Advertisment

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വ്യാജ ഐഡി കാര്‍ഡുകള്‍ നിർമ്മിച്ച യൂത്ത് കോൺ​ഗ്രസിന്റെ ഈ യാത്ര ഏറെ അപകടകരം. എ.കെ ആന്‍റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്‍ തലമുറക്കാര്‍ ഇന്ന് ചാനൽ ചർച്ചകളിലെ രാജാക്കന്മാരായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം ദുര്‍നടപടികള്‍ക്കെതിരെ പോലീസും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുകതന്നെ വേണം. ഈ പോക്ക് അത്യന്തം അപകടകരമാണെന്നോര്‍ക്കുകയും വേണം - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
iyc

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തെരഞ്ഞടുപ്പു കാര്‍ഡ്. അതും തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന ഐഡന്‍റിറ്റി കാര്‍ഡ് തന്നെ വ്യാജമായി നിര്‍മ്മിച്ചത്.

Advertisment

പത്തനംതിട്ട ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭിനന്ദ് വിക്രം, ബിനില്‍ ബിനു, ഫെനി നൈനാന്‍, വികാസ് കൃഷ്ണ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കേസ് സംബന്ധിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപാകതകളുടെ പേരില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി  പ്രതികള്‍ക്കു ജാമ്യം നല്‍കി. 

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ ചില എ വിഭാഗം നേതാക്കള്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചന പ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ തന്നെ വോട്ടര്‍ ഐഡന്‍റിറ്റി കാര്‍ഡ് വ്യാപകമായി നിര്‍മ്മിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ലേറെ ഐഡി കാര്‍ഡുകളാണ് ഇങ്ങനെ വ്യാജമായി നിര്‍മ്മിച്ചത്. ഈ വ്യാജ കാര്‍ഡുകളില്‍ ചിലത് പോലീസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

കമ്പ്യൂട്ടറില്‍ വിദഗ്ദ്ധനായ വികാസ് കൃഷ്ണയാണ് ഇങ്ങനെ വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ രാജ്യ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പോലീസ് പറയുന്നുണ്ട്.

f


കേസും റിപ്പോര്‍ട്ടുമെല്ലാം ഗൗരവമുള്ളതാണെങ്കിലും ആവശ്യമായ ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍ പോലീസ് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ശനമായ ഉപാധികളോടെ കോടതി പ്രതികള്‍ക്കു ജാമ്യം നല്‍കിയത്


പ്രതികള്‍ക്ക് ആദ്യ ഘട്ടത്തില്‍ത്തന്നെ ജാമ്യം കിട്ടിയെങ്കിലും പോലീസ് കേസ് നടപടികള്‍ മുറുക്കുകയാണെന്നുതന്നെ കരുതണം. യൂത്ത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ക്കു പിന്നാലെയാണു പോലീസ്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണത്തിനു പിന്നില്‍ ആരൊക്കെയാണെന്നു കണ്ടുപിടിക്കുകയാണു ലക്ഷ്യം. ഇതു സംബന്ധിച്ച് പ്രധാനപ്പെട്ട തെളിവുകള്‍ പോലീസിനു കിട്ടിക്കഴിഞ്ഞു.

യൂത്ത് കോണ്‍ഗ്രസിന്‍റെ സംഭവ ബഹുലമായ ചരിത്രത്തില്‍ ആദ്യമായാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഒരുകൂട്ടര്‍ വ്യാജ ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്നത്. അതും ആന്‍റണി പക്ഷത്തുള്ളവര്‍. ആന്‍റണി പക്ഷം തന്നെയായിരുന്നു കഴിഞ്ഞ കുറെ കാലമായി യൂത്ത് കോണ്‍ഗ്രസിന്‍റെ മുഖ്യധാരയില്‍.

കെഎസ്‌യുവിൽ തുടങ്ങി യൂത്ത് കോണ്‍ഗ്രസിലൂടെ കോണ്‍ഗ്രസിലും കേരളത്തിന്‍റെ പൊതു രാഷ്ട്രീയ ധാരയിലും തിളങ്ങി ശോഭിച്ച എകെ ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെയുള്ള നേതാക്കളുടെ പിന്‍ തലമുറക്കാരാണ് സംഘടനയില്‍ ഗ്രൂപ്പ് നേതാക്കളെ വിജയിപ്പിക്കാന്‍ വ്യാജ ഐഡി കാര്‍ഡുകളുണ്ടാക്കിയതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതു തന്നെ.

