Advertisment

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാറിന്റെ തട്ടം പ്രസ്താവന മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുന്നു. വിഷയത്തിൽ സമസ്തയും ലീഗും നേര്‍ക്കുനേര്‍ വന്നിരിക്കുന്നു. ഈ സംഘര്‍ഷത്തില്‍ സമസ്തയ്ക്കു നഷ്ടപ്പെടാന്‍ യാതൊന്നുമില്ല തന്നെ. ലീഗിനാകട്ടെ, നഷ്ടപ്പെടാന്‍ ഏറെയുണ്ടുതാനും - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update
Jjd

തട്ടത്തെക്കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ നടത്തിയ പ്രസ്താവന അഴിച്ചുവിട്ട വിവാദം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. മുസ്ലിം സമുദായം സിപിഎമ്മിനെതിരെ തിരിയുന്നുവെന്ന പ്രതീതിയാണ് ആദ്യഘട്ടത്തില്‍ ഉണ്ടായതെങ്കില്‍ ഇപ്പോഴത് മുസ്ലിം സമുദായത്തിനുള്ളില്‍ത്തന്നെ സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുകയാണ്.

Advertisment

തട്ടമിടാന്‍ വരുന്നവരെ തടയാന്‍ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി പ്രവര്‍ത്തനഫലമായിട്ടാണെന്നായിരുന്നു കെ. അനില്‍കുമാറിന്‍റെ പരാമര്‍ശം. ഇതാണ് വിവാദമായി പെട്ടെന്നു കത്തിപടര്‍ന്നത്. പല മുസ്ലിം സംഘടനകളും സിപിഎമ്മിനെതിരെ തിരിഞ്ഞു. രാഷ്ട്രീയ രംഗത്തേക്കും വിവാദം വളര്‍ന്നു.

വിഷയം വിവാദമാകുന്നത് അപകടമാകുമെന്നു മനസിലാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉടനിടപെട്ട് അനില്‍കുമാറിനെ തിരുത്തി. അനില്‍കുമാറും പെട്ടെന്നു പാര്‍ട്ടി നേതൃത്വത്തിനു വഴങ്ങി. പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് അനില്‍കുമാര്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. അനില്‍കുമാറിനു മുന്നില്‍ വേറേ വഴിയുണ്ടായിരുന്നില്ല എന്നതാണു വസ്തുത.

സിപിഎം അതിവേഗം വര്‍ഗീയ പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആക്ഷേപിച്ചു. വര്‍ഗ സമരത്തെയും സംഘടനാ ശക്തിയെയും കുറിച്ചു പറയുന്ന പാര്‍ട്ടിയാണ് വര്‍ഗീയ പാര്‍ട്ടിയായി മാറിക്കിൊണ്ടിരിക്കുന്നതെന്നും അനില്‍കുമാറിന്‍റെ പ്രസ്താവനയെ പരിഹസിച്ച് എംടി രമേശ് പറഞ്ഞു.

മുസ്ലിം ലീഗാവട്ടെ, സിപിഎമ്മിനെ ആക്രമിക്കാന്‍ കിട്ടിയ അവസരം നന്നായി വിനിയോഗിക്കുകയും ചെയ്തു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പിഎംഎ സലാമും സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നു. ഇ.കെ വിഭാഗം സമസ്തയുടെ ചില പോഷക സംഘടനകളും സിപിഎമ്മിനെതിരെ നിലയുറപ്പിച്ചു. എങ്കിലും സമസ്ത മാത്രം മിണ്ടാതെ നിന്നു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത നേതൃത്വം സിപിഎമ്മിനോടും അതിന്‍റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിനോടും കാണിക്കുന്ന വിധേയത്വത്തിനെതിരെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. മുസ്ലിം സമുദായത്തിന്‍റെ അടിസ്ഥാന ആശയത്തെ കുലുക്കുന്ന പ്രസ്താവന കെ അനില്‍കുമാര്‍ നടത്തിയിട്ടും സമസ്ത നേതൃത്വം മൗനമവലംബിക്കുന്നതിനെയാണ് ലീഗ് നേതാക്കള്‍ ചോദ്യം ചെയ്തത്.

