/sathyam/media/media_files/yDD9kGgfSEhiziKXh6le.jpg)
മാര്‍ത്തോമ്മാ സഭയുടെ റാന്നി ഭദ്രാസനത്തിലേയ്ക്കു സ്ഥലംമാറിപ്പോകുന്ന തിരുവനന്തപുരം ഭദ്രാസന മേധാവി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്കു നല്‍കിയ യാത്രയയപ്പ് ഏറെ ശ്രദ്ധേയമായി.
കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍, കോണ്‍ഗ്രസ് നേതാവും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്, പാളയം ഇമാം സുഹൈബ് മൗലവി, എച്ച്എല്‍എല്‍ ലൈഫ് കയറിന്‍റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെയും അധ്യക്ഷനായിരുന്നിട്ടുള്ള ജി രാജ്മോഹന്‍ എന്നിങ്ങനെ തലസ്ഥാന നഗരിയുടെ വിവിധ ശ്രേണികളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് എന്ന നിലയിലാണ് ഒരു യാത്രയയപ്പു യോഗം പ്രസക്തമാകുന്നത്. 'പത്മശ്രീ' ജേതാവ് ശോശാമ്മ ഐപ്പും വിശിഷ്ടാതിഥിയായിരുന്നു.
സാധാരണ ഗതിയ്ക്ക് ഒരു ബിഷപ്പിന്‍റെ യാത്രയയപ്പ് ആ സമുദായത്തിനുള്ളില്‍ത്തന്നെ നടക്കുന്ന ഒരു സാധാരണ കാര്യം മാത്രമാണ്. പക്ഷേ തിരുവനന്തപുരത്ത് ഏറെ കാലമായി, ക്രിസ്ത്യന്‍ സഭകള്‍ പൊതുസമൂഹത്തിന്‍റെ തന്നെ ഭാഗമായാണു പ്രവര്‍ത്തിക്കുന്നത്
തലസ്ഥാനത്തെ പ്രധാനപ്പെട്ട ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം വളരെ പ്രസിദ്ധമാണ്. അതുപോലെതന്നെയാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്‍റെ വെട്ടുകാടു പള്ളി തിരുനാളും മുസ്ലിം സമുദായത്തിന്‍റെ ബീമാപ്പള്ളി ഉറൂസ് മഹോത്സവവുമൊക്കെ.
തലസ്ഥാന നഗരിയുടെ ഒരു വലിയ സവിശേഷത തന്നെയാണ് ഈ പറഞ്ഞ മഹോത്സവങ്ങളുടെ പകിട്ടും ഭംഗിയും. വിവിധ സമുദായങ്ങള്‍ തമ്മില്‍ പുലര്‍ത്തിവരുന്ന സമുദായ മൈത്രിയും പരസ്പര സ്നേഹവും കരുതലും തിരുവനന്തപുരം നഗരത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്മാരാണ് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തു തുടങ്ങിയത്. കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കോളജുകളിലൊന്നായ മാര്‍ ഇവാനിയോസ് കോളജും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന സമുദായമെന്ന നിലയ്ക്ക് മലങ്കര സഭാധ്യക്ഷന് എപ്പോഴും നഗരത്തില്‍ ഒരു വലിയ സ്ഥാനമുണ്ട്. അതു സമൂഹത്തിന്‍റെ വിവിധ മണ്ഡലങ്ങളിലേയ്ക്കു വലിയ സൗഹൃദമായി പടര്‍ന്നു കയറുകയായിരുന്നു കാലാകാലങ്ങളില്‍.
മലങ്കര കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവാ ഈ സൗഹൃദബന്ധങ്ങള്‍ക്ക് പുതിയ മാനം തന്നെ നല്‍കി
വിവിധ മതങ്ങളിലേയ്ക്കും സമുദായങ്ങളിലേയ്ക്കും അദ്ദേഹത്തിന്‍റെ സൗഹൃദം നീണ്ടു. മലങ്കര കത്തോലിക്കാ സമുദായത്തിന്‍റെ ക്ലീമിസ് തിരുമേനി തിരുവനന്തപുരത്തിന്‍റെ തന്നെ തിരുമേനിയായി. അദ്ദേഹത്തിന്‍റെ പട്ടത്തെ തിരുസന്നിധി എന്ന വസതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നു കിടക്കും.
