പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പിൻ​ഗാമി ചാണ്ടി ഉമ്മന്‍ തന്നെ! ഹൈക്കമാന്‍റ് ഒരു സംശയവുമില്ലാതെ അതേ പേര് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. എവിടെയും അഭിപ്രായവ്യത്യാസമുണ്ടായില്ല. ഇപ്പോഴിതാ സ്വന്തം കഴിവു തെളിയിക്കാന്‍ ചാണ്ടി ഉമ്മന് അവസരം കിട്ടിയിരിക്കുന്നു. അതും സ്വന്തം പിതാവ് പയറ്റിത്തെളിഞ്ഞ തട്ടകത്തില്‍ത്തന്നെ! ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്തേയ്ക്കുയരാന്‍ മകന്‍ ചാണ്ടി ഉമ്മനു കഴിയുമോ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

കേരള ജനതയുടെ മനസില്‍ സ്വന്തമായ സ്ഥാനം നേടിയ നേതാവിന്‍റെ സ്ഥാനത്തേയ്ക്കുയരാന്‍ മകന്‍ ചാണ്ടി ഉമ്മനു കഴിയുമോ എന്നതാണു ചോദ്യം.

New Update
CHANDI OOMMAN

ഉമ്മന്‍ ചാണ്ടിക്കു ശേഷം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍. 53 വര്‍ഷക്കാലം ഉമ്മന്‍ ചാണ്ടി സ്വന്തക്കാരും പ്രിയപ്പെട്ടവരുമായി കൊണ്ടുനടന്ന പുതുപ്പള്ളി നിവാസികള്‍ക്കു മുമ്പില്‍ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത് മകന്‍ ചാണ്ടി ഉമ്മനെത്തന്നെ.

Advertisment

ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലേയ്ക്ക് അധികം വൈകാതെ തന്നെ തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍റെ പേരു നിര്‍ദേശിച്ച് ഹൈക്കമാന്‍റിനെ അറിയിച്ചു. ഹൈക്കമാന്‍റ് ഒരു സംശയവുമില്ലാതെ അതേ പേര് അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. എവിടെയും അഭിപ്രായവ്യത്യാസമുണ്ടായില്ല. താമസമേതുമുണ്ടായില്ല.

അര നൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിന്‍റെ നേതൃനിരയില്‍ത്തന്നെ നിലയുറപ്പിച്ച നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പ്രസിഡന്‍റായി തിളങ്ങി വളര്‍ന്ന ഉമ്മന്‍ ചാണ്ടി പ്രഗത്ഭനായൊരു സംഘടനാ പ്രവര്‍ത്തകനും കുശാഗ്രബുദ്ധിയായ തന്ത്രശാലിയുമായിരുന്നു. എങ്കിലും ഒരു ഘട്ടത്തിലും മക്കളെയാരെയും രാഷ്ട്രീയത്തിലേയ്ക്കു കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചില്ല. അവരാരും സ്വയം മുന്നോട്ടു വന്നതുമില്ല.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു വടവൃക്ഷം പോലെ വളര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ മക്കളെന്ന നിലയ്ക്ക് ഒരു സ്ഥാനവും അവകാശപ്പെടാന്‍ ആരും ശ്രമിച്ചില്ല എന്നതു ശ്രദ്ധേയം തന്നെയാണ്. വിദ്യാര്‍ത്ഥി സംഘടനയുടെ അടിത്തട്ടില്‍ നിന്നുതന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ തുടക്കം. 

കെഎസ്‌യുവിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ, പിന്നെ കോണ്‍ഗ്രസിലൂടെ എല്ലാ അടവുകളും പഠിച്ചു തന്നെയായിരുന്നു അദ്ദേഹം വളര്‍ന്നതും സ്ഥാനമാനങ്ങള്‍ നേടിയതും. ഇത്തരം സാഹചര്യമൊന്നും ചാണ്ടി ഉമ്മനു കിട്ടിയില്ല. പിതാവു കോണ്‍ഗ്രസിന്‍റെ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ മക്കള്‍ അങ്ങനെ വലിയ രാഷ്ട്രീയം കളിക്കാനിറങ്ങണ്ടാ എന്ന് ചാണ്ടി ഉമ്മന്‍ സ്വയം തീരുമാനിച്ചതാവാം. 

പെണ്‍മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും രാഷ്ട്രീയം നന്നായി അറിയാവുന്നവരാണെങ്കിലും രാഷ്ട്രീയത്തിനടുത്തെങ്ങും ചെന്നതേയില്ല. ചാണ്ടി ഉമ്മന്‍ മാത്രമാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്. ആദ്യം ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി ആയിരിക്കുന്ന ഘട്ടത്തില്‍. ഏറ്റവുമൊടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ആദ്യാവസാനം പങ്കെടുത്ത്.

ഇപ്പോഴിതാ സ്വന്തം കഴിവു തെളിയിക്കാന്‍ ചാണ്ടി ഉമ്മന് അവസരം കിട്ടിയിരിക്കുന്നു. അതും സ്വന്തം പിതാവു പയറ്റിത്തെളിഞ്ഞ തട്ടകത്തില്‍ത്തന്നെ. അത് ഒരു വലിയ വെല്ലുവിളിയും കൂടിയാണ് ചാണ്ടി ഉമ്മനെ സംബന്ധിച്ചിടത്തോളം.

കേരളം നിറഞ്ഞു നിന്ന വലിയൊരു രാഷ്ട്രീയ നേതാവുതന്നെയായിരുന്നു ഉമ്മന്‍ ചാണ്ടി. വിളിക്കുന്നവര്‍ക്കൊക്കെ സഹായ ഹസ്തം നീട്ടിയ നേതാവ്. ആരെയും സഹായിക്കാന്‍ എപ്പോഴും സന്നദ്ധനായിരുന്ന നേതാവ്. കേരള ജനതയുടെ മനസില്‍ സ്വന്തമായ സ്ഥാനം നേടിയ നേതാവ്. ആ നേതാവിന്‍റെ സ്ഥാനത്തേയ്ക്കുയരാന്‍ മകന്‍ ചാണ്ടി ഉമ്മനു കഴിയുമോ എന്നതാണു ചോദ്യം.

Advertisment