കുറെ കാലമായി സര്‍ക്കാര്‍ അനുകൂല നിലപാടാണു സമസ്ത സ്വീകരിച്ചിരിക്കുന്നത്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനെതിരെ മുസ്ലിം ലീഗ് പ്രഖ്യാപിച്ച സമരത്തെ തിരക്കിട്ട് എതിര്‍ത്ത സമസ്തയുടെ നിലപാട് ലീഗിനു കനത്ത തിരിച്ചടിയായിരുന്നു. ഏകവ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സമസ്ത പങ്കെടുത്തത് ലീഗിനെ പിന്നെയും ബുദ്ധിമുട്ടിലാക്കി. ലീഗ് പ്രസ്താവനയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങുകയും കെഎം ഷാജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമസ്ത നേതൃത്വത്തിനെതിരെ ആവേശകരമായ പ്രസംഗം നടത്തുകയും ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിം ലീഗിന്‍റെ പ്രധാന സാമുദായിക അടിത്തറ സമസ്ത തന്നെയാണ്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടനയും സമസ്ത എന്ന സമുദായ സംഘടനയും തമ്മില്‍ ഉണ്ടാകുന്ന ഏതു സംഘര്‍ഷവും ആത്യന്തികമായി ബാധിക്കുക മുസ്ലിം ലീഗിനെത്തന്നെയാകും. ഇതു മനസില്‍ വെച്ചുകൊണ്ടാണ് സമസ്തയുടെ ചില പോഷക സംഘടനാ നേതാക്കള്‍ മുസ്ലിം ലീഗ് സംഘടനാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കും ശക്തമായ ഭാഷയില്‍ കത്തെഴുതിയത്. സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, വൈസ് പ്രസിഡന്‍റ് അബ്ദു റഹ്മാന്‍ കല്ലായി എന്നിവരെ പേരെടുത്തു വിമര്‍ശിച്ചാണ് കത്ത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക 'സോഷ്യല്‍ എഞ്ചിനിയറിങ്ങിന്‍റെ' ഫലമായാണ് സമസ്ത ഇകെ വിഭാഗം ഇടതുപക്ഷത്തോടടുത്തത്. സംഘടനാപരമായ എന്തു പ്രശ്നവും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അവതരിപ്പിക്കാനുള്ള സാഹചര്യം പിണറായി വിജയന്‍ തന്നെ സമസ്തയ്ക്ക് ഒരുക്കിക്കൊടുക്കുകയായിരുന്നു. വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗ് പ്രഖ്യാപിച്ച സമരം അലസിപ്പോകാന്‍ കാരണം അതിനെതിരെ സമസ്ത സ്വീകരിച്ച നിലപാടായിരുന്നു.

മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കിട്ടിയാല്‍ എല്ലാമായി എന്നു കരുതുന്ന ആളുകള്‍ സമുദായത്തിലുണ്ടെന്നും ഈ പാര്‍ട്ടിയോട് അവരുടെ നിലപാടെന്തെന്നു വ്യക്തമാക്കണമെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യംവെച്ച് പിഎംഎ സലാം പ്രസംഗിച്ചത്.

പാര്‍ട്ടിയും അതിനു പിന്തുണ ഒരുക്കുന്ന സമുദായ സംഘടനകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ മുറുകാതെ നോക്കേണ്ടത് മുസ്ലിം ലീഗ് നേതൃത്വത്തിന്‍റെ ആവശ്യമാണ്. മുസ്ലിം ലീഗിന്‍റെ അടിത്തറ സമസ്തയാണെന്നതുതന്നെ കാരണം. ഈ സംഘര്‍ഷത്തില്‍ സമസ്തയ്ക്കു നഷ്ടപ്പെടാന്‍ യാതൊന്നുമില്ല തന്നെ. ലീഗിനാകട്ടെ, നഷ്ടപ്പെടാന്‍ ഏറെയുണ്ടുതാനും.

Advertisment