Advertisment

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നു താരപദവി! ഇന്ത്യയെ വാനോളം ഉയർത്തിയ ഈ ശാസ്ത്ര വിജയത്തിന് പിന്നിൽ നെഹ്റുവിന്റെ ദീർഘവീക്ഷണവുമുണ്ട്. ഹോമിഭാഭയും വിക്രം സാരാഭായിയും നെഹ്റുവിന്‍റെ പ്രതീക്ഷകള്‍ വലിയ മികവോടെ പൂര്‍ത്തിയാക്കി. ഇന്ത്യയിലെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു വന്ന ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുടെ ഈ നേട്ടത്തിൽ ഓരോ ഭാരതീയനും അഭിമാനിക്കാം - മുഖപ്രസം​ഗത്തിൽ ജേക്കബ് ജോർജ്

New Update
25isro-

സ്ആര്‍ഒ എന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്നു താരപദവി. ചന്ദ്രയാന്‍ - 3 ദൗത്യം വിജയിച്ചതോടെ അവര്‍ ആനന്ദ തിമിര്‍പ്പിലാണ്. ശാസ്ത്ര ലോകത്ത് ഇന്ത്യ എണ്ണപ്പെട്ട രാജ്യമായി വളര്‍ന്നിരിക്കുന്നു. ഈ ബഹിരാകാശ നേട്ടം ഇന്ത്യയെ ലോക രാജ്യങ്ങളുടെ മുന്‍പന്തിയില്‍ എത്തിച്ചിരിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ മികവിനു മുന്നില്‍ രാജ്യം നമസ്കരിച്ചു നില്‍ക്കുന്നു.

Advertisment

1962 -ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് ഇന്ന് ലോകരാജ്യങ്ങളുടെയൊക്കെ കണ്‍മുമ്പില്‍ ശോഭിച്ചു നില്‍ക്കുന്നത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ ഒരു സ്ഥാപനം തന്നെയായിരുന്നു നെഹ്റു മനസില്‍ കണ്ടത്. ഹോമിഭാഭ, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞന്മാരെ ഈ ദൗത്യം പണ്ഡിറ്റ് നെഹ്റു ഏല്‍പ്പിച്ചു. 

nehru

ഹോമിഭാഭയും വിക്രം സാരാഭായിയും നെഹ്റുവിന്‍റെ പ്രതീക്ഷകള്‍ വലിയ മികവോടെ പൂര്‍ത്തിയാക്കി

ഇന്ത്യയില്‍ ഏറ്റവും പ്രഗത്ഭന്മാരായ എഞ്ചിനീയര്‍മാരെ കൂട്ടുപിടിച്ചു. തിരുവനന്തപുരത്തു തന്നെ, ആദ്യത്തെ ഗവേഷണ കേന്ദ്രത്തിനു സ്ഥലം കണ്ടെത്തി. പിന്നെ എഞ്ചിനീയര്‍മാരെയും ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ പഠിച്ച പ്രഗത്ഭരെയും തെരഞ്ഞെടുത്തു. കണക്കില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കായിരുന്നു മുന്‍ഗണന.

ഏതൊരു സ്ഥാപനത്തിനും അതിന്‍റേതായ ഒരു സംസ്കാരമുണ്ടായിരിക്കണം. തൊഴില്‍ സംസ്കാരമായാലും കൂട്ടായ്മയുടെയും പെരുമാറ്റത്തിന്‍റെയും രീതികളായാലും എല്ലാറ്റിനും അതിന്‍റേതായൊരു തനിമ വേണം. ഏതു സ്ഥാപനത്തിലായാലും ഇത്തരം സംസ്കാരവും പ്രവര്‍ത്തന ശൈലിയും രൂപംകൊള്ളുന്നത് തുടക്കത്തില്‍ത്തന്നെയാവണം.

isro

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലെ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു വന്നവരാണ്

സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍. പഠിക്കുന്ന ക്ലാസുകളിലും വിഷയങ്ങളിലും പ്രാവീണ്യം പ്രകടിപ്പിച്ചവരായിരിക്കാം ആവര്‍ എങ്കിലും ഐഐടി, എന്‍ഐടി എന്നിങ്ങനെയുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ അതിലധികം പേരില്ലെന്ന കാര്യം ഒരു പ്രത്യേകതയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നതമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐഐടിയും എന്‍ഐടിയും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യം രൂപംകൊണ്ട പ്രധാന സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രം. അങ്ങനെയൊരു സ്ഥാപനത്തിനു രൂപം നല്‍കിയതും ജവഹര്‍ലാല്‍ നെഹ്റു തന്നെ. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് ഐഐടികള്‍.