വിശേഷ ദിവസങ്ങളില്‍ അദ്ദേഹം നടത്തുന്ന വിരുന്നുകളില്‍ വിവിധ സമുദായ നേതാക്കളും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെ എത്തുന്നതും പതിവ്. പാളയം ഇമാം സുഹൈബ് മൗലവിയും തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാന തപസ്വിയും ഇവിടുത്തെ സ്ഥിരം അതിഥികളും പ്രസംഗകരുമാണ്. വിവിധ ക്രിസ്ത്യന്‍ സമുദായങ്ങളുടെ അധ്യക്ഷരും പതിവ്.
ബര്‍ണബാസ് മെത്രാപോലീത്താ ഉള്‍പ്പെടെ വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരെ പൊതു സമൂഹത്തിന്‍റെ മുന്‍നിരയിലേയ്ക്കു കൊണ്ടവരാനും എപ്പോഴും ക്ലീമിസ് തിരുമേനി ഉത്സാഹം കാണിച്ചു. ഈ യാത്രയയപ്പു യോഗത്തിനും മാര്‍ ക്ലീമിസ് തന്നെയാണു നേതൃത്വം നല്‍കിയത്.
ചടങ്ങു സംഘടിപ്പിച്ച മാര്‍ത്തോമ്മാ സഭാംഗങ്ങളായ ജോജി പനച്ചിമുട്ടിലും കെ.പി മോഹനും ബിജെപി നേതാക്കളെയും ക്ഷണിച്ചിരുന്നു. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് നേരത്തെ തന്നെ എത്തി. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അല്‍പ്പം വൈകിയാണെങ്കിലും എത്തിച്ചേരുകയും മാര്‍ ബര്‍ണബാസിന് ആശംസ നേര്‍ന്ന് പ്രസംഗിക്കുകയും ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയും പ്രത്യേകം ക്ഷണിച്ചിരുന്നു.
ക്രിസ്തുമസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യന്‍ ബിഷപ്പുമാരെ വിരുന്നിനു ക്ഷണിച്ച പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ ബിഷപ്പ് മാര്‍ ബര്‍ണബാസിന്‍റെ യാത്രയയപ്പു യോഗത്തിന് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത്.
വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കടകള്‍ക്കു പകരം സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും കടയും തുറക്കാനാണു താന്‍ വരുന്നതെന്ന് കഴിഞ്ഞ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യം ഓര്‍ക്കുക.
മണിപ്പൂരില്‍ ഇപ്പോഴും നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി ബിഷപ്പുമാരുടെ യോഗത്തില്‍ ഒന്നും പറഞ്ഞില്ല. അവിടെ ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിച്ചതിനേക്കുറിച്ചും ക്രിസ്ത്യാനികളെ വേട്ടയാടിയതിനേക്കുറിച്ചും എന്നിട്ടും പ്രധാനമന്ത്രി മൗനം പൂണ്ടിരിക്കുന്നതിനേക്കുറിച്ചും ബിഷപ്പുമാര്‍ ഒന്നും ചോദിച്ചതുമില്ല.
ബിജെപി ദേശീയ നേതൃത്വം കേരളത്തില്‍ നിന്ന് ഒട്ടുവളരെ പഠിക്കേണ്ടിയിരിക്കുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും ന്യൂനപക്ഷങ്ങള്‍ക്ക് പേടിയോടെ മാത്രമേ കഴിയാനാകൂ എന്ന കാര്യം ബിജെപി നേതാക്കള്‍ക്കു നന്നായി അറിയാം
ഒരു ചായ സല്‍ക്കാരം കൊണ്ടു വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല മതസൗഹാര്‍ദം. അതുറപ്പിക്കേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. കേരളത്തിലും മതസൗഹാര്‍ദം ഉറപ്പുവരുത്തുന്നത് അതാതു കാലത്തെ ഭരണ നേതൃത്വം തന്നെയാണ്. അതെ. രാഷ്ട്രീയ നേതൃത്വം തന്നെ.