/sathyam/media/media_files/YlIHnV4iDI76W8ece9Yc.jpg)
പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വികാരപരം തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ടായ വികാരം. ആ വികാരം ഒരു തരംഗമായി ആഞ്ഞടിച്ചു ഇടതു കോട്ടകളെയെല്ലാം തകര്‍ത്ത് ആ തരംഗം ഒരു കൊടുങ്കാറ്റായി മുന്നേറി.
വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ പുതിയ പ്രതിനിധിയായി. തികച്ചും ആധികാരികമായ വിജയം. ഏകപക്ഷീയമായ വിജയം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും മാറ്റുരച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചാണ്ടി ഉമ്മനെത്തന്നെ സ്വീകരിച്ചു.
53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിക്ക് ഈ മണ്ഡലം നന്ദിയോടെ വികാരവായ്പോടെ സമര്‍പ്പിച്ച അംഗീകാരം
അപ്രതീക്ഷിതമായിരുന്നില്ല ചാണ്ടി ഉമ്മന്‍റെ വിജയം. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാട് പുതുപ്പള്ളിയെ അത്രകണ്ട് നോവിച്ചിരുന്നു. ആ നോവ് ഒരു വികാരമായി ആഞ്ഞടിക്കുകയായിരുന്നു. പുതുപ്പള്ളിക്കാരുടെയൊക്കെയും ജീവിതത്തില്‍ അര നൂറ്റാണ്ടിലേറെക്കാലം നിറഞ്ഞു നിന്ന ഒരു രാഷ്ട്രീയ നേതാവിന് ആ നാടു നല്‍കിയ ഉഷ്മളമായ പുഷ്പാഞ്ജലി.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലുമെന്നതുപോലെ ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ട് ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇവിടെ. തൃക്കാക്കര, ധര്‍മ്മടം എന്നിങ്ങനെ ചില മണ്ഡലങ്ങള്‍ പൊതുവേ ഏകപക്ഷീയമായ വിജയം കാഴ്ചവയ്ക്കുന്ന പതിവുമുണ്ട്.
ധര്‍മ്മടം എപ്പോഴും സിപിഎമ്മിന്‍റെ കുത്തകയാണ്. അവിടെ സിപിഎം എപ്പോഴും അനായാസ വിജയം നേടുകയും ചെയ്യും. തൃക്കാക്കര യുഡിഎഫിനോടു ചേര്‍ന്നു നില്‍ക്കുന്ന മണ്ഡലമാണ്. അവിടെ യുഡിഎഫിന് എളുപ്പം ജയിക്കാനാകും. പുതുപ്പള്ളിയും അങ്ങനെ സ്ഥിരമായി യുഡിഎഫ് കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമാണ്. 53 വര്‍ഷക്കാലം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സ്വന്തം തട്ടകമായി സൂക്ഷിച്ചിരുന്ന മണ്ഡലം.
എങ്കിലും പുതുപ്പള്ളിയില്‍ തീ പാറുന്ന മത്സരം തന്നെയായിരുന്നു. സഹതാപ തരംഗത്തെയും പ്രതിപക്ഷത്തിന്‍റെ അമിതാവേശത്തെയുമൊക്കെ വെല്ലുവിളിച്ച് 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ കന്നി തെരഞ്ഞെടുപ്പു ജയിക്കാനായത് ചാണ്ടി ഉമ്മന്‍റെ വലിയ നേട്ടം. കോണ്‍ഗ്രസിന്‍റെയും.
ഉമ്മന്‍ ചാണ്ടി തരംഗം ചുറ്റും ആഞ്ഞു വീശുമ്പോഴും എതിര്‍ പാളയത്തില്‍ ശക്തമായി നിലയുറപ്പിച്ചു പോരാടാന്‍ കഴിഞ്ഞു എന്നത് സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്‍റെ മികവു കൂടിയാണ്. വികസനം ഉള്‍പ്പെടെ പുതിയ വിഷയങ്ങള്‍ കൊണ്ടുവന്ന് പ്രചാരണ രംഗം കൊഴുപ്പിച്ചു നിര്‍ത്താന്‍ സിപിഎമ്മിനു കഴിഞ്ഞു. അത് സിപിഎം രാഷ്ട്രീയത്തിന്‍റെ ഒരു കരുത്തു തന്നെയാണെന്നു പറയാം.