1957 മെയ് 30 -ന് ആലപ്പുഴയിലാണ് കേരള വിദ്യാര്‍ത്ഥി യൂണിയന്‍ എന്ന കെഎസ്‌യു രൂപമെടുത്തത്. കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്വദേശി എം.എ ജോണ്‍ ആയിരുന്നു ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം. ജോണിന് അന്ന് 20 വയസ്. ചേര്‍ത്തല സ്വദേശി 19 കാരനായ എം.കെ രവീന്ദ്രനും കുറെ ചെറുപ്പക്കാരും ജോണിനൊപ്പം കൂടി. പിന്നീട് വയലാര്‍ രവി എന്ന പേരില്‍ കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു നിന്നു എം.കെ രവീന്ദ്രന്‍.

1957 ഏപ്രില്‍ അഞ്ചിനാണ് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത്. ഐക്യ കേരളത്തിന്‍റെ ആദ്യത്തെ ജനകീയ ഭരണത്തിനു തുടക്കമിട്ട്.

1958 ജൂലൈയില്‍ കുട്ടനാട്ടില്‍ ബോട്ട് കൂലി വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ വലിയ സമരത്തിലൂടെ കെഎസ്‌യു വളര്‍ന്നു. ഇഎംഎസ് അധികാരമേറ്റയുടനെ കുട്ടനാട്ടിലെ ജലഗതാഗതം ദേശസാല്‍ക്കരിക്കുകയും വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി കൂട്ടുകയും ചെയ്തിരുന്നു. അന്ന് ഒരണ (ആറു പൈസ) ആയിരുന്ന യാത്രക്കൂലി പത്തു പൈസയാക്കി ഉയര്‍ത്തിയതായിരുന്നു വിദ്യാര്‍ത്ഥി സമരത്തിനു കാരണം. പെട്ടെന്ന് സമരം കത്തിപ്പടര്‍ന്നു. 

ഒരണാ സമരത്തില്‍ തുടങ്ങി 1972 -ലെ വിദ്യാഭ്യാസ സമരത്തിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിലെ ചാലക ശക്തികളായി കരുത്തു നേടിയ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസുമാണ് ഇക്കാലമത്രയും കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഒരു പ്രബല ശക്തിയായി നിലനിര്‍ത്തിയതെന്ന കാര്യവും ഓര്‍ക്കണം. പില്‍ക്കാലത്ത് ജി. കാര്‍ത്തികേയനെപ്പോലെയുള്ള കരുത്തരായ നേതാക്കള്‍ കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തികളായും വളര്‍ന്നുവെന്ന കാര്യവും പ്രധാനം.

വൈകുന്നേരത്തെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ യുവ നേതാക്കളുടെ പ്രവര്‍ത്തനം ഒതുങ്ങിക്കൂടിയിരിക്കുന്നു ഇന്ന്. ചര്‍ച്ചകളില്‍ അത്യാവേശത്തോടെ വാദിക്കുകയും മറ്റുള്ളവരെ ക്രൂരമായി അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ സംഘടനയില്‍ വീരന്മാരും ശൂരന്മാരുമാകുന്നു.

ഒപ്പം നില്‍ക്കുന്നവരെ ചവുട്ടി വീഴ്ത്തി അവരുടെ മുതുക് ചവിട്ടുപടിയാക്കി മുകളിലേയ്ക്കു കയറാന്‍ ഇക്കൂട്ടര്‍ ഈ താര പരിവേഷം ഉപയോഗിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെ വിലയ്ക്കെടുത്തും പ്രതിഛായാ നിര്‍മ്മാതാക്കളായ സ്ഥാപനങ്ങളെ വാടകയ്ക്കെടുത്തും ഇവര്‍ സ്വന്തം നേതൃസ്ഥാനം ഊതി വീര്‍പ്പിക്കുന്നു. ഏറ്റവുമൊടുവില്‍ നേതൃസ്ഥാനം പിടിച്ചടക്കാന്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണവും.

ഇത്തരം ദുര്‍നടപടികള്‍ക്കെതിരെ പോലീസും രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തുകതന്നെ വേണം. ഈ പോക്ക് അത്യന്തം അപകടകരമാണെന്നോര്‍ക്കുകയും വേണം.

Advertisment