Advertisment

ലോകമെങ്ങും ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും മഹാരാജാസ് കോളേജിൽ ഇപ്പോളും കൊലക്കത്തി രാഷ്ട്രീയം തന്നെ ! വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ പ്രതീക്ഷാ വഴികള്‍ തേടി വിദേശ രാജ്യങ്ങളിലേയ്ക്കു പൊയ്ക്കൊണ്ടിരിക്കുന്ന കാര്യം എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഓര്‍ക്കുകയും വേണം. കലാലയങ്ങള്‍ കുരുതിക്കളങ്ങളായിക്കൂടാ. ഉന്നതമായ പഠനത്തിന്‍റെയും ചിന്തകളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളാവണം അവ - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
H

കോളജ് വളപ്പില്‍ ഏറ്റുമുട്ടല്‍, വിദ്യാര്‍ത്ഥിക്കു വെട്ടേറ്റു, പ്രതികള്‍ പിടിയില്‍, വധശ്രമം, നിയമവിരുദ്ധ കൂട്ടം ചേരല്‍, കലാപശ്രമം, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, റിമാന്‍റില്‍ - പ്രസിദ്ധമായ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു വരുന്ന വാര്‍ത്തകളുടെ തലക്കെട്ടുകളാണിവ.

Advertisment

മഹാരാജാസ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ മാത്രമല്ല, കേരളത്തിന്‍റെ പൊതു സമൂഹത്തെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍.

എസ്എഫ്ഐ നേതാവിനു വെട്ടേറ്റ സംഭവത്തില്‍ കെഎസ്‍യു, ഫ്രറ്റേണിറ്റി എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരാണ് ആദ്യം പോലീസിന്‍റെ പിടിയിലായത്. ദിവസങ്ങള്‍ക്കുള്ളില്‍ ചില എസ്എഫ്ഐ പ്രവര്‍ത്തകരും പോലീസ് പിടിയിലായി.

ഏതാനും വര്‍ഷം മുമ്പാണ് മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കാമ്പസിനുള്ളില്‍ വെട്ടി കൊലപ്പെടുത്തിയത്. ആ ഭീകര സംഭവത്തിന്‍റെ നടുക്കം ഇന്നും മഹാരാജാസ് കോളജിന്‍റെ അങ്കണത്തില്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്.

ലോകമെങ്ങും ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളിലൊന്നായ എറണാകുളം മഹാരാജാസ് കോളജില്‍ വെട്ടും കുത്തും കൊലപാതകശ്രമവും നടക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്.

വര്‍ഷങ്ങളായി മഹാരാജാസ് കോളജില്‍ എസ്എഫ്ഐയാണ് ഭരണം നിലനിര്‍ത്തുന്നത്. മറ്റു കലാലയങ്ങളിലേപ്പോലെ മുഖ്യ എതിര്‍ കക്ഷി കെഎസ്‍യുവും. ചില വര്‍ഗീയ തീവ്രവാദ സംഘടനകളുടെ വിദ്യാര്‍ത്ഥി സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അക്കാദമിക് രംഗത്ത് ഏറ്റവും ഉന്നതമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന കലാലയങ്ങളിലൊന്നു തന്നെയാണ് എറണാകുളം മഹാരാജാസ്. കലാരംഗത്തും ഈ കോളജ് വളരെ മുമ്പില്‍ത്തന്നെ. ഇവിടെ പഠിച്ചിറങ്ങിടിയ്യുള്ള വിദ്യാര്‍ത്ഥികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉന്നതമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നു.

ഇവിടുത്തെ അധ്യാപകരിലും മുന്‍ അധ്യാപകരിലും വളരെയധികം പ്രശസ്തിയും പ്രാഗല്‍ഭ്യവും നേടിയവര്‍ ഏറെയാണ്. കേരളത്തിലെ അതി പ്രശസ്തമായ കലാലയങ്ങളിലൊന്നു തന്നെയാണ് മഹാരാജാസ് കോ ളജ് എന്നു ചുരുക്കം.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്, വിമന്‍സ് കോളജ്, കേരള സര്‍വകലാശാല, എറണാകുളം മഹാരാജാസ് കോളജ് എന്നിവയൊക്കെ തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണം നിലനിന്ന കാലത്ത് രൂപമെടുത്ത സ്ഥാപനങ്ങളാണ്. അന്നത്തെ രാജാക്കന്മാരുടെ വിശാലമായ കാഴ്ചപ്പാടും ഉന്നതമായ ചിന്തയുമാണ് ഇത്തരം ഉന്നത സ്ഥാപനങ്ങള്‍ ഉയരാന്‍ കാരണമായത്.

