Advertisment

പുതുപ്പള്ളിയുടെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം! പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവുണ്ടാക്കും. പുതുപ്പള്ളിയില്‍ നല്ല ഭൂരിപക്ഷം ചാണ്ടി ഉമ്മന് കിട്ടിയാല്‍ അത് കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കുമെന്നത് തീര്‍ച്ച. അരനൂറ്റാണ്ട് കോൺ​ഗ്രസിനൊപ്പം നിന്ന മണ്ഡലത്തിൽ സിപിഎമ്മിന് ചലനം സൃഷ്ടിക്കാനാകുമോ? -മുഖപ്രസം​ഗത്തിൽ ജേക്കബ് ജോർജ്

New Update
puthuppally new.jpg

പുതുപ്പള്ളി വിധിയെഴുതിക്കഴിഞ്ഞു. എന്തായിരിക്കും വിധി എന്നറിയാന്‍ ഇനി കുറേനേരം കൂടി കാത്തിരിക്കണം. കേരളത്തിലെ ഭരണത്തില്‍ പുതുപ്പള്ളിയിലെ ഫലം ഒരു മാറ്റവും ഉണ്ടാക്കില്ല എങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവു സൃഷ്ടിക്കാന്‍ പോരുന്നതാകും അത് എന്ന കാര്യത്തില്‍ സംശയമില്ല.

Advertisment

53 വര്‍ഷക്കാലം പുതുപ്പള്ളി നിയോജകമണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പെട്ടെന്നു തന്നെ അവിടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും ഉടന്‍ രംഗത്തെത്തി.

ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലേ ഉമ്മന്‍ ചാണ്ടിയോടു രണ്ടു തവണ പരാജയപ്പട്ട ജെയ്ക് സി തോമസിനെ സ്ഥാനാര്‍ഥിയായി സിപിഎം അവതരിപ്പിച്ചു. ബിജെപിയാകട്ടെ, അവരുടെ കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാലിനെ പോരാട്ടത്തിനിറക്കി. 

ത്രികോണ മത്സരമെന്നു പറയാമെങ്കിലും ഐക്യ ജനാധിപത്യ മുന്നണിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് പുതുപ്പള്ളിയില്‍ കണ്ടത്

പുതുപ്പള്ളി ഒരിക്കലും ബിജെപിയുടെ ഒരു ശക്തികേന്ദ്രമായിരുന്നില്ല. അര നൂറ്റാണ്ടിലേറെക്കാലം കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റായിരുന്നു പുതുപ്പള്ളി. സിപിഎമ്മിനാകട്ടെ, പുതുപ്പള്ളിയില്‍ എക്കാലത്തും നല്ല സ്വാധീനമുണ്ടായിരുന്നു. ഇപ്പോഴും പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും സിപിഎം ഭരണത്തിലാണെന്ന കാര്യവും ശ്രദ്ധേയമാണ്.

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ അദ്ദേഹത്തിന്‍റെ പേരില്‍ അങ്ങേയറ്റം വികാരപരമായി ജനങ്ങള്‍ പ്രതികരിച്ചത് കോണ്‍ഗ്രസിനു വലിയ പ്രതീക്ഷയാണു നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവേശം കാട്ടിയതും.

ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്കാരത്തിനു ശേഷവും പുതുപ്പള്ളിയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് നാടിന്‍റെ നാനാ ഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തിയതും കോണ്‍ഗ്രസിന് ആവേശം പകര്‍ന്നു.

പക്ഷേ മണ്ഡലത്തിലെ വികസന വിഷയങ്ങള്‍ ഉന്നയിച്ച് തെരഞ്ഞെടുപ്പു പ്രചാരണം പുതിയൊരു മാനത്തിലേയ്ക്കു കൊണ്ടുവരാന്‍ സിപിഎമ്മിനു കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിത്തന്നെ മാറുകയായിരുന്നു വികസനം വിഷയം.  

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളേതിനേക്കാള്‍ വോട്ടിങ്ങ് ശതമാനം കുറഞ്ഞു എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ്. സാധാരണ ഗതിക്ക് കൂടിയ വോട്ടിങ്ങ് ശതമാനം കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് വെയ്പ്. 

ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷത്തോടെ പുതുപ്പള്ളി കൈയിലൊതുക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സംശയമൊന്നുമില്ല

പുതുപ്പള്ളി തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്‍റെ അടിത്തറയുടെ കരുത്തു വര്‍ദ്ധിപ്പിക്കുമെന്നാണ് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രസ്താവിച്ചിരിക്കുന്നത്. ഫലം സര്‍ക്കാരിന്‍റെ ആണിക്കല്ലു തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തലയുടെ തിരിച്ചടിയും. അവകാശവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും എട്ടാം തീയതി ഫലമറിയും വരെ മാത്രം ആയുസ്.

കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു ശേഷം ഈ നിയമസഭയുടെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. തൃക്കാക്കരയില്‍ സിപിഎം വലിയ പ്രതീക്ഷയോടെ തന്നെ തെരഞ്ഞെടുപ്പു ഗോദായിലിറങ്ങി.

കത്തോലിക്കാ സമുദായത്തിന്‍റെ പ്രമുഖ സ്ഥാനാര്‍ഥിയായ സിലി ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോ ജോസഫിനെ നാടകീയമായി സ്ഥാനാര്‍ഥിയാക്കി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ വലിയൊരു സംഘം നേതാക്കള്‍ മണ്ഡലത്തില്‍ താവളമുറപ്പിച്ചു. എങ്കിലും പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ് റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ തൃക്കാക്കര സ്വന്തമാക്കി.

അതുകൊണ്ടുതന്നെയാവണം പുതുപ്പള്ളിയില്‍ അതിതീവ്ര പ്രചാരണത്തിനൊന്നും സിപിഎം ഇറങ്ങിപുറപ്പെട്ടില്ല. എന്നാല്‍ പുതിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്‍റെ പിടിപ്പുകേടും നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളും ആയുധമാക്കി കോണ്‍ഗ്രസും മുന്നേറി. കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് ഉയര്‍ത്താനാകുന്ന എല്ലാ ആവേശവും കോലാഹലവും പുതുപ്പള്ളിയിലും കണ്ടു.

ആരു ജയിച്ചാലും തോറ്റാലും ഈ ഒരു തെരഞ്ഞെടുപ്പു ഫലം 99 അംഗങ്ങളുടെ പിന്തുണയുള്ള പിണറായി സര്‍ക്കാരിനെ ബാധിക്കില്ലെന്ന കാര്യം ഒരു വസ്തുത തന്നെ. പക്ഷെ, കേരള രാഷ്ട്രീയം ഇവിടെ നിന്ന് 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയാണ്. പിന്നെ പഞ്ചായത്തു തെരഞ്ഞെടുപ്പ്. അതുകഴിഞ്ഞാല്‍ 2026 -ല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. ഇതെല്ലാം മനസില്‍ കണ്ടുകൊണ്ടുതന്നെയാണ് രണ്ടു മുന്നണികളും പുതുപ്പള്ളിയില്‍ അങ്കത്തിനിറങ്ങിയത്. പുതുപ്പള്ളിയില്‍ നല്ല ഭൂരിപക്ഷം കിട്ടിയാല്‍ അതു കോണ്‍ഗ്രസിന് പുതിയ ഊര്‍ജം നല്‍കും തീര്‍ച്ച.

Advertisment