Advertisment

​ഗവർണർ - സർക്കാർ പോരിൽ ഒടുവിൽ ​ഗവർണർക്ക് തന്നെ തോൽവി! സർക്കാർ ഇത്രയും കാലം പറഞ്ഞത് തന്നെ സുപ്രീംകോടതിയും പറഞ്ഞു.  ഇത്രകാലം എന്തെടുക്കുകയായിരുന്നുവെന്ന ശകാരവും, ഗവര്‍ണര്‍ ഉത്തരവാദിത്തം കാണിക്കണമെന്ന ഓർമപ്പെടുത്തലും കോടതിയിൽ നിന്നുണ്ടായി. അധികാരം എപ്പോഴും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു തന്നെയാണ്. ​ഗവർണർ പ്രതീകാത്മക തലവൻ മാത്രം! പോരിനിറങ്ങുമ്പോൾ ഈ ബോധ്യം നന്ന് - മുഖപ്രസം​ഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
governer supreme court

ത്രകാലം എന്തെടുക്കുകയായിരുന്നുവെന്ന് കേരള ഗവര്‍ണറോട് സുപ്രീം കോടതി. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അതാതു ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

Advertisment

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവയ്ക്കാതെ പിടിച്ചു വയ്ക്കുന്നതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സുപ്രീം കോടതി ഈ വിഷയം പരിഗണിക്കുന്നതിനു തൊട്ടു തലേന്ന് ഗവര്‍ണര്‍ തിരക്കിട്ട് ഒരു ബില്ലില്‍ ഒപ്പു വയ്ക്കുകയും ബാക്കി ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ചില ബില്ലുകള്‍ രണ്ടു വര്‍ഷം വരെയാണ് ഗവര്‍ണര്‍ ഒപ്പു വെയ്ക്കാതെ വെച്ചുകൊണ്ടിരുന്നത്.


ഇത്രയും കാലം ഗവര്‍ണര്‍ എന്തു  ചെയ്യുകയായിരുന്നു എന്ന സുപ്രീം കോടതിയുടെ ചോദ്യം സംസ്ഥാന ഗവര്‍ണറുടെ നേരെയുള്ള ഒരു വലിയ ശകാരം തന്നെയാണ്. ഗവര്‍ണര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു


പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ ആ സംസ്ഥാന ഗവണ്‍മെന്‍റ് നല്‍കിയ പരാതിയിന്മേല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് കേരള ഗവര്‍ണറും വായിച്ചു നോക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിധി ഗവര്‍ണര്‍ വായിച്ച് പ്രതികരണം അറിയിക്കണമെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ആ നിര്‍ദേശം അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യം തയ്യാറായിരുന്നില്ല. സെക്രട്ടറിക്കാണു നിര്‍ദേശമെന്നും സെക്രട്ടറി വായിച്ചു പ്രതികരിക്കട്ടെ എന്നുമായിരുന്നു ആ സമയത്ത് ഗവര്‍ണര്‍ പ്രതികരിച്ചിരുന്നത്.

ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട ആളല്ലെന്നും അധികാരം എപ്പോഴും തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കു തന്നെയാണെന്നുമായിരുന്നു സുപ്രീം കോടതി വിധിയുടെ സാരാംശം. നിയമസഭ ഒരു ബില്‍ പാസാക്കിയാല്‍ അത് എത്രയും വേഗം ഒപ്പുവെച്ചു നിയമമാക്കുക എന്നതല്ലാതെ അനന്തമായി വെച്ചു താമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു വ്യക്തമാക്കുന്നതാണ് പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ സുപ്രീം കോടതി വിധി.

രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ രാത്രി വൈകിയും നയ പ്രസംഗത്തെക്കുറിച്ച് കത്തിലൂടെ ഏറ്റുമുട്ടി: ഗവർണര്‍ ആരിഫ് ഖാന്‍റെ നിലപാട് മാറ്റത്തിന് പിന്നിൽ


ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് ഭരണഘടനയുടെ 200 -ാം അനുഛേദത്തില്‍ വ്യക്തത വരുത്തുന്നതാണ് ഈ വിധി


പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കാന്‍ ഗവര്‍ണര്‍ക്കെ അധികാരമില്ലെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നിലപാടിനെ കടുത്ത ഭാഷയില്‍ത്തന്നെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ബില്ലില്‍ ഒപ്പു വയ്ക്കുന്നില്ലെങ്കില്‍ അതു പിടിച്ചു വയ്ക്കാതെ നിയമസഭയുടെ പുന:പരിശോധനയ്ക്കായി തിരിച്ചയയ്ക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

നവംബര്‍ 10 ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി സുപ്രീം കോടതിയുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചത് വ്യാഴാഴ്ചയായിരുന്നു. നവംബര്‍ 23 -ാം തീയതി. ഈ സമയത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മുമ്പാകെ വന്നത്. 