പക്ഷെ ഐഐടികളില്‍ നിന്നു പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസ്ആര്‍ഒയില്‍ ചേരാന്‍ അത്ര താല്‍പര്യമില്ല. ഇന്ത്യയിലെ ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം എന്ന നിലയിക്ക് ഐഐടിയില്‍ പഠിച്ചിറങ്ങുന്ന ഒരു ബിരുദധാരിയ്ക്ക് അത് അത്രയ്ക്ക് ആകര്‍ഷകമാകണമെന്നില്ല.

rf

ഐഐടി പഠനം പൂര്‍ത്തിയാക്കുന്നവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങള്‍ തന്നെയെത്തും. വലിയ വാഗ്ദാനങ്ങളുമായി ഐഐടിക്കു ശേഷം ഐഐഎമ്മില്‍ ചേര്‍ന്നു ബിരുദാനന്തര ബിരുദം കൂടി സ്വന്തമാക്കിയാല്‍ സാധ്യതകള്‍ പിന്നെയും ഉയരും.

ഐസ്ആര്‍ഒയിലുള്ള എഞ്ചിനീയര്‍മാരില്‍ ഐഐടി പഠനം കഴിഞ്ഞു വന്നവരുടെ ഇപ്പോഴത്തെ എണ്ണം രണ്ടു ശതമാനത്തില്‍ താഴെ മാത്രമേ വരൂ എന്ന് ഒരു കണക്കു പറയുന്നു. തുടക്കം മുതലേ ലക്ഷക്കണക്കിനു രൂപാ ശമ്പളവും വാഗ്ദാനം ചെയ്തു മുമ്പില്‍ ക്യൂ നില്‍ക്കുന്ന ലോകോത്തര സ്ഥാപനങ്ങളെ അവഗണിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളില്‍ ഒതുങ്ങികൂടാന്‍ ഐഐടി പോലെയുള്ള വലിയ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന മിടുക്കന്മാര്‍ക്കു മനസ് വരില്ലെന്നര്‍ത്ഥം.

സാധാരണ കോളജുകളില്‍ പഠിച്ചിറങ്ങുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളാണ് എക്കാലവും ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നിരുന്നത്. ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ വിജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് കൊല്ലം ടികെഎം എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മിഷന്‍ ഡയറക്ടര്‍ മോഹന കുമാര്‍, ഇലക്ട്രോണിക്സ് എഞ്ചിനീയര്‍മാരായ അതുല, ഷോറ, അസോസിയേറ്റ് മിഷന്‍ ഡയറക്ടര്‍ നാരായണന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ മോഹന്‍ എന്നിവര്‍ തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനീയറിങ്ങ് കോളജില്‍ പഠിച്ചിറങ്ങിയവരാണെന്നും തരൂര്‍ വിശദീകരിക്കുന്നു.

ഐഐടി പഠനത്തിന്‍റെ ഒരു വലിയ പ്രത്യേകത ഓരോ വിദ്യാര്‍ത്ഥിയിലും നേതൃത്വപരമായ കഴിവുകളും വികസിപ്പിക്കുന്നു എന്നതാണ്. വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ ഐഐടികളെ ലക്ഷ്യമാക്കുന്നതും അത്തരം മികവുള്ള യുവാക്കളെ തേടിത്തന്നെ.

isro

ഐഎസ്ആര്‍ഒയെ നയിക്കുന്നത് അതിന്‍റെ അതിഗംഭീരവും മഹത്തരവുമായ പൈതൃകവും സംസ്കാരവുമാണ്

ഓരോ ശാസ്ത്രജ്ഞനും ഓരോ ഉദ്യോഗസ്ഥനും ചെറുതും വലുതുമായ ജോലികള്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഈ മഹാ സ്ഥാപനത്തോടു വലിയ കടപ്പാടുണ്ട്. അത് ഒരു ആത്മബന്ധം തന്നെയാണ്. ശാസ്ത്രജ്ഞരുടെയും ജീവനക്കാരുടെയും ഐക്യവും നിശ്ചയദാര്‍ഢ്യവുമാണ് ഈ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ അടിത്തറ. പ്രധാന കൈമുതലും.

അതുകൊണ്ടുതന്നെ വലിയ ദൗത്യങ്ങളുടെ പരാജയമൊന്നും ഈ സ്ഥാപനത്തെ ബാധിക്കില്ല. എസ്എല്‍വി, എസ്എല്‍വി - 3, പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി), ജിയോ സിന്‍ക്രണസ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒ ഇന്ന് ചന്ദ്രയാന്‍ - 3 ല്‍ എത്തിയിരിക്കുന്നു.

ചന്ദ്രയാന്‍ ഒന്ന്, രണ്ട് എന്നിവയ്ക്കു ശേഷം ചന്ദ്രനില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നയിച്ച പാതയിലൂടെ കൃത്യമായി സഞ്ചരിച്ച് നേരത്തെ നിര്‍ണയിച്ച സ്ഥലത്ത് കൃത്യമായിറങ്ങി ചന്ദ്രയാന്‍ - 3 ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കിയിരിക്കുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന വലിയ നേട്ടം. ഇന്ത്യയുടെ തന്നെ നേട്ടം.

Advertisment