അവസാനം സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നു. അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിന് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാനങ്ങള്‍.
ഇതില്‍ ഏറ്റവും പ്രധാനം ഒരു മാനനഷ്ട കേസില്‍ അങ്ങേയറ്റത്തെ ശിക്ഷ ഒരാള്‍ക്കു വിധിക്കുമ്പോള്‍ അതിനു മതിയായ കാരണങ്ങള്‍ വിശദീകരിക്കേണ്ടതല്ലേ എന്ന സുപ്രീം കോടതിയുടെ ചോദ്യമാണ്. ആ ചോദ്യമാകട്ടെ നീളുന്നത് ഗുജറാത്തിലെ കോടതികളുടെ നേര്‍ക്കും.
കേസ് ആദ്യം പരിഗണിച്ച വിചാരണ കോടതിയുടെയും അപ്പീല്‍ പരിഗണിച്ച ജില്ലാ കോടതിയുടെയും ഹൈക്കോടതിയുടെയും നേരെയാണു ചോദ്യങ്ങള്‍ നീളുന്നത്. മൂന്നും ഗുജറാത്ത് സംസ്ഥാനത്തെ കോടതികള്‍. ഗുജറാത്ത് തന്നെയാണ് ബിജെപി സ്വന്തം രാഷ്ട്രീയ പരീക്ഷണശാലയായി കണ്ടിട്ടുള്ളതെന്ന കാര്യവും ഇതിനോടു ചേര്‍ത്തു വായിക്കണം.
ഒരു കേസില്‍ അങ്ങേയറ്റത്തെ വിധി പറയുമ്പോള്‍ അതിനു മതിയായ കാരണം വ്യക്തമാക്കേണ്ടതല്ലേ എന്ന സുപ്രീം കോടതിയുടെ ചോദ്യം ഇവിടെ ഏറെ പ്രസ്തമാണ്.
മാനനഷ്ട കേസില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച വിചാരണ കോടതിയുടെയും അതത് അപ്പീല്‍ പരിഗണിച്ച ജില്ലാ കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തത്. അങ്ങനെയൊരു അന്തിമ ശിക്ഷ വിധിക്കുമ്പോള്‍ മതിയായ കാരണം രേഖപ്പെടുത്താത്തത് എന്ത് എന്ന ചോദ്യം വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
പരമാവധി തടവുശിക്ഷ വിധിച്ചതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു. പരമാവധി ശിക്ഷ കിട്ടാനും മാത്രം ഗൗരവമേറിയതാണോ ഈ കുറ്റം എന്ന ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചിരിക്കുന്നത്. എങ്കില്‍ അതിനുള്ള കാരണം വിവരിക്കാതിരുന്നതെന്തെന്ന ചോദ്യവും.
സുപ്രീം കോടതി കേസ് റദ്ദാക്കിയില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. ഇനി കീഴ്കോടതിയിൽ വിശദമായ വിചാരണ നടക്കും. സ്വാഭാവികമായും സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ വിചാരണ വേളയില്‍ കോടതിക്കു പരിഗണിക്കേണ്ടി വരും, തീര്‍ച്ച.
എന്തായാലും തല്‍ക്കാലം രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴാണ് ഗുജറാത്തിലെ വിചാരണ കോടതി രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചുകൊണ്ടു വിധി പ്രസ്താവിച്ചത്. വിധി വന്നപാടേ അദ്ദേഹത്തിന്‍റെ ലോക്സഭാംഗത്വം റദ്ദാക്കുകയും ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. വിധി നിലനിന്നിരുന്നുവെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു.
എന്തായാലും ഈ രാഷ്ട്രീയ കളിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ മാത്രം പങ്കെടുക്കാതെ മാറി നിന്നു. രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാടു നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കാന്‍ എന്തായാലും തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറായില്ല.
രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്ത വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശത്തെയും സംരക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളും നീക്കങ്ങളുമൊക്കെയും പ്രകടമാകുന്ന ഒരു നടപടിയായി മാറുകയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും അതിന്‍റെ പേരില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിയും.
ലോക്സഭയില്‍ താന്‍ അദാനി ഗ്രൂപ്പിനെതിരെ പ്രസംഗിക്കുന്നതു തടയാനാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി ആക്ഷേപിക്കുന്നു. പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നു.
പ്രതിപക്ഷത്തിന്‍റെ ശബ്ദവും ജനാധിപത്യത്തിന്‍റെ ഭാഗം തന്നെയാണ്. അത് ഉറപ്പു വരുത്താന്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിക്ക് സുപ്രീം കോടതിയില്‍ വരെ പോകേണ്ടിവന്നുവെന്നതും ശ്രദ്ധേയം.