/sathyam/media/media_files/fUc4n2vZE9WuTUhmS4w1.jpg)
മന്ത്രിസഭ പുനസംഘടനയെ പറ്റി പരക്കെ ചർച്ച. സ്പീക്കർ സ്ഥാനത്തുനിന്ന് മാറി എ.എൻ ഷംസീർ മന്ത്രിയാകുമെന്നും പകരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്പീക്കറാകുമെന്നുമുള്ള വർത്തമാനമാണ് പുന:സംഘടനാ വിവാദത്തിന് എരിവും പുളിയും പകരുന്നത്.
ഒറ്റ എംഎൽഎ മാത്രമുള്ള നാല് ഘടകകക്ഷികൾ രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന് 2021 -ലെ തെരഞ്ഞെടുപ്പിനു ശേഷം സർക്കാർ രൂപീകരിച്ചപ്പോൾ ധാരണയായതാണ്. അതനുസരിച്ച് ഇപ്പോൾ മന്ത്രിമാരായ ആൻറണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), അഹമ്മദ് ദേവർകോവിൽ (ഐഎന്‍എല്‍) എന്നിവര്‍ മാറി കൊടുക്കണം. പകരം കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവ് കെ.ബി ഗണേശ് കുമാറും എന്‍സിപി നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുമാണ് മന്ത്രിസഭയില്‍ വരേണ്ടത്. മെയ് 20 -ന് മന്ത്രിസഭ രണ്ടാം വർഷം പൂർത്തിയാകുന്നതോടെ പുനസംഘടനയുണ്ടാകുമെന്ന അഭ്യൂഹമാണ് ഇപ്പോൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും പരക്കുന്നത്. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ മുന്നണിയിൽത്തന്നെ തർക്ക വിഷയമായി ഉരുണ്ടുകൂടുന്നുമുണ്ട്.
എൻസിപിയിലാണ് തർക്കം രൂക്ഷം. ഇപ്പോൾ മന്ത്രിയായ എ.കെ ശശീന്ദ്രനെ മാറ്റി കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കളുടെ ആവശ്യം. ഇതു പക്ഷേ എതിർവിഭാഗത്തിന് സ്വീകാര്യമല്ല. എ.കെ ശശീന്ദ്രന് പാർട്ടിയിൽ നല്ല സ്വാധീനവും ഉണ്ടുതാനും.
എൽജെഡിക്കും ഒരു എംഎൽഎ ഉണ്ടെങ്കിലും മന്ത്രിസഭാ രൂപീകരണ വേളയിൽ പാർട്ടി മന്ത്രി സഭാംഗത്വം ആവശ്യപ്പെട്ടിരുന്നില്ല. ഇത്തവണ സ്ഥിതി അങ്ങനെയല്ല. ഒരേയൊരു എംഎൽഎ ആയ കെ.പി മോഹനന് ഇത്തവണ മന്ത്രിസ്ഥാനം കിട്ടിയ മതിയാകൂ എന്ന് പാർട്ടിയിൽ ശബ്ദമുയർന്നിട്ടുണ്ട്. പാർട്ടി പ്രസിഡൻറ് എം.വി ശ്രേയാംസ് കുമാറിനുമേൽ സമ്മർദ്ദം മുറുകുകയാണ്. അദ്ദേഹം ഇടതുമുന്നണി യോഗത്തിൽ ഈ ആവശ്യം ഉന്നയിക്കുമെന്നാണ് കരുതുന്നത്. ഇടതുമുന്നണി ഘടകകക്ഷിയല്ലെങ്കിലും മുന്നണിയോടു ചേർന്നു നിൽക്കുന്ന ആർഎസ്‌പി (ലെനിനിസ്റ്റ്) എംഎൽഎ കോവൂർ കുഞ്ഞുമോൻ മന്ത്രിസ്ഥാനം ചോദിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ജെഡിഎസില്‍ മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പകരം മുൻ മന്ത്രി മാത്യു ടി തോമസിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
പാര്‍ട്ടികള്‍ക്കുള്ളിലെ തർക്കങ്ങൾ അതത് പാർട്ടികൾ പാർട്ടിക്കുള്ളിൽത്തന്നെ ചർച്ച ചെയ്ത് ഒരു തീരുമാനമെടുത്ത് നേതൃത്വത്തെ അറിയിക്കണമെന്നാണ് മുന്നണിയിൽ ഉണ്ടായിരിക്കുന്ന ധാരണ. എൽജെഡിയുടെയും കോവൂർ കുഞ്ഞുമോന്റെയും ആവശ്യം പരിഗണിക്കാൻ സാധ്യതയില്ലതാനും. മന്ത്രിസഭാ രൂപീകരണ വേളയിൽ എൽജെഡി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്നതാവും എന്നതാവും നേതൃത്വം മുന്നോട്ടുവയ്ക്കുന്ന കാരണം. കോവൂർ കുഞ്ഞുമോന്റെ ആർഎസ്‌പി ഇടതുമുന്നണിയിൽ ഘടകകക്ഷിയുമല്ല.
ചില സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നും സംസാരമുണ്ട്. മന്ത്രിസഭയുടെ പ്രതിച്ഛായയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുക തന്നെയായിരിക്കും ഇതിന്റെ ലക്ഷ്യം. പല മന്ത്രിമാരുടെയും പ്രവർത്തനം തൃപ്തികരമല്ലെന്ന കാര്യം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽത്തന്നെ ചർച്ചയായതുമാണ്.
സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാൻ തുടങ്ങിയിരിക്കുന്നതും മുന്നണി നേതൃത്വം പരിഗണിക്കുന്നു. പ്രതിപക്ഷത്തിന്റെ ആക്രമണം മുഖ്യമന്ത്രിയിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നത് സിപിഎമ്മിനും പ്രശ്നമാണ്. മന്ത്രിസഭാ പുനസംഘടന കൊണ്ട് കാര്യമായ മുഖംമിനുക്കൽ നടക്കില്ലെങ്കിലും ആരോപണത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ സഹായകമാകുമെന്ന കണക്കുകൂട്ടലും മുന്നണി നേതൃത്വത്തിനുണ്ടാവാം.
ഈ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാറിന്റെ മന്ത്രിസഭ പ്രവേശം പ്രശ്നമാകുന്നത്. ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തി സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗണേഷ് കുമാറിനെപ്പറ്റിയുള്ള പരാമർശമാണ് വിവാദമായിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്നു കാട്ടി സിബിഐ നൽകിയ റിപ്പോർട്ടിന്മേൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പിടിമുറുക്കുന്നതും ഭരണപക്ഷത്തെ വെട്ടിലാക്കാൻ തന്നെ.
ഉമ്മൻചാണ്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം പല ലക്ഷ്യങ്ങളും മുന്നിൽ കണ്ടു തന്നെ. സിബിഐ റിപ്പോർട്ടിൽ പ്രമുഖരായ ചില കോൺഗ്രസ് നേതാക്കളുടെ പേരുണ്ടെന്ന കാര്യം കോൺഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വം മറക്കുകയും ചെയ്യുന്നു.
മന്ത്രിസഭാ പുന:സംഘടന മന്ത്രിസഭയുടെ പ്രതിച്ഛായ എത്രകണ്ട് വർദ്ധിപ്പിക്കും എന്നതു തന്നെയാകും കേരള രാഷ്ട്രീയത്തിൽ ഉയരുന്ന ചോദ്യം. മുഖം മിനുക്കാനോ പുന:സംഘടന ? മുഖം മിനുക്കുമോ പുന:സംഘടന ?