എങ്കിലും മണ്ഡലത്തില്‍ ആറു പഞ്ചായത്തുകളില്‍ ഭരണവും മണര്‍കാടു പഞ്ചായത്തില്‍ ഉറച്ച വേരോട്ടവുമുള്ള സിപിഎമ്മിന് ഉമ്മന്‍ ചാണ്ടി തരംഗത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. വോട്ടെണ്ണല്‍ തുടങ്ങി, അവസാന നിമിഷം വരെയും ജെയ്ക് പിന്നില്‍ത്തന്നെയായിരുന്നു. സ്വന്തം പഞ്ചായത്തിലും സ്വന്തം ബൂത്തിലും ജെയ്ക് മുമ്പിലെത്തിയില്ല.
ഇനിയുള്ള കേരള രാഷ്ട്രീയം എങ്ങനെ നീങ്ങുന്നുവെന്നതാണു പ്രധാന ചോദ്യം. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന രണ്ടാമത് ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കരയ്ക്കു ശേഷം പുതുപ്പള്ളി. പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഉമാ തോമസ് വലിയ ഭൂരിപക്ഷത്തോടെയാണു ജയിച്ചത്.
ഉപ്പോഴിതാ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഓഴിവു വന്ന പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടി പക്ഷത്തെ മുന്നണിപ്പോരാളിയായിരുന്നു പി.ടി തോമസ് എന്നൊരു പ്രത്യേകതയും ഇവിടെ ശ്രദ്ധേയമാണ്.
രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും വിജയിച്ചത് പ്രതിപക്ഷം. അതായത് കോണ്‍ഗ്രസ്. നിയമസഭയിലെ അംഗബലത്തില്‍ ഈ രണ്ടു വിജയവും ഒരു മാറ്റവുമുണ്ടാക്കില്ലെങ്കിലും ഇത് പ്രതിപക്ഷത്തിനു നല്‍കുന്ന ആത്മബലം ഒന്നു വേറെ തന്നെയാണ്.
2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, പിന്നെ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അതിനു ശേഷം 2026 -ലെ നിയമസഭാ തെരഞ്ഞെടുപ്പ് - പ്രതിപക്ഷത്തിനു മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ന്നു നില്‍ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെ പരാജയവും സഹിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് പുതുപ്പള്ളി നല്‍കുന്നത് പുതിയ ഊര്‍ജവും ഓജസും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ചത്. സംഘടനാ പ്രവര്‍ത്തന തലത്തില്‍ ഇത് സതീശനു നല്‍കുന്നതും പുതിയ അത്മവിശ്വാസം. സഹതാപ തരംഗം ആഞ്ഞു വീശുമ്പോള്‍ത്തന്നെ സര്‍ക്കാരിനെതിരായ ഒരു പ്രചാരണ വേദിയാക്കി മാറ്റാന്‍ പുതുപ്പള്ളി തെരഞ്ഞടുപ്പ് പരമാവധി ഉപയോഗിക്കാനും വി.ഡി സതീശനും കൂട്ടര്‍ക്കും കഴിഞ്ഞു.
ഇനി യുഡിഎഫിന്‍റെ സഞ്ചാര പഥം എങ്ങോട്ട് ? കോണ്‍ഗ്രസ് നല്‍കുന്ന നേതൃത്വത്തിന് മുന്നണിയെ ശക്തിപ്പെടുത്താന്‍ എത്രകണ്ടു കഴിയും ? മുന്നില്‍ ചോദ്യങ്ങളേറെ.