/sathyam/media/media_files/E3BDkghN6PA2BzIENEQa.jpg)
സനാതന ധര്‍മം എന്നാല്‍ ബ്രാഹ്മണാധിപത്യം തന്നെയാണെന്നു വ്യാഖ്യാനിക്കാം. അതിന്‍റെ ഭാഗമാണ് ജാതിവ്യവസ്ഥ. മനുഷ്യനെ നീചമായ ജാതി വ്യവസ്ഥയില്‍ വേര്‍തിരിച്ചു നിര്‍ത്തിയ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ഈഴവര്‍ ഉള്‍പ്പെടെ വിവിധ ജാതിക്കാരെ അയിത്തത്തിന്‍റെയും തൊട്ടുകൂടായ്മയുടെയും പേരില്‍ ഒറ്റപ്പെടുത്തിയിരുന്ന കാലം.
അത് ബ്രാഹ്മണ മേധാവിത്വം തന്നെയായിരുന്നു. അധികാരം ബ്രാഹ്മണര്‍ക്കായിരുന്നു. സമൂഹത്തിലെ ഉന്നതര്‍. ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനും ബ്രാഹ്മണര്‍ക്കേ അധികാരമുണ്ടായിരുന്നുള്ളു.
താണ ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്ര വഴികളിലൂടെ നടക്കാന്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സ്കൂളില്‍ ചേരാനോ, പഠിക്കാനോ, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ അവകാശമുണ്ടായിരുന്നില്ല.
തിരുവിതാംകൂറില്‍ രാജഭരണകാലത്ത് വിദ്യാഭ്യാസത്തിനു സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഇതറിഞ്ഞ് തിരുവനന്തപുരം പേട്ട സ്വദേശി പി.ടി പല്‍പ്പു സര്‍ക്കാരിന്‍റെ പ്ലീഡര്‍ നിയമനത്തിന് പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കി. ഫീസും കെട്ടിവെട്ടു. സാമാന്യം നല്ല രീതിയില്‍ ഇംഗ്ലീഷ് ഭാഷ വശമാക്കിയിരുന്നു പല്‍പ്പു.
ക്രിസ്ത്യന്‍ മിഷനറിമാരോടു സംസാരിച്ച് ഇംഗ്ലീഷ് പറയാനും ശീലിച്ചിരുന്നു. അധികൃതര്‍ പല്‍പ്പുവിന്‍റെ അപേക്ഷ സ്വീകരിച്ചെങ്കിലും ഈഴവ സമുദായക്കാരനാണെന്നു മനസിലാക്കി പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. കെട്ടിവെച്ച ഫീസും മടക്കി നല്‍കിയില്ല.
തിരുവിതാംകൂറിന്‍റെ 1847 മുതല്‍ 1908 വരെയുള്ള ചരിത്രം വളരെ വിശദമായി പഠിച്ച് പ്രശസ്ത ചിത്രകാരനും ഗവേഷകനുമായ റോബിന്‍ ജെഫ്റി തയ്യാറാക്കിയ 'ദ ഡിക്ലൈന്‍ ഓഫ് നായര്‍ ഡോമിനന്‍സ് ' എന്ന ഗവേഷണ ഗ്രന്ഥത്തിലാണ് ഈ സംഭവം വിവരിക്കുന്നത്.
തന്‍റെ മക്കള്‍ക്കെങ്കിലും ജോലി കിട്ടണമെന്ന് ആഗ്രഹിച്ച പി.ടി പല്‍പ്പു പി. വേലായുധന്‍, പി. പല്‍പ്പു എന്നീ മക്കളെ പഠിപ്പിക്കാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ റോബിന്‍ ജെഫ്റി വിവരിക്കുന്നു. വിദ്യാഭ്യാസം നേടാന്‍ ഈഴവര്‍ കാണിച്ച ഉത്സാഹവും താണ ജാതിക്കാര്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവവും തമ്മില്‍ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന്‍റെ കഥകൂടിയാണ് പി.ടി പല്‍പ്പുവിന്‍റെയും മക്കളുടെയും കഥയെന്നും റോബിന്‍ ജെഫ്റി വിവരിക്കുന്നു.
