കാലത്തേയും കാലനേയും അതിജീവിക്കാൻ കഴിയുന്നതാണ് കല. ആ കല അറിയുന്നവനാണ് കലാകാരൻ.
അങ്ങനെയുള്ള കലാകാരന്മാരെ ഒരർത്ഥത്തിൽ അവഹേളിക്കുന്ന തരത്തിലാണ് സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്തുന്നതിന് പണം ആവശ്യപ്പെട്ട നടിക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അതിനിശിതമായ വിമർശനം നടത്തിയത്.
നടിയുടെ പേര് മന്ത്രി വെളിപ്പെടുത്തിയതും ഇല്ല. എന്നാൽ വിമർശനത്തിന് പിന്നാലെ മന്ത്രിയെ ന്യായീകരിച്ചും പണം ചോദിച്ച നടിയെ പിന്തുണച്ചും ചർച്ചകൾ സജീവമായി. കലോത്സവത്തിലൂടെ വളർന്നുവന്ന നടി പണം ചോദിച്ചു എന്നാണ് മന്ത്രിയുടെ ആക്ഷേപം.
കലോത്സവത്തിലൂടെ വളർന്നതാവാം, പക്ഷേ അവരോടൊപ്പം ആ കലയും വളർന്നു എന്നതുകൊണ്ട് തന്നെയാണ് അവർ നടിയായതും പ്രശസ്തി നേടിയതും. ആ പ്രശസ്തി ഒന്നു കൊണ്ടുമാത്രമാണല്ലോ നൃത്തം അഭ്യസിപ്പിക്കാൻ അവരെ തന്നെ വിദ്യാഭ്യാസ വകുപ്പ് തേടിയെത്തിയതും. അതിൽ പക്ഷേ അവർ പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റ് ?
നടിക്ക് അഹങ്കാരവും പണത്തിനോട് ആർത്തിയും എന്നായിരുന്നു മറ്റൊരു വിമർശനം. നടിയുടെ പേര് പറഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ ഈ സംഭവത്തിൽ നടിമാരായ പലരെയും മന്ത്രി സംശയത്തിന്റെ മുനയിൽ നിർത്തി.
ഇവിടെയാണ് ഒരർത്ഥത്തിൽ കലാകാരന്മാരെ ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് മന്ത്രിയുടെ പ്രസ്താവന മാറിയതും. ഇവിടെ ഒരു കാര്യം ചിന്തിക്കണം. ചെയ്യുന്ന ജോലിയ്ക്കാണ് ആ നടി പ്രതിഫലം ചോദിച്ചത്.
സർക്കാറിന് വേണ്ടി സുപ്രീംകോടതിയിലും മറ്റും കേസ് വാദിക്കാൻ എത്തുന്ന പ്രമുഖ അഭിഭാഷകർക്ക് ലക്ഷങ്ങൾ അല്ലേ ഖജനാവിൽ നിന്നും സർക്കാർ നൽകുന്നത്.
എന്തിന് സർക്കാറിൻ്റെ പല പരിപാടികളും നടത്തുന്നത് പി ആർ ടീം ആണെന്നും അവർക്ക് കൈമാറുന്നത് കോടികൾ ആണെന്നും പ്രതിപക്ഷം ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്.
അത് ഏറെക്കുറെ സത്യമാണ് താനും. സർക്കാർ പരിപാടികൾ നടത്താൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഉള്ളപ്പോൾ തന്നെയാണ് പുറത്തുനിന്നുള്ള സ്വകാര്യ ഏജൻസികൾക്ക് സർക്കാർ രാഷ്ട്രീയ താൽപര്യവും മറ്റും നോക്കി കൈയ്യയച്ച് സഹായിക്കുന്നത്.
അതിലൊന്നും തെറ്റ് കാണാത്ത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പക്ഷേ ഇവിടെ നടിക്കെതിരെ ആക്ഷേപം ഉയർത്തുമ്പോൾ മറുവശത്ത് വിമർശനവും ഉയരുന്നത് സ്വാഭാവികമാണ്.
കോവിഡ് കാലത്തും മറ്റും വേദികൾ കിട്ടാതെ കലാകാരന്മാർ ബഹുഭൂരിപക്ഷം പേരും മറ്റു തൊഴിൽ തേടി പോയത് നമ്മൾ കണ്ടതാണ്, അറിഞ്ഞതുമാണ്. കലാകാരന്മാരുടെ ജീവിതം അവരുടെ കലയാണ് എന്ന തിരിച്ചറിവ് എങ്കിലും ഇവിടെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് വേണമായിരുന്നു.
ആ തിരിച്ചറിവ് പക്ഷേ സർക്കാർ തലത്തിലോ രാഷ്ട്രീയ തലത്തിലോ ഉണ്ടായത് കൊണ്ടൊന്നു മാത്രമാണ് ആക്ഷേപമുയർത്തി 24 മണിക്കൂറിനകം മന്ത്രിക്ക് തന്റെ പ്രസ്താവന പൂർണമായും പിൻവലിക്കേണ്ടി വന്നതും.
കലയെ അംഗീകരിക്കുന്നവർക്ക് മുമ്പിൽ സഹൃദയത്വത്തോടെ മുന്നോട്ടു പോകാൻ കലാകാരന്മാർക്കു സാധിക്കണം. കല ഉൾക്കൊള്ളുന്നവർക്കും ആ സഹൃദയത്വം ഉണ്ടാകണം. സംസ്ഥാന സ്കൂൾ കലോത്സവം അതിനുള്ള വേദിയായി തീരുകയും വേണം.
- എഡിറ്റര്‍