Advertisment

സൗമ്യവും ശക്തവുമായ പ്രസംഗങ്ങളിലൂടെ കാനം നിയമസഭയില്‍ ശ്രദ്ധനേടിയിരുന്നു. പക്ഷേ, ഭരണത്തില്‍ പങ്കാളിയാകാതെ സംഘടനാ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചു കയറുകയായിരുന്നു കാനം. മുന്നണിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പാര്‍ട്ടിയാണു സിപിഐ എങ്കിലും കേരള രാഷ്ട്രീയത്തില്‍ ഒരു മുന്‍നിര നേതാവുതന്നെയായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍ - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
kanam

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ തുടങ്ങുമ്പോഴാണ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഇടയാന്‍ തുടങ്ങിയത്. മുന്നണിയുടെ നെടുംതൂണുകളിലൊരാളായിരുന്ന കെഎം മാണിയുടെ നിര്യാണത്തോടെ ഈ ഏറ്റുമുട്ടല്‍ രൂക്ഷമായി.

Advertisment

കെഎം മാണിക്കു ശേഷം ജോസ് കെ മാണി ചെയര്‍മാനായതോടെ കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പെരുകി. ജെസ് കെ മാണിക്കെതിരെ പിജെ ജോസഫ് വിഭാഗം വന്‍ പടയൊരുക്കം തുടങ്ങി.

കോണ്‍ഗ്രസിനുള്ളിലും ജോസ് കെ മാണിക്കെതിരെ കരുക്കള്‍ നീക്കാന്‍ നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിങ്ങനെ പ്രമുഖ നേതാക്കള്‍ തന്നെയായിരുന്നു ഈ നീക്കത്തിനു പിന്നില്‍. ജോസ് കെ മാണിയെ ഒഴിവാക്കിയാല്‍ കോട്ടയം ജില്ലയില്‍ കുറെ പ്രധാന സീറ്റുകള്‍ കോണ്‍ഗ്രസുകാര്‍ക്കു മത്സരിക്കാന്‍ കിട്ടും. ഇനി വരാന്‍ പോകുന്നതു കോണ്‍ഗ്രസ് ഭരണമാണെന്ന സ്വപ്നത്തിനു ചിറകു മുളച്ചു. 

ചെയര്‍മാനായി സ്ഥാനമേറ്റ ജോസ് കെ മാണിക്കു മുന്നണിയില്‍ നിലനില്‍പ്പു തന്നെ പ്രശ്നമായി. അങ്ങനെയിരിക്കെ ആരും നിനച്ചിരിക്കാതെ പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ചേര്‍ന്ന് പത്രസമ്മേളനം നടത്തി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുണ്ടായ തര്‍ക്കമാണ് ഈ പുറത്താക്കലിനു കാരണമായത്.

ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐക്ക് കേരള കോണ്‍ഗ്രസിന്‍റെ മാണി വിഭാഗം മുന്നണിയില്‍ ചേരുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്ന കാലം കൂടിയായിരുന്നു അത്.

 


കേരള കോണ്‍ഗ്രസ് ഇല്ലാതെ തന്നെ മുന്നണിക്ക് ഭരണത്തുടര്‍ച്ച കിട്ടുമെന്നു തന്നെയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മനക്കണക്ക്


കാനത്തിന്‍റെ ആ മനക്കണക്ക് യുഡിഎഫ് നേതാക്കളും ആയുധമാക്കി. നേതാക്കള്‍ എന്നാല്‍ രമേശ് ചെന്നിത്തല, ബെന്നി ബഹനാന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തന്നെ. 

ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ട് ഇടതു മുന്നണിയിലേയ്ക്കു പോയാലും കാനം അവരെ വിരട്ടി തിരിച്ചോടിക്കുമെന്നായിരുന്നു മൂവരും കരുതിയത്. ഒരു പാര്‍ട്ടി മുന്നണി വിട്ട് പോയി അവിടെയെത്താതെ തിരികെത്തന്നെ വന്നാല്‍ ആ പാര്‍ട്ടിക്കു കടുത്ത ക്ഷീണമായിരിക്കും.

ജോസ് കെ മാണിയും കൂട്ടരും മടങ്ങിയെത്തുന്നതു ക്ഷീണിച്ചു മെലിഞ്ഞാകുമെന്നും അപ്പോള്‍ അവരെ മെരുക്കി പരുവപ്പെടുത്തിയെടുത്ത് മുന്നണിയുടെ ഏതെങ്കിലും മൂലയില്‍ തള്ളാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടി.

ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിനു കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നുവെന്ന കാര്യം രമേശും ബെന്നിയും മുല്ലപ്പളളിയും അറിഞ്ഞിരുന്നോ എന്തോ. എന്തായാലും പിണറായി വളരെ ശ്രദ്ധിച്ചുതന്നെ തന്ത്രങ്ങള്‍ മെനഞ്ഞു.

രമേശ് ചെന്നിത്തലയും ബെന്നി ബഹനാനും ചേര്‍ന്നു പത്രസമ്മേളനം നടത്തി ജോസ് കെ മാണിയെ പുറത്താക്കിയപാടേ അവരൊക്കെ കൂടി നേരേ ഇടതു പാളയത്തിലേയ്ക്കു കടന്നു ചെന്നു. അവിടെ അവര്‍ക്കു കിട്ടിയതു ചുവന്ന പരവതാനി വിരിച്ചു നല്‍കിയ വമ്പന്‍ സ്വീകരണം.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ജോസ് കെ മാണിയെ ഇടതു മുന്നണിയില്‍ കയറ്റാതെ തിരികെ അയയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന നേതാക്കള്‍ കാത്തു കാത്തിരുന്നു. കാനം മിണ്ടിയതേയില്ല. ഒന്നും സംഭവിച്ചുമില്ല.

കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ ഘടകകക്ഷിയാകുന്നതും ഭരണത്തുടര്‍ച്ച നേടി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയാകുന്നതും കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ ജലസേചനവകുപ്പു മന്ത്രിയാകുന്നതും രമേശ് ചെന്നിത്തലയ്ക്കു പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതും കേരളം കണ്ടുനിന്നു.

അതാണ് കാനം രാജേന്ദ്രന്‍. 1982 -ല്‍ വാഴൂരില്‍ നിന്ന് സിപിഐ അംഗമായി നിയമസഭയിലെത്തിയ കാനം അടിയുറച്ച കമ്മ്യൂണിസ്റ്റ് കാരനായി നിയമസഭയില്‍ പ്രവര്‍ത്തിച്ചു. സൗമ്യവും ശക്തവുമായ പ്രസംഗങ്ങളിലൂടെ സഭയില്‍ ശ്രദ്ധനേടി.

 പക്ഷേ ഭരണത്തില്‍ പങ്കാളിയാകാതെ സംഘടനാ രാഷ്ട്രീയത്തിലേയ്ക്കു തിരിച്ചു കയറുകയായിരുന്നു കാനം. എതിര്‍പ്പിനെയൊക്കെ മറികടന്ന് അദ്ദേഹം മുകളിലെത്തി. അവസാനം ശക്തനായ കെഇ ഇസ്മായേലിനെ തുരത്തി പാര്‍ട്ടി സെക്രട്ടറിയായി.

മുന്നണിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പാര്‍ട്ടിയാണു സിപിഐ എങ്കിലും കേരള രാഷ്ട്രീയത്തില്‍ ഒരു മുന്‍നിര നേതാവുതന്നെയായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍.

 

 

Advertisment