അന്ന് സര്‍ക്കാര്‍ സ്കൂളുകളിലൊന്നും ഈഴവ സമുദായക്കാര്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. മിഷനറിമാര്‍ നടത്തിയിരുന്ന സ്കൂളുകളില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്നു. കഷ്ടപ്പെട്ടു ബി.എ പാസായ വേലായുധന്‍ സര്‍ക്കാര്‍ ജോലിക്കപേക്ഷിച്ചെങ്കിലും അപേക്ഷ തള്ളിക്കളഞ്ഞു. വേലായുധന്‍ മദ്രാസിലേയ്ക്കു തിരിച്ചു. മദ്രാസ് റെസിഡന്‍സില്‍ പ്രയാസമൊന്നുമില്ലാതെ ജോലി കിട്ടി. അതും ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍വീസില്‍. ഡെപ്യൂട്ടി കളക്ടര്‍ പദവി വരെയെത്തിയ പി. വേലായുധന് റാവു ബഹദൂര്‍ സ്ഥാനവും നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍.
അനുജന്‍ പി. പല്‍പ്പുവാകട്ടെ തിരുവിതാംകൂര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി രണ്ടാം റാങ്കോടെ പാസായെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഈഴവനായതാണു കാരണം. പി. പല്‍പ്പുവും മദ്രാസിലേയ്ക്കു പോയി. പലരുടെ കൈയില്‍ നിന്നും പണം കടം വാങ്ങിയും സംഭാവന സ്വീകരിച്ചും മദ്രാസ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടി. 1885 -ലായിരുന്നു അത്.
1889 -ല്‍ പല്‍പ്പു മെഡിക്കല്‍ ബിരുദമെടുത്ത് ഡോ. പല്‍പ്പുവായി. തിരവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. 1891 -ല്‍ മറ്റൊരു ബ്രിട്ടീഷ് ഭരണപ്രദേശമായ മൈസൂരില്‍ ജോലി തേടി. ഉടന്‍ കിട്ടുകയും ചെയ്തു. പിന്നീട് 30 വര്‍ഷക്കാലം ബാംഗ്ലൂരില്‍ ജോലി ചെയ്ത് സ്വന്തം സമുദായത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ പ്രധാന ശിഷ്യനുമായിരുന്നു ഡോ. പല്‍പ്പു.
തമിഴ്‌നാട്ടിൽ ഇത്തരം ജാതി വ്യവസ്ഥകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരായാണ് ദ്രാവിഡ പ്രസ്ഥാനം രൂപമെടുത്തു വളര്‍ന്നത്. അതിന്‍റെ രാഷ്ട്രീയ രൂപമാണ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന ഡിഎംകെ.
തമിഴ്‌നാട്ടിൽ ഏറെ തലയെടുപ്പുള്ള നേതാവായിരുന്ന കെ. കാമരാജിന്‍റെ നേതൃത്വത്തില്‍ വളര്‍ന്നു നിന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഡിഎംകെ തമിഴ്‌നാട് ഭരണം കൈയ്യടക്കി. അതില്‍പ്പിന്നെ കോണ്‍ഗ്രസ് തമിഴ്‌നാട്ടിൽ തലപൊക്കിയിട്ടില്ല.
ആ ദ്രാവിഡ മുന്നേറ്റത്തിന്‍റെ ഇളയ തലമുറക്കാരനാണ് ഉദയനിധി മാരന്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകന്‍. ഉദയനിധി മാരനാണ് സനാതന ധര്‍മത്തെയും അതിനു പിന്നിലെ ബ്രാഹ്മണ മേധാവിത്വത്തെയും വെല്ലുവിളിച്ച് തല ഉയര്‍ത്തി നില്‍ക്കുന്നത്. ഉത്തരേന്ത്യയില്‍ ഇന്നും മേധാവിത്വം പുലര്‍ത്തുന്ന ബ്രാഹ്മണ മേധാവിത്വത്തിന് അതു സഹിക്കാനാവാത്ത മഹാപാപം.
ഉദയനിധി മാരന്‍ തന്‍റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ദ്രാവിഡ ശക്തി.