിമരിയയും വിവിധ മിഷൻ പ്രദേശങ്ങളിൽ കൊല്ലപ്പെട്ട നിരവധി ആളുകളും ഇതിൽ ഉൾപ്പെടും. 

sister rani mariya

അതുപോലെ തന്നെ മണിപ്പൂരിലും ഒറീസയിലും ചത്തീസ്ഗഢിലും മധ്യപ്രദേശിലും കർണാടകയിലുമൊക്കെ വലിയ രീതിയിൽ ക്രൈസ്തവർക്കെതിരെ ലഹളകൾ ഇന്നും നടക്കുന്നു. 


രാജ്യത്തിനകത്ത് തന്നെ വലിയ പീഢനങ്ങൾ ക്രിസ്ത്യൻ സമൂഹം നേരിടുമ്പോഴാണ് സഭക്കുള്ളിൽ തമ്മിൽ തല്ലി വൈദികർ സഭാ വിശ്വാസികളിൽ കളങ്കം വരുത്തുന്നത്. 


അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് അങ്കമാലി അതിരൂപതിയില്‍പെട്ട കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍ പളളിയില്‍  നടന്നത്. 

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിനഡിന്റെ നിർദ്ദേശമുണ്ടായിരുന്നു. 

vaikom prasadagiri church issue-2

എന്നാൽ സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്. 


ഏകീകൃത കുർബാന രീതി നടപ്പിലാക്കുന്നതിനെ ഒരു വിഭാഗം വിമത വൈദികരും വിശ്വാസികളും എതിർക്കുക മാത്രമല്ല അക്രമത്തിന് മുതിർന്ന് തുടങ്ങി എന്നത് വിശ്വാസികളെ മാത്രമല്ല ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 


മാർപ്പാപ്പയുടെ അന്തിമ നിർദ്ദേശപ്രകാരം പുതിയ സർക്കുലർ ഇറക്കി കുർബാന നടത്താൻ ഉത്തരവും നൽകി. 

pope francis

മാർപ്പാപ്പയുടെ ഉത്തരവിന് പോലും വില കൽപ്പിക്കാതെ വിശുദ്ധ കുർബാന തടസ്സപ്പെടുത്തുമ്പോൾ അതിന് പിന്നിൽ കുര്‍ബ്ബാനയ്ക്കപ്പുറം മറ്റ് അജണ്ടകൾ ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ. 

അതിൽ ഏറ്റവും പ്രധാന ലക്ഷ്യം സീറോ മലബാർ സഭയുടെ കെട്ടുറപ്പിനെ തകര്‍ക്കുക എന്നത് തന്നെയാണ്. 


സഭയുടെ പരിപാവനമായ  തിരുക്കര്‍മ്മങ്ങളുടെ പ്രസക്തി നശിപ്പിക്കുന്നതിലൂടെ വിശ്വാസം തകർക്കുക എന്നതും ചിലർ ലക്ഷ്യമാക്കുന്നുണ്ടെന്ന് സംശയിക്കണം. 


പ്രസാദഗിരി പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയ നീര്‍പ്പാറ അസീസി കോണ്‍വെന്റിന്റെ ചുമതല വഹിക്കുന്ന ഫാ. ജോണ്‍ തോട്ടുപുറത്തിനെയാണ് വിമത വൈദികരും ചില തൽപരകക്ഷികളും ചേർന്ന് അക്രമിച്ചത്. 

fr. john thottupuram

പ്രസാദഗിരി പള്ളിയിലെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി ജനുവരി ആറിനാണ് ഫാ. ജോണ്‍ തോട്ടുപുറത്തിനെ രൂപത നിയമിച്ചത്. പള്ളിയില്‍ തിരുനാളായതിനാല്‍ 28-നാണ് അദ്ദേഹം ചാര്‍ജെടുത്തത്. 


രൂപത ചുമതലപ്പെടുത്തിയ വൈദികനെ കായികമായി അക്രമിക്കാൻ സഭക്കുള്ളിൽ തന്നെയുള്ളവർ തയ്യാറായതിന് പിന്നിൽ  ബാഹ്യ ശക്തികളുടെ പ്രേരണ ഉണ്ടെന്ന സംശയം ന്യായമാണെന്ന് തോന്നി പോകും.


സഭാ ഭരണത്തില്‍ വൈദികര്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതാണ് ഒട്ടു മിക്ക സഭകളിലും സംഘര്‍ഷത്തിനിടയാക്കുന്നത്. വന്‍ സാമ്പത്തിക കൊള്ളയാണ് പലയിടത്തും നടക്കുന്നത്.  

