/sathyam/media/media_files/eE01NZyxsDrnefofsL9u.jpg)
പാവപ്പെട്ട ഒരു അതിഥി തൊഴിലാളി കുടുംബത്തിലെ അരുമയായ പെണ്‍ കുരുന്നിനോട് കേരളത്തിന്‍റെ മണ്ണില്‍ ഒരാള്‍ കാട്ടിയ അതിക്രൂരമായ കൃത്യം കണ്ട് നടുങ്ങി നില്‍ക്കുകയാണ് ഈ നാട്. അന്യദേശ തൊഴിലാളിയായ അക്രമിയുടെ ഭീകരമായ അക്രമണത്തിനും ബലാല്‍ക്കാരത്തിനും വൃത്തികെട്ട പെരുമാറ്റത്തിനുമെല്ലാം ഇരയായ ആ പാവം മകള്‍ ഇന്നു കേരളത്തിന്‍റെ മൊത്തം ഓമന മകളായിരിക്കുന്നു.
ആലുവായ്ക്കടുത്ത് തായിക്കാട്ടുകര എല്‍.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു അവള്‍. എപ്പോഴും ചിരിക്കുന്ന മുഖവുമായി മലയാളിക്കുട്ടികളോടൊപ്പം ഓടിച്ചാടി ഉല്ലസിച്ചു നടന്നിരുന്ന ആ മകളുടെ ചേതനയറ്റ ശരീരം തിങ്ങിക്കൂടിയ ജനങ്ങളെ ഏറെ വേദനിപ്പിച്ചു.
അധ്യാപകരും കൂടെ പഠിച്ച കുരുന്നുകളും ചുറ്റും നിന്നു വിങ്ങിപ്പൊട്ടി. ദു:ഖവും രോഷവും അടക്കാനാവാതെ ജനക്കൂട്ടം കൂടിനിന്നു. ആ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദന ഒരു നാടിന്‍റെയാകെ വേദനയായി മാറുകയായിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ബീഹാര്‍ സ്വദേശികളാണ്. കുഞ്ഞിനോട് ഭീകരത കാട്ടിയ യുവാവ് അസ്ഫാക് ആലവം ബീഹാറുകാരന്‍ തന്നെ. നിര്‍മ്മാണ തൊഴിലാളിയെന്നാണ് അവകാശപ്പെടുന്നതെങ്കിലും എവിടെയും അയാള്‍ പണിക്കു പോകുന്നത് ആരും കണ്ടിട്ടില്ല.
മറ്റ് അതിഥി തൊഴിലാളികളുമായി ചങ്ങാത്തം കൂടുകയും അവരുടെ പണം മോഷ്ടിക്കുകയും ചെയ്താണ് ഇയാള്‍ ജിവിച്ചു പോന്നതെന്ന് ആലുവയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഇങ്ങനെ മോഷ്ടിക്കുന്ന പണംകൊണ്ട് ആഹാരവും മദ്യവും കഴിക്കുകയായിരുന്നു പതിവ് എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍.
കേരളത്തിന്‍റെ തൊഴില്‍ രംഗത്ത് അവിഭാജ്യഘടകമായി മാറിയിരിക്കുന്നു അതിഥി തൊഴിലാളികള്‍ എന്നു സംസ്ഥാനം വാത്സല്യത്തോടെ വിളിക്കുന്ന അന്യദേശ തൊഴിലാളികള്‍.
തൊഴില്‍ വകുപ്പിന്‍റെ കണക്കുപ്രകാരം 5.16 ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്യുന്നുണ്ട്. ഈ കണക്ക് ഒട്ടും ശരിയല്ലെന്ന് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി തന്നെ പറയുന്നു. 30 ലക്ഷത്തിലേറെ അന്യദേശ തൊഴിലാളികള്‍ ഇവിടെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഈ തൊഴിലാളികളുടെ മുഴുവന്‍ കണക്കെടുക്കാനും ഓരോരുത്തരുടെയും വിശദമായ വ്യക്തി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും പുതിയൊരു നിയമ നിര്‍മാണം തന്നെ വേണ്ടിവന്നിരിക്കുന്നുവെന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. തുടക്കമെന്ന നിലയ്ക്ക് ഒരു 'അതിഥി ആപ്പ് ' ഉടന്‍ തന്നെ ഉണ്ടാക്കുമെന്നും മന്ത്രി പറയുന്നു.
