/sathyam/media/media_files/2025/05/05/xso5m0klanxvtheppwbr-288934.webp)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തം കേരളത്തിലെ ആരോഗ്യരംഗത്തെ സുരക്ഷാ മാനദണ്ഡങ്ങളെയും അടിയന്തര ഘട്ടങ്ങളിൽ നടപ്പാക്കേണ്ട സംവിധാനത്തിലെ പാളിച്ചകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
2025 മെയ് 2-ന് രാത്രി 8 മണിയോടെ, മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന UPS റൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് ആദ്യം തീപിടുത്തം ഉണ്ടായത്.
MRI യൂണിറ്റുമായി ബന്ധപ്പെട്ട ബാറ്ററി ബാക്കപ്പ് സിസ്റ്റത്തിൽ ഉണ്ടായ ഈ അപകടത്തിൽ ബാറ്ററികൾ പൊട്ടിത്തെറിച്ചു, കനത്ത പുക ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നു.
/sathyam/media/media_files/2025/05/05/fire-breaks-out-at-kozhikode-medical-college-hospital-js-022220250935-199835.jpg)
ഇത് 200-ലധികം രോഗികളെയും അവരുടെ ബന്ധുക്കളെയും അടിയന്തരമായി മാറ്റിപ്പാർപ്പിക്കാൻ കാരണമായി. അപകട സമയത്ത് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇവയിൽ ചിലത് അപകടത്തിന് മുൻപ് സംഭവിച്ചതാണെന്നാണ് വ്യക്തമാക്കുന്നത്.
ചില മരണങ്ങൾ പുക ശ്വസിച്ചതിനാലോ, വെന്റിലേറ്റർ പിന്തുണ നഷ്ടപ്പെട്ടതാലോ സംഭവിച്ചതാണെന്ന് ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും ആരോപിക്കുമ്പോൾ സംഭവത്തിലെ നിജസ്ഥിതി അറിയാൻ പൊതുജനങ്ങൾക്കും അവകാശമുണ്ട്.
മരണകാരണം വ്യക്തമാക്കാൻ വിദഗ്ധ സമിതി അന്വേഷണം നടത്തുന്ന ഘട്ടത്തിലാണ് അതേ കെട്ടിടത്തിൽ വീണ്ടും അഗ്നിബാധയുണ്ടാകുന്നത്. ഇത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
/sathyam/media/media_files/2025/05/05/kozhikode-fire-accident-755331.webp)
മലബാറിലെ ഏറ്റവും തിരക്കേറിയ ഒരു മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇങ്ങനെ അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നത് എന്നതാണ് ഏറെ വിചിത്രം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിൽ ചികിത്സാ പിഴവുകൾ ഉണ്ടാകുമ്പോഴും ഇത്തരത്തിലുള്ള അഗ്നി ബാധകൾ നടക്കുമ്പോഴും നമ്മൾ ആശ്ചര്യപ്പെടാറുണ്ട്.
അതാതിടങ്ങളിലെ സർക്കാരിന്റെ അനാസ്ഥയായിട്ടായിരുന്നു അതെല്ലാം നമ്മൾ വിലയിരുത്തിയതും. അങ്ങനെയെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ച വീഴ്ചയ്ക്ക് ആരാണ് ഉത്തരവാദി.?
ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങളുടെ അപാകതകളല്ലേ വെളിപ്പെടുത്തുന്നത്. പ്രധാനമായും, ആശുപത്രിക്ക് സമീപം ഫയർ സ്റ്റേഷൻ ഇല്ലാത്തത്, അപകട സമയത്ത് രക്ഷാപ്രവർത്തനങ്ങൾ വൈകാൻ കാരണമായി.
/sathyam/media/media_files/2025/05/05/kozhikode-medical-college-1-903893.webp)
നാല് വർഷങ്ങൾക്ക് മുൻപ് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ സർക്കാർ നടപടിയില്ല. കാലപ്പഴക്കം ചെന്ന ഒരു കെട്ടിടത്തിലല്ല അപകടം എന്നതും കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുകയാണ്.
രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച ആശുപത്രി സമുച്ചയത്തിലാണ് ഷോർട്ട് സർക്യൂട്ട് മൂലം അഗ്നിബാധ ഉണ്ടാകുന്നത്. ഈ ദുരന്തം, ആശുപത്രി മാനേജുമെന്റ സംവിധാനത്തിന്റെ വീഴ്ചയായിട്ട് വേണം വിലയിരുത്താൻ.
സാങ്കേതിക സംവിധാനങ്ങളുടെ പരിപാലനത്തിൽ ശ്രദ്ധയും, സുരക്ഷാ മാനദണ്ഡങ്ങളുടെ കർശനമായ പാലനവും അനിവാര്യമാണ്.
അതുപോലെ, ദുരന്തനിവാരണത്തിനുള്ള മുൻകരുതലുകളും പരിശീലനങ്ങളും ഉറപ്പാക്കണം. ഇതെല്ലാം ഇവിടെ വീഴ്ചയാകുമ്പോൾ അപകടങ്ങൾ പതിവാകുകയും ദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുകയാണ്.
/sathyam/media/media_files/2025/05/05/kozhikode-medical-colege-fire-174436.webp)
മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടുത്തം, ആരോഗ്യരംഗത്തെ സുരക്ഷാ മാനദണ്ഡങ്ങളെയും അടിയന്തരാവസ്ഥാ മാനേജുമെന്റിനെയും പുനപരിശോധിക്കാൻ ആവശ്യപ്പെടുന്നു എന്ന കാര്യത്തിൽ തർക്കമില്ല.
അത് പക്ഷേ മറച്ചു പിടിക്കാനാണ് ശ്രമമെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിൽ ആവും അത് അവസാനിക്കുക. കേരളം നമ്പർ വൺ എന്ന അവകാശപ്പെടുന്ന സർക്കാരിന്റെ പ്രതിച്ഛായക്ക് അതുണ്ടാക്കുന്ന ദോഷം വളരെ വലുതാകും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us