Advertisment

അദാനിക്കെതിരെ മാധ്യമ കൂട്ടായ്മ ഉയർത്തിയ ആരോപണം കൊള്ളുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെ!  ഓഹരി വാങ്ങാനും വില്‍ക്കാനും അദാനി വ്യാജ കമ്പനികളെ നിയോഗിച്ചുവെന്ന് തെളിഞ്ഞാൽ പ്രതിക്കൂട്ടിലാവും. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിക്കു ശേഷം ലോകത്തെ പ്രബലമായൊരു മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ വീണ്ടും മോദിയെ ലക്ഷ്യം വെച്ചിരിക്കുന്നു. ഒസിസിആര്‍പി സംഘടനയുടെ കണ്ടെത്തൽ മോദിയും അദാനിയും എങ്ങനെ പ്രതിരോധിക്കും? -മുഖപ്രസം​ഗത്തിൽ ജേക്കബ് ജോർജ്

ADANI MODI

ന്ത്യയിലെ ഏറ്റവും വലിയ ധനാഠ്യനായ ബിസിനസുകാരന്‍ ഗൗതം അദാനിക്കെതിരെ എന്ത് ആരോപണമുയര്‍ന്നാലും അത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനാണു കൊള്ളുന്നത്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ സ്ഥാപനമായ ഹില്‍ഡന്‍ബര്‍ഗ് അദാനിക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ ചൂട് ആറും മുമ്പേ ആ ആരോപണങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടുകൊണ്ട് ലോക പ്രശസ്തമായ മാധ്യമ കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നു.

Advertisment

അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരി വാങ്ങാനും വില്‍ക്കാനും വ്യാജ കമ്പനികളെ നിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം

അദാനി സഹോദരന്മാരുമായി ദീര്‍ഘകാലം ബിസിനസ് ബന്ധമുണ്ടായിരുന്ന നാസര്‍ അലി ഷബാന്‍ അഹിലി (ദുബായ്), ചാങ്ങ് ചുങ്ങ് ലിങ്ങ് (തായ്‌ലണ്ട്) എന്നിവര്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 2013 മുതല്‍ 2018 വരെ ക്രയവിക്രയം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഗൗതം അദാനിയുടെ ചില കമ്പനികളിലും അദ്ദേഹത്തിന്‍റെ സഹോദരന്‍ വിനോദ് അദാനിയുടെ കമ്പനികളിലും ഡയറക്ടര്‍മാരായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ പ്രൊമോട്ടര്‍മാര്‍ക്ക് 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമായി വെയ്ക്കാനാവില്ലെന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു. ഈ രണ്ടു പേര്‍ക്കും മുമ്പ് അദാനി സഹോദരന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നു തെളിഞ്ഞാല്‍ ഗൗതം അദാനിയുടെ കമ്പനികള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നു തെളിയും. ഇതാണ് അദാനി ഗ്രൂപ്പ് നേരിടുന്ന ഭീഷണി.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഓര്‍ഗനൈസേഴ്സ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ്ങ് പ്രോജക്ട് (ഒസിസിആര്‍പി) എന്ന സംഘടനയാണ് ഗൗരവമേറിയ കുറ്റാരോപണങ്ങളുമായി അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ഗ്രൂപ്പുമായി ബന്ധമുള്ള ബിസിനസുകാര്‍ മൗറീഷ്യസില്‍ നിന്ന് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണം ഗൗരവമേറിയതു തന്നെ.

ബിബിസി ലോകമെങ്ങും പ്രദര്‍ശിപ്പിച്ച 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിക്കു ശേഷം ഇതാ ലോകത്തെ പ്രബലമായൊരു മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ തന്നെ വീണ്ടും മോദിയെ ലക്ഷ്യം വെച്ചിരിക്കുന്നു. അങ്ങേയറ്റത്തെ വിശ്വാസ്യതയും സത്യസന്ധമായ റിപ്പോര്‍ട്ടിങ്ങ് രീതിയും കൊണ്ട് ലോകമെങ്ങും പേരുകേട്ട ബിബിസി തികച്ചും അപ്രതീക്ഷിതമായിത്തന്നെയാണ് രണ്ട് എപ്പിസോഡുള്ള ആ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തത്. അത് കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഏറെ പ്രകോപിപ്പിച്ചു. ബിബിസിയുടെ ഡല്‍ഹി ഓഫീസ് റെയ്ഡ് ചെയ്തും ആരോപണങ്ങള്‍ ഉന്നയിച്ചും കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്കെതിരെ തിരിഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ പൂര്‍ണ സാമ്പത്തിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബിബിസി തികച്ചും സ്വതന്ത്രമായ മാധ്യമ സ്ഥാപനമാണ്. ബ്രിട്ടീഷ് സര്‍ക്കാരിനെപോലും വിമര്‍ശിക്കാന്‍ ബിബിസി ധൈര്യം കാട്ടിയിട്ടുമുണ്ട്. പക്ഷെ 2002 -ലെ ഗുജറാത്ത് വംശഹത്യയുടെ പിന്നാമ്പുറ രഹസ്യങ്ങള്‍ തേടിപ്പിടിച്ച് തയ്യാറാക്കിയ അന്വേഷണോത്സക ഡോക്യുമെന്‍ററിയുടെ പേരില്‍ ബിബിസിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു ബിജെപി സര്‍ക്കാര്‍.

ഇപ്പോഴിതാ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ കൂട്ടായ്മ പ്രധാനമന്ത്രിക്കു വ്യക്തിപരമായിത്തന്നെ സൗഹൃദമുള്ള അദാനി സഹോദരന്മാര്‍ നയിക്കുന്ന ബിസിനസ് ഗ്രൂപ്പിനെതിരെ രംഗത്തു വന്നിരിക്കുന്നു. ലോകമെങ്ങും നടക്കുന്ന അഴിമതിക്കും ക്രമവിരുദ്ധ നടപടികള്‍ക്കുമെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന കൂട്ടായ്മയാണിത്.

ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് പാടേ തള്ളിക്കളഞ്ഞുവെങ്കിലും റിപ്പോര്‍ട്ട് ലോകത്തിനു മുന്നില്‍ വെയ്ക്കുന്ന വസ്തുതകള്‍ക്ക് വലിയ കരുത്തുണ്ടെന്ന വസ്തുത അവശേഷിക്കുന്നു. ലോകത്തെ തന്നെ പ്രധാന മാധ്യമ സ്ഥാപനങ്ങളുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറെക്കാലം നടത്തിയ അന്വേഷണത്തിന്‍റെ ഫലം തന്നെയാണ് ഈ റിപ്പോര്‍ട്ട്. അത് അങ്ങനെയങ്ങു തള്ളിക്കളയാന്‍ അദാനി ഗ്രൂപ്പിനാവില്ല. പ്രധാന മന്ത്രിക്കും.

Advertisment