/sathyam/media/media_files/zeqSgxZ5C99lvcQDhzUs.jpg)
ഇനി ഗണപതി തന്നെ ബിജെപിക്കു ശരണം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാമജപ ഘോഷയാത്രയുമായി രംഗം കൈയടക്കിയതോടെ ബിജെപി നേതാക്കള്‍ക്കുത്സാഹമായി.
തിരുവനന്തപുരത്തും പത്തനംതിട്ടയിലുമെല്ലാം ഗണപതി സ്തുതികളുമായി തെരുവിലിറങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധികളെ ചുറ്റിപ്പറ്റി ബിജെപി നേതാക്കളുമുണ്ടായിരുന്നു. പാര്‍ട്ടി പതാകയും മുദ്രാവാക്യവുമൊന്നുമില്ലാതെ അവരൊക്കെയും എന്‍എസ്എസിന്‍റെ കൊടിക്കീഴില്‍ നിന്നു. ഘോഷയാത്രയില്‍ പങ്കെടുത്തു.
പിറ്റേന്ന്, അതായത് വ്യാഴാഴ്ച ഉച്ചയോടെ ബിജെപി ഭാരവാഹികളുള്‍പ്പെടെ പ്രമുഖ സംഘപരിവാര്‍ നേതാക്കള്‍ പെരുന്നയിലെത്തി സുകുമാരന്‍ നായരെ സന്ദര്‍ശിക്കുകയും ചെയ്തു. സുകുമാരന്‍ നായരും സംഘപരിവാര്‍ സംഘവും കുറേനേരം സംസാരിച്ചുവെങ്കിലും സംഭാഷണവിവരമൊന്നും പുറത്തറിഞ്ഞിട്ടില്ല.
എന്തായിരിക്കും സുകുമാരന്‍ നായരുടെ മനസിലെ കണക്കുകള്‍ ? കോലഞ്ചേരി കടയിരുപ്പു ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ കുട്ടികളോട് സംസ്ഥാന നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തിലെ ഗണപതി പരാമര്‍ശം ഹിന്ദു വിരുദ്ധമെന്നു കുത്തിപ്പൊക്കിയത് യുവമോര്‍ച്ചാ നേതാവാണ്.
ആ പ്രസ്താവന കണ്ടപ്പോള്‍ അതിലൊരു സുവര്‍ണാവസരം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കണ്ടു. ഉടനെ നാമജപ ഘോഷയാത്രയും ഗണപതി ക്ഷേത്രങ്ങളില്‍ പൂജയും പ്രഖ്യാപിച്ച് സുകുമാരന്‍ നായര്‍ കേരളക്കരയെ ഞെട്ടിച്ചു.
ഉടന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ. സുധാകരനും ഷംസീറിനെതിരെ മൈക്കെടുത്തു. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഷംസീര്‍ മാപ്പുപറയണമെന്നും അതിനു കൂട്ടാക്കിയില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
വി.ഡി സതീശനും എം.എം ഹസനുമൊക്കെ പ്രസ്താവനകളുമായി വന്നു. സുകുമാരന്‍ നായരുടെ നാമജപാഹ്വാനത്തില്‍ ഒരു സുവര്‍ണാവസരം കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നതു മനസിലാക്കാം. ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ സുകുമാരന്‍ നായര്‍ നാമജപ ഘോഷയാത്ര നടത്തിയതും അതു കേരളത്തിലുണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളും രാഷ്ട്രീയ ചരിത്രത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞു.
അന്ന് സുകുമാരന്‍ നായരുടെ നീക്കത്തില്‍ വലിയൊരു സുവര്‍ണാവസരം ആദ്യം കണ്ടത് പി.എസ് ശ്രീധരന്‍ പിള്ളയായിരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷനായിരുന്നു ശ്രീധരന്‍ പിള്ള. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ബിജെപി രംഗത്തിറങ്ങിയത്. ശബരിമല വിഷയം അത്രയ്ക്കു ചൂടേറിയ വിഷയമായി കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. പക്ഷെ നേട്ടം കൊയ്തെടുത്തത് കോണ്‍ഗ്രസ്. 20 -ല്‍ 19 സീറ്റാണ് 2019 -ല്‍ യുഡിഎഫ് നേടിയെടുത്തത്. സുകുമാരന്‍ നായര്‍ അഴിച്ചുവിട്ട നാമജപ ഘോഷയാത്രയില്‍ പൂത്തു വിരിഞ്ഞ നേട്ടം.
ബിജെപിക്കു പതിവുപോലെ വട്ടപ്പൂജ്യമായിരുന്നു ജനം വിധിച്ചത്. ഇപ്പോഴിതാ, വീണ്ടും സുകുമാരന്‍ നായര്‍ നാമജപ ഘോഷയാത്ര പ്രഖ്യാപിച്ചിരിക്കുന്നു. ഘോഷയാത്രകളില്‍ ആയിരക്കണക്കിനു സമുദായാംഗങ്ങള്‍ ഉത്സാഹത്തോടെ പങ്കെടുത്തു. ചുറ്റും കൂടിയും ജാഥയില്‍ പങ്കെടുത്തും പിന്തുണ അറിയിച്ച ബിജെപിക്ക് ഇതൊരു യാഥാര്‍ഥ സുവര്‍ണാവസരമാകുമോ ?
ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു കരുവാകാന്‍ സുകുമാരന്‍ നായര്‍ നിന്നു കൊടുക്കില്ലെന്ന സത്യം ബിജെപി നേതാക്കള്‍ മാത്രം ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലെന്നു തോന്നുന്നു. വാക്കുകൊണ്ടോ നോക്കുകൊണ്ടോ ബിജെപിക്കനുകൂലമായ ഒരു നിലപാടും ഇതുവരെ സുകുമാരന്‍ നായര്‍ സ്വീകരിച്ചിട്ടില്ല.
ശബരിമലയിലെ സ്ത്രീപ്രവേശത്തിന്‍റെ പേരിലും ഇപ്പോള്‍ ഷംസീറിന്‍റെ പ്രസംഗത്തിലെ ഗണപതി പരാമര്‍ശം വിവാദമാക്കിയ യുവമോര്‍ച്ചാ നേതാവിന്‍റെ പ്രസ്താവനയുടെ ചുവടുപിടിച്ചും നാമജപ ഘോഷയാത്ര നടത്താന്‍ ഇറങ്ങിത്തിരിച്ച സുകുമാരന്‍ നായരുടെ മനസിലിരിപ്പ് എന്താണ് ?
അതെ. അതു രാഷ്ട്രീയം തന്നെ. ലോക്സഭാ തെരഞ്ഞെടുപ്പ് ഇങ്ങടുത്തുവന്നിട്ടും അനങ്ങാതിരിക്കുന്ന കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കാന്‍ തീപ്പൊരി ഇട്ടുകൊടുക്കുകയാണ് സുകുമാരന്‍ നായര്‍. 2019 -ലെ തെരഞ്ഞെടുപ്പില്‍ സുകുമാരന്‍ നായരുടെ നീക്കങ്ങളുടെ പ്രയോജനം മുഴുവനും കിട്ടിയത് കോണ്‍ഗ്രസിനാണെന്നോര്‍ക്കുക.
എന്‍എസ്എസ് നേതാക്കളൊക്കെയും ചരിത്രത്തില്‍ ഇങ്ങനെ രാഷ്ട്രിയം കളിച്ചിട്ടുണ്ട്. എന്‍എസ്എസിന്‍റെ സ്ഥാപകനും സമുദായാചാര്യനുമായ മന്നത്ത് പത്മനാഭന്‍ തന്നെ ഉദാഹരണം. രാജഭരണകാലത്തെ തിരുവിതാംകൂറില്‍ എസ്എന്‍ഡിപി നേതാവ് സി. കേശവന്‍ ഈഴവ - കൃസ്ത്യന്‍ - മുസ്ലിം സമുദായങ്ങളുടെ കൂട്ടുകെട്ടിനു രൂപം നല്‍കുകയും ഇതു ക്രമേണ സ്റ്റേറ്റ് കോണ്‍ഗ്രസായി രൂപാന്തരം പ്രാപിക്കുകയും ചെയ്തപ്പോള്‍ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് എന്നു പറഞ്ഞ് ആക്ഷേപിച്ചു മന്നം.
പിന്നീട് സര്‍ സി.പി രാമസ്വാമി അയ്യര്‍ സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ അതേ സ്റ്റേറ്റ് കോണ്‍ഗ്രസുമായി സഹചരിച്ച് മുന്‍നിരയിലെത്തുകയും സി.പിയുടെ പോലീസ് അദ്ദേഹത്തെ ജയിലിലടയ്ക്കുകയും ചെയ്തതു ചരിത്രം. 2000 -ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയ് ഒരാഴ്ചത്തെ വിശ്രമത്തിനുവേണ്ടി കേരളത്തിന്‍റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് കഴിഞ്ഞ വേളയില്‍ അന്നത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരുമായി ഒരു കൂടിക്കാഴ്ച ഒരുക്കാന്‍ ബിജെപിയുടെ പ്രമുഖ നേതാക്കളൊക്കെയും ശ്രമിച്ചതാണ്. പക്ഷേ നാരായണപ്പണിക്കര്‍ കൂടിക്കാഴ്ചയ്ക്കു തയ്യാറായതേയില്ല.
പ്ലാസ്റ്റിക് സര്‍ജറി പൗരാണിക കാലത്തേയുണ്ടായിരുന്നുവെന്നതിനു തെളിവാണ് ഗണപതിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ശാസ്ത്രീയമായി ശരിയല്ലെന്നു പറഞ്ഞ സ്പീക്കര്‍ ഷംസീറിന്‍റെ പ്രസ്താവന സുകുമാരന്‍ നായര്‍ ഏറ്റുപിടിക്കാന്‍ കാരണം ഈ രാഷ്ട്രീയ താല്‍പര്യം തന്നെ. ഇത് സ്വയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറാകുമോ എന്നതാണ് ഇനിയത്തെ ചോദ്യം. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി മുസ്ലിം ലീഗ് ആണെന്നതും ഓര്‍ക്കുക. പ്രശ്നം ഉന്നയിച്ച യുവമോര്‍ച്ചാ നേതാവ് ഷംസീര്‍ എന്ന മുസ്ലിം നാമധാരിയെ ഊന്നിയാണ് ആരോപണമുന്നയിച്ചതെന്നും കാണണം.