/sathyam/media/media_files/2yh9kCy7QgJUrXUR15bm.jpg)
ചന്ദ്രോപരിതലത്തില്‍ ഇന്ത്യന്‍ പേടകം. കവിഭാവനയിലും ശാസ്ത്ര ലോകത്തിന്‍റെ സങ്കീര്‍ണമായ കണക്കുകൂട്ടലുകളിലും എക്കാലത്തും തിളങ്ങി ശോഭിച്ചിരുന്ന ചന്ദ്രന്‍റെ മണ്ണില്‍ അങ്ങനെ ഇന്ത്യാ മഹാരാജ്യത്തിന്‍റെ പാദമുദ്ര.
ഇക്കഴിഞ്ഞ ജൂലൈ 14 -ാം തീയതി ഉച്ചതിരിഞ്ഞ് 2.35 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്ന ചന്ദ്രയാന്‍ - 3 അതിസങ്കീര്‍ണമായ യാത്രയ്ക്കു ശേഷം ബുധനാഴ്ച വൈകിട്ട് മെല്ലെ മെല്ലെ താണിറങ്ങി കൃത്യം 6.04 ന് ചന്ദ്രനെ തൊട്ടപ്പോള്‍ ഇന്ത്യ ലോകത്തിന്‍റെ തന്നെ ശാസ്ത്ര മുന്നേറ്റത്തില്‍ ഒരു സുവര്‍ണാദ്ധ്യായം എഴുതിച്ചേര്‍ക്കുകയായിരുന്നു.
അമേരിക്ക, പഴയ സോവിയറ്റ് യൂണിയന്‍, ചൈന എന്നീ ലോക ശക്തികള്‍ക്കു ശേഷം ചന്ദ്രനില്‍ മെല്ലെ മെല്ലെ താണിറങ്ങുന്ന നാലാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ഒരു രാഷ്ട്രത്തിന്‍റെ കനത്ത നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഒരിക്കലും ഒടുങ്ങാത്ത ഗവേഷണ ത്വരയുടെയും വിര കഥ കൂടിയാണ് ചന്ദ്രയാന്‍ ദൗത്യം.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളൊക്കെയും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ തന്നെ നേട്ടമാണ്. ഈ വിജയം ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ നേട്ടമാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്‍റെ നേട്ടമാണ്. സ്വതന്ത്ര ഇന്ത്യ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന കാലത്തു തന്നെ ഈ രാജ്യത്തെ ജനതയുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനസില്‍, അങ്കുരിച്ച ശാസ്ത്രബോധത്തിന്‍റെ വലിയ വളര്‍ച്ചയുടെ അസൂയാവഹമായ പ്രകടനം കൂടിയാണ് ചന്ദ്രയാന്‍ വിജയം.
ചന്ദ്രന്‍റെ ദക്ഷിണധൃവത്തില്‍ കാലുകുത്തുന്ന ആദ്യ രാജ്യം!
ചന്ദ്രന്‍റെ ദക്ഷിണധൃവത്തില്‍ കാലുകുത്തുന്ന ആദ്യത്തെ രാഷ്ട്രമെന്ന പദവി ഇതോടെ ഇന്ത്യയ്ക്കു ലഭിച്ചു. ഇന്ത്യയ്ക്ക് ലോകത്തിന്‍റെ നെറുകയിലെത്താന്‍ സഹായകരമായ ശാസ്ത്ര നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് ലോകത്തിന്‍റെ തന്നെ നേട്ടമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
നിരവധിയായ പരീക്ഷണങ്ങളിലൂടെ കൈവരിച്ച പരിചയവും പാഠങ്ങളുമാണ് ചന്ദ്രയാന്‍ - 3 ന്‍റെ വിജയത്തിലേയ്ക്കു നയിച്ചത്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) എന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ തുടക്കം മുതലുള്ള യാത്ര തന്നെയാണ് ഈ വിജയത്തിനടിസ്ഥാനം. ഒരു രാജ്യത്തിന്‍റെ ഐക്യവും നിശ്ചയദാര്‍ഢ്യവും ഈ ലക്ഷ്യപ്രാപ്തിക്ക് കരുത്തുറ്റ അടിത്തറയിട്ടുവെന്നു പറയാം.
ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച ഒരു വലിയ ദൗത്യത്തിന്‍റെ നേട്ടം കൂടിയാണിത്
1947 - ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതു മുതലുള്ള പലതരം പ്രവര്‍ത്തനങ്ങളുടെയും ദൗത്യങ്ങളുടെയും ആകെ തുകയാണ് ഈ നേട്ടമെന്നും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ക്രാന്തദര്‍ശിയായ ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിവെച്ച ഒരു വലിയ ദൗത്യത്തിന്‍റെ നേട്ടം കൂടിയാണ് ഈ വിജയമെന്നും പറയണം.
ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഈ രാജ്യത്തെ സ്വയം പര്യാപ്തതയിലേയ്ക്കു നയിക്കുമ്പോള്‍ത്തന്നെ യുവജനങ്ങളില്‍ പുതിയൊരു ശാസ്ത്ര ബോധം വളര്‍ത്താനും നെഹ്റു ഏറെ പ്രയത്നിച്ചു. 'സയന്‍റിഫിക് ടെമ്പര്‍' എന്നൊരു പ്രയോഗം അദ്ദേഹം അവതരിപ്പിച്ചു. പുതിയ തലമുറയ്ക്കു മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഏറെ മികവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജന്മം നല്‍കി.
ഇതൊക്കെ വിശാലമായ കാഴ്ചപ്പാടും അളവറ്റ ശാസ്ത്ര ബോധവുമുള്ള ഒരു നേതാവിനു മാത്രമേ കഴിയുകയുള്ളു. അനേകം ഗവേഷണ കേന്ദ്രങ്ങള്‍ക്കും പ്രധാനമന്ത്രി നെഹ്റു രൂപം നല്‍കി. അതില്‍ ഏറ്റവും പ്രധാനമാണ് 1962 - ല്‍ സ്ഥാപിതമായ ഐഎസ്ആര്‍ഒ. അതിന് പ്രാരംഭം കുറിച്ചത് നെഹ്റു രൂപം നല്‍കിയ ഇൻകോസ്‌പാർ എന്ന ഉന്നത ശാസ്ത്ര സമിതിയാണ്.
ഹോമി ഭാഭ, വിക്രം സാരാഭായി എന്നീ രണ്ടു പ്രമുഖ ശാസ്ത്രജ്ഞരായിരുന്നു ഈ സമിതിക്കു നേതൃത്വം നല്‍കിയത്. ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങള്‍ക്കും അവയുടെ അടിസ്ഥാനത്തിലുള്ള നീണ്ട യാത്രയ്ക്കും തുടക്കം കുറിച്ചത് ഈ ശാസ്ത്രജ്ഞരായിരുന്നു. ഇവര്‍ തന്നെയാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു തുടക്കം കുറിച്ചതും.
ഐഐടി പോലെയുള്ള ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നെഹ്റു ഈ കാലയളവില്‍ത്തന്നെ സ്ഥാപിച്ചു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള യുവാക്കളെ രൂപപ്പെടുത്തിയെടുത്തു. ഇന്ന് ബഹിരാകാശ ശാസ്ത്രവും അനുബന്ധ വിഷയങ്ങളും പഠിപ്പിക്കാന്‍ വന്‍കിട സ്ഥാപനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യന്‍ ശാസ്ത്രത്തിന്‍റെയും ഇന്ത്യന്‍ വിജ്ഞാനത്തിന്‍റെയും കരുത്ത് ഇന്ത്യന്‍ യുവത്വം തന്നെയാണ്. അതുതന്നെയാണ് ഇന്ത്യയുടെ നേട്ടം.