Advertisment

സ്വാതന്ത്ര്യദിനത്തില്‍ മോദി പറഞ്ഞു ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന്, അതേദിവസം പിണറായി പറഞ്ഞു കേരളത്തിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന്. രണ്ട് കാഴ്ചപ്പാടിലുമുള്ള വ്യത്യാസമാണു പ്രധാനം. വികസിത രാജ്യമാവുമ്പോൾ ഇന്ത്യ സമ്പന്നരുടേത് മാത്രമാകും! അപ്പോള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ എന്തുചെയ്യും? ജനങ്ങള്‍ രാജ്യത്തു പട്ടിണികിടക്കുമ്പോള്‍ വികസിത രാജ്യമെന്ന പേരു നേടിയിട്ട് തുള്ളിച്ചാടാന്‍ ഏതു ഭരണാധികാരിക്കു കഴിയും? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

MODI PINARAYI

സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തോടു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു: "2047 -ല്‍ ഇന്ത്യ ഒരു വികസിത രാജ്യമാകും. ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ ശതാബ്ദി ആഘോഷിക്കുകയാകും 2047 -ല്‍".

Advertisment

സ്വാതന്ത്ര്യദിനത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു: "ഏറ്റവുമൊടുവിലത്തെ സര്‍വേ പ്രകാരം സംസ്ഥാനത്തെ അതിദരിദ്രരുടെ എണ്ണം 64,006 ആണ്. ദാരിദ്ര്യത്തില്‍ നിന്ന് ഇവരെ ഉയര്‍ത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം." രണ്ടു തരം കാഴ്ചപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ കാണുന്നത്.

ഇന്ത്യ ലോകത്തെ വികസിത രാജ്യമായി മാറുക എന്നു പറഞ്ഞാല്‍ അതിസമ്പന്നരുടെ രാജ്യമായി വളരുക എന്നര്‍ത്ഥം

അമേരിക്ക പോലെ, ചൈന പോലെ, ജപ്പാനും ജര്‍മനിയും പോലെ ഒരു വന്‍കിട രാജ്യം. അപ്പോള്‍ ഇന്ത്യയിലെ പാവപ്പെട്ടവര്‍ എന്തുചെയ്യും ? അവരെയും ഈ സമൃദ്ധിയിലേയ്ക്കുയര്‍ത്തുമോ ?

എന്തായാലും ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ച്, ദരിദ്രരെക്കുറിച്ച്, വദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ വളരേണ്ടതിനേക്കുറിച്ച് പ്രധാനമന്ത്രി മോദി ഒന്നുമേ പറയുന്നില്ല. വമ്പന്‍ സ്ഥാപനങ്ങള്‍ ഉയരുകയും വലിയ സമ്പന്നര്‍ ഉണ്ടാവുകയും ചെയ്താല്‍ രാജ്യം വികസിത രാജ്യമായി വളരും എന്നതാകും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടല്‍.

ലോകത്തിലെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. അന്തര്‍ദേശീയ നാണ്യഫണ്ടിന്‍റെ (ഐഎംഎഫ്) കണക്കു പ്രകാരം അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു ശേഷം അഞ്ചാമത്. 2047 ആകുമ്പോഴേയ്ക്ക് ഈ പട്ടികയുടെ മുകളില്‍ ഇന്ത്യയെ എത്തിക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ ലക്ഷ്യം.

2029 ആകുമ്പോഴേയ്ക്ക് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി പ്രസ്താവിച്ചതാണ്. 2029 എന്നാല്‍ മോദിയുടെ മൂന്നാം ഭരണകാലത്തിനു ശേഷം എന്നര്‍ത്ഥം. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമൊന്നുമില്ല തന്നെ.

പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നിരിക്കുക എന്നതാണ് ഒരു വികസിത രാജ്യത്തിനു പരിഗണിക്കേണ്ട അടിസ്ഥാന മാനഡണ്ഡം

ഐഎംഎഫ് മാനദണ്ഡപ്രകാരം പ്രതിശീര്‍ഷ വരുമാനം 21,664 ഡോളര്‍ ആയിട്ടുള്ള രാജ്യത്തെ മാത്രമേ ഈ പട്ടികയില്‍ പെടുത്തുകയുള്ളു. ഇന്ത്യ ഈ സാമ്പത്തിക നിലവാരത്തിലെത്തണമെങ്കില്‍ എത്ര ദൂരം യാത്ര ചെയ്യണം ? 