കേരല സര്‍വകലാശാല ആദ്യഘട്ടത്തില്‍ തിരുവിതാംകൂര്‍ സര്‍വകലാശാല എന്ന പേരിലാണ് തുടങ്ങിയത്. ആദ്യ വൈസ് ചാന്‍സലറായി ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആര്‍ബര്‍ട്ട് ഐന്‍സ്റ്റിനെ കൊണ്ടുവരാന്‍ ദിവാനായിരുന്ന സര്‍ സി.പി രാമസ്വാമി അയ്യര്‍ ശ്രമിച്ച കാര്യം ഇന്നും കേരളത്തിന്‍റെ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ്.

സര്‍ സി.പി നിര്‍ദേശിച്ചതു പ്രകാരം അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഐന്‍സ്റ്റിനു കത്തെഴുതുകയും ചെയ്തു. അമേരിക്കയില്‍ ഒരു ചുമതല ഏല്‍ക്കാന്‍ പോകുന്നുവെന്നു പറഞ്ഞ് ആ ശാസ്ത്രജ്ഞന്‍ തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ക്ഷണം നിരസിക്കുകയായിരുന്നു.

കേരളത്തില്‍ പണ്ടുമുതലേ ഭരണകര്‍ത്താക്കളും കേരള സമൂഹവും വിദ്യാഭ്യാസത്തിന് വലിയ ഊന്നല്‍ നല്‍കിയിരുന്നു. 1967 -ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരില്‍ മുസ്ലിം ലീഗും ചേരുകയും ലീഗ് നേതാവ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തതിനേ തുടര്‍ന്നാണ് മലബാര്‍ പ്രദേശത്ത് വിദ്യാഭ്യാസ രംഗത്ത് വലിയ വളര്‍ച്ചയുണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ്.

അതുവരെ ഇംഗ്ലീഷ് ഭാഷ സാത്താന്‍റെ ഭാഷയാണെന്നാണ് മുസ്ലിം പണ്ഡിതര്‍ സമുദായത്തെ പഠിപ്പിച്ചിരുന്നത്. ഇന്ത്യ അടക്കി ഭരിച്ച ബ്രിട്ടീഷുകാരുടെ ഭാഷ എന്ന നിലയ്ക്കായിരുന്നു അത്. ഇംഗ്ലീഷ് പഠിച്ചാലേ സമുദായത്തിനു വളരാനാകൂ എന്ന് സി.എച്ച് സ്വന്തം സമുദായത്തെ പഠിപ്പിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കാലിക്കട്ട് സര്‍വകലാശാല സ്ഥാപിച്ചതും സി.എച്ചിന്‍റെ നേതൃത്വത്തില്‍ത്തന്നെ.

ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശുചിത്വത്തിലും ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം കേരളം വളരെ മുമ്പിലാണ്. എല്ലാത്തിനും കാരണം നമ്മുടെ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച തന്നെ.

നമ്മുടെ കലാലയങ്ങള്‍ പുതിയ തലമുറയ്ക്ക് വഴികാട്ടിയായി നില്‍ക്കണം. ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ പ്രതീക്ഷാ വഴികള്‍ തേടി വിദേശ രാജ്യങ്ങളിലേയ്ക്കു പൊയ്ക്കൊണ്ടിരിക്കുന്ന കാര്യം എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഓര്‍ക്കുകയും വേണം.

കലാലയങ്ങള്‍ കുരുതിക്കളങ്ങളായിക്കൂടാ. ഉന്നതമായ പഠനത്തിന്‍റെയും ചിന്തകളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളാവണം അവ. മികവിന്‍റെ വലിയ കേന്ദ്രങ്ങളായി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരണം.

Advertisment