പശ്ചിമ ബംഗാള്‍, ബിഹാര്‍, ത്രിപുര, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയും വരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കേരളം ഒരു സ്വര്‍ഗം തന്നെയാണ്. അവിടങ്ങളിലൊക്കെയും വളരെ നിസാരം തന്നെയാണ് ദിവസക്കൂലി. ഏറിയാല്‍ 250 മുതല്‍ 350 വരെ മാത്രം. കൃഷിയിടങ്ങളിലായാലും കെട്ടിട നിര്‍മാണ രംഗത്തായാലും പൊള്ളുന്ന വെയിലത്ത് പകലന്തിയോളം ജോലിചെയ്യുകയും വേണം. തൊഴിലുടമകളുടെ പെരുമാറ്റം പലപ്പോഴും വളരെ മോശവുമായിരിക്കും.
കേരളത്തില്‍ സാധാരണ കൃഷിപ്പണിക്ക് ഒരു ദിവസം 800 - 900 രൂപ വരെയാണു കൂലി. കെട്ടിട നിര്‍മാണ രംഗത്ത് കൂലി ഇതിലും കൂടും. അതുകൊണ്ടുതന്നെ കേരളമെങ്ങും അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നു. റെസ്റ്ററന്‍റുകളില്‍ വെയ്റ്റര്‍മാരായും പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ ഒഴിച്ചു കൊടുക്കുന്നവരായും ബ്യൂട്ടി പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും വിദഗ്ദ്ധ തൊഴിലാളികളായും ഇവര്‍ ജോലിചെയ്യുന്നു. തികഞ്ഞ സന്തോഷത്തോടെ. നിറഞ്ഞ മനസോടെ. മാസാമാസം നല്ലൊരു തുക നാട്ടില്‍ കാത്തിരിക്കുന്ന വീട്ടുകാര്‍ക്കയയ്ക്കാനും ഇവര്‍ക്കു കഴിയുന്നു. ആണ്ടിലൊരിക്കല്‍ അവധിക്ക് നാട്ടില്‍ പോകാന്‍ വിമാനം കയറുന്ന അതിഥി തൊഴിലാളികളും ഏറെ.
പോതുവെ ഈ തൊഴിലാളികള്‍ പ്രശ്നമുണ്ടാക്കുന്നവരല്ല. നമ്മുടെ നാട്ടുകാരും അങ്ങേയറ്റം സ്നേഹത്തോടെ തന്നെയാണ് ഇടപെടുന്നത്. പെരുമ്പാവൂരിലും പരിസരങ്ങളിലുമുള്ള പ്ലൈവുഡ് ഫാക്ടറികളില്‍ അന്യ സംസ്ഥാനത്തൊഴിലാളികള്‍ ആയിരക്കണക്കിനുണ്ട്. ഇവിടെ കടകളിലെ വില വിവര പട്ടികകളും ബസിലെ സ്ഥലനാമ ബോര്‍ഡുകളുമൊക്കെയും ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലാണ്.
എങ്കിലും ആയിരക്കണക്കിനു തൊഴിലാളികള്‍ കേരളം എന്ന ചെറിയ സംസ്ഥാനത്തേയ്ക്കു വരുമ്പോള്‍, അവരില്‍ ചെറിയൊരു വിഭാഗമെങ്കിലും വഴിവിട്ടു സഞ്ചരിക്കുന്നവരാകാം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരും മോഷണവും പിടിച്ചുപറിയ്ക്കലും സ്വഭാവമാക്കിയവരും ഇവരില്‍ ഉണ്ടായേക്കാം. ഏതെങ്കിലും പെണ്‍കുട്ടിയെ കൈയില്‍ കിട്ടിയാല്‍ ബലാല്‍സംഗം ചെയ്യാനോ കൊലപ്പെടുത്താനോ മടികാട്ടാത്തവരും അക്കൂട്ടത്തിലുണ്ടാവാം. ഇവിടെ സമൂഹം തന്നെയാണു ജാഗ്രത പാലിക്കേണ്ടത്. പോലീസ് എപ്പോഴും ശ്രദ്ധവെച്ചേ മതിയാകൂ.
അന്യദേശ തൊഴിലാളികള്‍ കേരളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തന്നെ ഭാഗമാണിന്ന്. അവരെ ഒഴിവാക്കാനാവില്ല തന്നെ. കേരളീയര്‍ ഗള്‍ഫ് നാടുകളിലും മറ്റ് വിദേശ രാജ്യങ്ങളിലും തൊഴില്‍ തേടി പോയതുപോലെയാണ് ഈ തൊഴിലാളികള്‍ ഭാഗ്യം തേടി ഇങ്ങോട്ടു വരുന്നത്. ഇവരില്‍ അപകടകാരികളുണ്ടാകാം. നാം സൂക്ഷിച്ചേ മതിയാകൂ. നമ്മുടെ കുഞ്ഞുങ്ങളെയും സൂക്ഷിക്കണം.