/sathyam/media/media_files/RaeDhq1Ah2qjHQtfd4u5.jpeg)
ഇന്ത്യയുടെ ചരിത്രം ഗതി മാറുകയാണ്. അല്ലെങ്കില്‍ മാറ്റുകയാണ്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്നും എന്‍സിഇആര്‍ടി ഉപസമിതി കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്ര പഠനങ്ങള്‍ വെട്ടിക്കുറച്ച് പകരം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കുക എന്നതുള്‍പ്പെടെ ചരിത്ര പഠനത്തില്‍ സമൂല മാറ്റം വരുത്തുക എന്നതു തന്നെയാണ് ഈ ശുപാര്‍ശ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു വ്യക്തം.
മലയാളിയും കോട്ടയം സിഎംഎസ് കോളജിലെ മുന്‍ ചരിത്ര വിഭാഗം പ്രൊഫസറുമായ പ്രൊഫ. സി.ഐ ഐസക്ക് അധ്യക്ഷനായ എന്‍സിഇആര്‍ടിയുടെ ഏഴംഗ സാമൂഹ്യ ശാസ്ത്ര പാഠപുസ്തക പരിഷ്കരണ സമിതിയാണ് പുതിയ നര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. തുര്‍ക്കികളും അഫ്ഗാനികളും ഗ്രീക്കുകാരും നടത്തിയ കടന്നുകയറ്റത്തിന്‍റെ ഫലമായാണ് ഇന്ത്യ എന്ന പേരുണ്ടായതെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഭാരതം എന്ന പേരാണ് പരാമര്‍ശിക്കപ്പെടുന്നതെന്നും പ്രൊഫ. ഐസക്ക് വിശദീകരിക്കുന്നു. കൊളോണിയല്‍ കാലത്തെ ഇത്തരം കീഴ്വഴക്കങ്ങള്‍ പുതിയ തലമുറയെ പഠിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാനാണ് ഈ പേരുമാറ്റം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു.
കൊളോണിയല്‍ കാലം ഇന്ത്യയുടെ സ്വന്തം ചരിത്രത്തിന്‍റെ ഭാഗമാണ്. കൊളോണിയല്‍ ശക്തിയുടെ മേധാവിത്വത്തിനെതിരെ ഇന്ത്യ നടത്തിയ കനത്ത പോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം. ആ സുവര്‍ണ ചരിത്രത്തെയും ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ ഇന്ത്യന്‍ ജനത നേടിയ നിര്‍ണായക വിജയത്തെയും ഓര്‍മിക്കാതെ ഇന്ത്യയ്ക്ക് ഒരു ചരിത്രമില്ലെന്നതാണു വാസ്തവം.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ഇന്ത്യാ മഹാരാജ്യത്തിന്‍റെ മഹത്തായ ചരിത്രത്തിലെ ഒരു വലിയ അദ്ധ്യായം തന്നെയാണ്. മഹാത്മാഗാന്ധി നേതൃത്വം നല്‍കിയ ഐതിഹാസികമായ സമരമായിരുന്നു അത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടാന്‍ കാലം കാത്തുവെച്ച നേതാവായിരുന്നു മഹാത്മാഗാന്ധി. ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിങ്ങനെ എത്രയെത്ര നേതാക്കളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചത്. ഒരു പ്രതീക്ഷയുമില്ലാതെ സമരത്തിന്‍റെ തീച്ചൂളയിലേയ്ക്ക് എടുത്തുചാടിയവരായിരുന്നു അവര്‍.
565 നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന വിസ്തൃതമായ ഒരു പ്രദേശത്തെ ഒരൊറ്റ രാജ്യമായി ഇന്ത്യ എന്ന മഹാരാജ്യമായി, രൂപപ്പെടുത്തിയെടുത്തത് സ്വാതന്ത്ര്യ സമരം തന്നെയാണ്. ആ സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും അതിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യത്തെപ്പറ്റിയും ഒരു രാജ്യം രൂപപ്പെട്ടു ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചതിനെപ്പറ്റിയും ആ രാജ്യം ആര്‍ജിച്ചെടുത്ത ജനാധിപത്യ ഭരണ രീതിയെപ്പറ്റിയും അതിനടിസ്ഥാനമായ ഭരണഘടനയെപ്പറ്റിയും ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതില്ലെന്ന് ഒരു സമിതി ശുപാര്‍ശ ചെയ്യുക എന്നത് അവിശ്വസനീയം തന്നെ. എന്തായിരിക്കും ഈ ശുപാര്‍ശകളിലേയ്ക്ക് ആ സമിതിയംഗങ്ങളെ നയിച്ച ചിന്തകള്‍ ?
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തീര്‍ച്ചയായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ചതു തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായിത്തന്നെയായിരുന്നു എന്നും ഓര്‍ക്കണം. ബ്രിട്ടീഷ് ഭരണത്തിന്‍റെ അടിച്ചമര്‍ത്തലും ഭീകരമായ മര്‍ദനവും ജെയില്‍വാസവും ഒക്കെ അനുഭവിച്ചുതന്നെയാണ് സ്വാതന്ത്യ സമരം മുന്നേറിയത്. ബ്രിട്ടീഷ് പട്ടാളത്തിന്‍റെ നിറതോക്കുകള്‍ക്കു മുന്നില്‍ സമര ഭടന്മാര്‍ ധീരതയോടെ നിന്നു.
അതെല്ലാം ഒരു വലിയ ചരിത്രമാണ്. ഇന്ത്യ എന്ന രാജ്യത്തിന്‍റെ ചരിത്രം. വിവിധ രാജാക്കന്മാരുടെ കീഴില്‍ കഴിഞ്ഞിരുന്ന വിവിധ ജാതിക്കാരെയും ഭാഷക്കാരെയും സമുദായങ്ങളെയുമെല്ലാം ഇന്ത്യ എന്ന ഒരൊറ്റ ചരടില്‍ കോര്‍ത്തെടുത്ത അത്യുജ്വലമായ സമരം. ആ സമരത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു പോകുമ്പോഴും ഒരൊറ്റ സമരഭടനും ഒരൊറ്റ നേതാവും ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്ക് മുമ്പില്‍ മുട്ടു മടക്കിയില്ല. ധീരതയോടെ അവര്‍ തൂക്കുമരത്തിനു മുന്നില്‍ നിന്നു. വെടിയുണ്ടകളുടെ മുന്നില്‍ നെഞ്ചു വിരിച്ചു നിന്നു പോരാടി.
ഒരൊറ്റ നേതാവും ഒരൊറ്റ സമര ഭടനും ബ്രിട്ടീഷ് അധികാരികള്‍ക്കു മാപ്പെഴുതിക്കൊടുത്തില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വിജയമായിരുന്നു അത്. അതിനു നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ വിജയമായിരുന്നു അത്. കോണ്‍ഗ്രസ് നേതാക്കളുടെ വിജയമായിരുന്നു അത്.
ആറേഴു പേര്‍ കൂടിയിരുന്ന് ആലോചിച്ചു തീരുമാനിച്ചാല്‍ മായിച്ചു കളയാവുന്നതല്ല ഇന്ത്യ എന്ന വികാരം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. അങ്ങനെയൊക്കെ തീരുമാനിക്കാന്‍ ഇവരാര് എന്നു തന്നെയാണ് ഇന്ത്യയുടെ ചോദ്യം. ഇന്ത്യാക്കാരുടെ ചോദ്യം.
ഇന്ത്യ ഇന്ത്യാക്കാരുടേതാണ് സര്‍.