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ദവ്വരി സുബ്ബറാവു ഇക്കാര്യത്തില്‍ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളിയെക്കുറിച്ചു പറയുന്നുണ്ട്. "ഈ ലക്ഷ്യം നേടണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഒരു വര്‍ഷം 7.6 ശതമാനത്തിലധികമാകണം. അടുത്ത 25 വര്‍ഷം തുടര്‍ച്ചയായി വളര്‍ച്ച അതേനിലയില്‍ നിര്‍ത്തുകയും വേണം" - ദവ്വരി സുബ്ബറാവു ചൂണ്ടിക്കാട്ടുന്നു.

ചരിത്രത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 7.6 ശതമാനം കടന്നത് എപ്പോഴാണ് ? 1991 -ല്‍ പി.വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോള്‍. അന്ന് ധനകാര്യമന്ത്രി മുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങും. അടുപ്പിച്ച് രണ്ടു വര്‍ഷം ആ വളര്‍ച്ച നിലനിര്‍ത്താനും ഇന്ത്യയ്ക്കു കഴിഞ്ഞു.

പക്വതയേറിയ രാഷ്ട്രീയക്കാരനായിരുന്ന നരസിംഹറാവുവിന് ഇന്ത്യയുടെ വളര്‍ച്ചയേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ മികവുള്ള ധനകാര്യ വിദഗ്ദ്ധനെത്തന്നെ അദ്ദേഹം കൊണ്ടുവന്നു - ഡോ. മന്‍മോഹന്‍ സിങ്ങ്. ഇന്ത്യയിലെന്നല്ല, ലോകത്തില്‍ത്തന്നെ ഏറ്റവും പ്രഗത്ഭനായ ധനതത്വ ശാസ്ത്രജ്ഞരില്‍ ഒരാള്‍.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് വലിയ കാര്യങ്ങള്‍ ചെയ്തു. അന്ന് ബ്രിട്ടീഷുകാര്‍ എല്ലാം ഊറ്റിയെടുത്തശേഷം അവശിഷ്ടമാക്കിയ രാജ്യത്തെയാണ് പ്രധാനമന്ത്രി നെഹ്റു വളര്‍ത്തിയെടുത്തത്. അന്നു ദാരിദ്ര്യമായിരുന്നു രാജ്യത്തിന്‍റെ വലിയ പ്രശ്നം.

പട്ടിണിയില്‍നിന്നു ഇന്ത്യക്കാരെ മുഴുവന്‍ മോചിപ്പിക്കുക എന്നതായിരുന്നു നെഹ്റുവിന്‍റെ ലക്ഷ്യം. കൃഷിയും ജലസേചന സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ച് ഭക്ഷ്യോല്‍പ്പാദനം കൂട്ടാന്‍ അദ്ദേഹം യത്നിച്ചു. ഒപ്പം വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം പടുത്തുയര്‍ത്തി.

ഏതു രാജ്യത്തിനും വളരാനുള്ള എളുപ്പവഴി നല്ല വിദ്യാഭ്യാസ സൗകര്യങ്ങളും മെച്ചപ്പെട്ട ആരോഗ്യ സംവിധാനവുമാണ്. ഐക്യ കേരളത്തിന്‍റെ ആദ്യത്തെ ഗവണ്‍മെന്‍റ്, ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റ്, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കിയത്.

അതുകൊണ്ടുതന്നെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്‍റെ വികസന മാതൃക ലോകമെങ്ങും ചര്‍ച്ചാവിഷയമായി. അമേരിക്കയെപ്പോലെ സാമ്പത്തിക വളര്‍ച്ചയില്ലെങ്കിലും കേരളത്തിലെ ജനസംഖ്യാ നിരക്കും ജനന - മരണ നിരക്കും ശിശുമരണ നിരക്കുമെല്ലാം വികസിത രാജ്യങ്ങളെപ്പോലെ തന്നെ എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. രാജ്യത്തെ അസമത്വം ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ടത്.

ജനങ്ങള്‍ രാജ്യത്തു പട്ടിണികിടക്കുമ്പോള്‍ വികസിത രാജ്യമെന്ന പേരു നേടിയിട്ട് തുള്ളിച്ചാടാന്‍ ഏതു ഭരണാധികാരിക്കു കഴിയും? 

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ കാണിക്കാന്‍ വിദേശത്തുനിന്നു വന്ന അതിഥികളെ കൊണ്ടുപോയപ്പോള്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരെ മറയ്ക്കാന്‍ വഴികള്‍ മുഴുവനും ഗുജറാത്തില്‍ മറച്ച കാര്യം ഇന്ത്യ മറന്നിട്ടില്ല.

കാഴ്ചപ്പാടിലുള്ള വ്യത്യാസമാണു പ്രധാനം. അവശേഷിക്കുന്ന അതിദരിദ്രരെകൂടി ഉയര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയെ സമ്പന്ന രാജ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രദ്ധിക്കുന്നു.

Advertisment