ഇടവകകളുടെ പണം കൊള്ളയടിക്കപ്പെടുന്നു. തൃശ്ശൂർ കൊരട്ടി പള്ളിയിൽ ആറ് തെങ്ങിന് വളം ഇടാൻ എന്നുപറഞ്ഞു ലക്ഷങ്ങള്‍ തട്ടിയ സംഭവം പുറത്തു വന്നിരുന്നു.

thrissur koratti church

ഇത് കൊള്ളയുടെ ചെറിയൊരു  കണക്ക് മാത്രം. അതിരൂപതാ ദേവാലയങ്ങളില്‍ സമഗ്ര ഓഡിറ്റ് നടത്തിയാൽ വലിയ കൊള്ളകൾ എല്ലാം പുറത്തു കൊണ്ടുവരാൻ കഴിയും. 

വിശ്വാസികളുടെ പണമാണ് ചില വൈദികർ ധൂർത്തടിക്കുന്നത്. അത് കണ്ടെത്തി തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരിക തന്നെ വേണം. 

അതൊന്നും പുറത്തുവരാതിരിക്കാൻ ആണ് ഇപ്പോൾ വിമത വൈദികർ പലരും അക്രമത്തിന്റെ പാത സ്വീകരിച്ചതിന് പിന്നിലും. 


കുര്‍ബ്ബാന നടക്കുമ്പോൾ അള്‍ത്താരയില്‍ കയറി ബൈബിളും കാസയും പീലാസയും തകര്‍തത് ഒരു വൈദികന്റെ നേതൃത്വത്തിൽ എന്നത് തന്നെ ഇവരുടെ ആത്മീയ ബോധത്തെ കുറിച്ച്, സഭയോടുള്ള വിധേയത്വത്തെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ്. 


അള്‍ത്താരയെ ലക്ഷ്യം വയ്ക്കുന്നത് ഇത് ആദ്യമായി അല്ല. മുമ്പ് പലതവണയും  കുർബാന തടസപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്.  

 prasadagiri CHURCH

അതിന് പിന്നിലെ അജണ്ട പുറത്തു കൊണ്ടുവരിക തന്നെ വേണം. യാക്കോബായ- ഓര്‍ത്തോഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 

പക്ഷെ ആ  തര്‍ക്കങ്ങളില്‍പോലും ഉണ്ടാകാത്ത സംഭവങ്ങളാണ് കുർബാനക്കിടെ അള്‍ത്താര ആക്രമിക്കുക, അവിടെ നിൽക്കുന്ന ദൈവത്തിന്റെ പ്രതി പുരുഷനായ വൈദികനെ ചവിട്ടി പുറത്താക്കുക എന്നതൊക്കെ.


പാൻ്റും ഷർട്ടും ധരിച്ചു ഒരു മൈതാനത്ത് മേശയിട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ച സംഭവംതന്നെ മനപൂർവം കുർബാനയെ അവഹേളിക്കാൻ ചെയ്തതതാണെന്ന് സംശയിക്കണം. പ്രതിഷേധ സൂചകമായി സമര കുർബ്ബാന അർപ്പണം നടത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. 


അതൊക്കെ തന്നെയാണ് സംഭവത്തിന് പിന്നിൽ ചില സാമൂഹ്യ വിരുദ്ധ ശക്തികളുടെ പിൻബലം ഉണ്ടെന്ന സംശയം ജനിക്കുന്നത്. പിതാക്കന്മാരെ മോശം പദങ്ങളിലൂടെ വിശേഷിപ്പിക്കുന്നത് അവരോടുള്ള ആദരവ് നശിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെയാവണം. 

സമാധാനത്തിൻ്റെ പാത എന്നും പിന്തുടരുന്ന ക്രിസ്ത്യാനിറ്റിയുടെ പ്രാധാന്യം ഇല്ലാത്തതാക്കി മാറ്റുകയാണ് ഇങ്ങനെ നടക്കുന്ന പ്രതിഷേധങ്ങൾ  എല്ലാം. മണിപ്പൂർ സംഭവങ്ങളിൽ വിലപിച്ചവർ തന്നെ ഇവിടെ സഭക്കുള്ളിൽ അക്രമം നടത്തുമ്പോൾ അത് കളങ്കപ്പെടുത്തുന്നത് സഭയുടെ പവിത്രയെ തന്നെയാണ്.  


വർഗീയവാദികൾ കൂട്ടുനിന്ന്  പള്ളിക്കുള്ളിൽ ചിലർ നിയമം കൈയിലെടുക്കുകയും പുരോഹിതരെ വേട്ടയാടുകയും ചെയ്യുമ്പോൾ നിയമപാലകർ നിസംഗത വെടിയണം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. 


അക്രമികൾക്ക് എതിരെ കാനോൻ നിയമപ്രകാരവും രാജ്യത്തെ നിയമപ്രകാരവുമുള്ള നടപടികൾ ആരംഭിച്ചതായി സഭ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ആ വിശ്വാസത്തിലാണ് സഭാ വിശ്വാസികളും.

Advertisment