രണ്ടു വര്‍ഷത്തിനുള്ളില്‍ കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിട്ടില്ലെന്ന് സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡ്വ. കെ.കെ വേണുഗോപാല്‍, സ്റ്റാന്‍റിങ്ങ് കൗണ്‍സല്‍ സി.കെ ശശി എന്നിവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും പല തവണ കണ്ടെങ്കിലും ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പവെയ്ക്കുന്നില്ലെന്ന് അഭിഭാഷകര്‍ വിശദീകരിച്ചു.

പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലൊക്കെയും ഗവര്‍ണര്‍മാര്‍ അമിതാധികാരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഗവര്‍ണര്‍ പദവി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും മേലെയല്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സുപ്രധാനമായ സുപ്രീം കോടതി വിധി വരുന്നത്.


ഗവര്‍ണര്‍ പ്രതീകാത്മകമായി മാത്രമാണ് സംസ്ഥാനത്തിന്‍റെ തലവനാകുന്നതെന്നും യഥാര്‍ഥ അധികാരം തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കുതന്നെയാണെന്നും സുപ്രീം കോടതി അസന്നിഗ്ദ്ധമായി വിശദീകരിച്ചു


സംസ്ഥാനത്തെ മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചു മാത്രമേ ഒരു ഗവര്‍ണര്‍ക്കു പ്രവര്‍ത്തിക്കാനാകൂ എന്ന് ഭരണഘടനയുടെ 200 -ാം അനുഛേദത്തിനു പുതിയ നിര്‍വചനം നല്‍കിക്കൊണ്ട് സുപ്രീം കോടതി വിശദീകരിക്കുന്നു. "ഭരണ ഘടനാ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനു മാര്‍ഗനിര്‍ദേശം നല്‍കേണ്ട രാജ്യതന്ത്രജ്ഞനാകണം ഗവര്‍ണര്‍. ഒരു ബില്‍ പുന: പ രിശോധിക്കണമെന്നോ ഭേദഗതി വരുത്തണമെന്നോ ഗവര്‍ണര്‍ക്കു ശുപാര്‍ശ ചെയ്യാം. അതെന്തായാലും ആത്യന്തിക തീരുമാനമെടുക്കേണ്ടത് സംസ്ഥാന നിയമസഭയാണ്", സുപ്രീം കോടതി വ്യക്തമാക്കുകയാണ്. ഒരു സംസ്ഥാനത്ത് ആത്യന്തികമായ അധികാരം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു തന്നെയാണ്, ഗവര്‍ണര്‍ക്കല്ലെന്ന് തെളിച്ചു പറയുകയായിരുന്നു സുപ്രീം കോടതി.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നിയമമാകൂ. ഭരണഘടനയിലെ ഈ വകുപ്പിന്‍റെ ബലത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞുവെച്ചിരിക്കുന്നത്. തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങള്‍ സമാനമായ പരാതികളുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതി ബുധനാഴ്ച കേരള സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിക്കാനിരിക്കെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരക്കിട്ട് ഒരു ബില്ലില്‍ ഒപ്പുവയ്ക്കുകയായിരുന്നു. പൊതുജനാരോഗ്യ ബില്ലില്‍ ആണ് അദ്ദേഹം ഒപ്പുവെച്ചത്. ഇതുള്‍പ്പെടെ എട്ടു ബില്ലുകളിന്മേല്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നില്ലെന്നു കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഈ എട്ടു ബില്ലില്‍ ഒന്നില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ബാക്കി ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കോടതി മുമ്പാകെ പിടിച്ചുനില്‍ക്കാന്‍ ഇതുതന്നെയായിരുന്നു വഴി.

പഞ്ചാബ് ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ ചൂട് കേരള ഗവര്‍ണറും മനസിലാക്കിയിരുന്നുവെന്നര്‍ത്ഥം.

Advertisment