Advertisment

കേരളത്തിന് തിലകക്കുറിയായി വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പലടുത്തു. പദ്ധതി യഥാർദ്യമായത് കെ കരുണാകരന്റെയും ഉമ്മൻചാണ്ടിയുടെയും കാലം കഴിഞ്ഞ് പിണറായിയിലൂടെ. പൂര്‍ത്തീകരിക്കുന്ന വിഴിഞ്ഞം പദ്ധതി പക്ഷെ സര്‍ക്കാരിനു മുന്നില്‍ നിരത്തുന്ന വലിയ വെല്ലുവിളികളാണ്. വിഴിഞ്ഞത്തിന്‍റെ പ്രയോജനങ്ങള്‍ കേരളത്തിനു കിട്ടണമെങ്കിൽ സര്‍ക്കാര്‍ ഇനി വലിയ ശ്രദ്ധ കൊടുക്കേണ്ടി വരും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
G

അനന്തമായ സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പലടുത്തു. രാജ്യത്തെ തന്നെ ആദ്യത്തെ രാജ്യാന്തര ട്രാന്‍സ്ഷിപ്പ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്ന പദവി നേടിക്കൊണ്ട് തലസ്ഥാന നഗരിയില്‍ നിന്ന് അധികം ദൂരെയല്ലാതെ കെട്ടിപ്പടുത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിനു മാത്രമല്ല, കേരളത്തിനു തന്നെയും ഒരു തിലകക്കുറിയാണ്.

Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായ മുംബൈ ജവഹര്‍ലാല്‍ നെഹ്റു തുറമുഖത്തെക്കാള്‍ ആഴം കൂടിയതാണ് വിഴിഞ്ഞം തുറമുഖം. ആദ്യ ഘട്ടത്തില്‍ വിഴിഞ്ഞം തുറമുഖത്തിന് പ്രതിവര്‍ഷം പത്തു ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. മൂന്നു ഘട്ടം കൊണ്ടാകും പദ്ധതി പൂര്‍ണതയിലെത്തുക. അവസാന ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇത് 30 ലക്ഷം കണ്ടെയ്നറുകളായി ഉയരും.

അദാനി ഗ്രൂപ്പിനാണ് തുറമുഖ നിര്‍മാണത്തിനുള്ള ചുമതല. 1991 -ല്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മന്ത്രിസഭ പ്രഖ്യാപിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി വി.എസ് അച്ച്യുതാനന്ദന്‍റെയും എ.കെ ആന്‍റണിയുടെയും സര്‍ക്കാരുകള്‍ക്കു ശേഷം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് ടെണ്ടര്‍ എന്ന ഘട്ടം പൂര്‍ത്തിയാക്കിയത്. ഗൗതം അദാനിക്കു തന്നെ കരാര്‍ നല്‍കുന്നതിന് ഉമ്മന്‍ ചാണ്ടി ഉറച്ച നിലപാടുതന്നെ കൊക്കൊള്ളുകയായിരുന്നു. 2011 മന്ത്രിസഭയുടെ കാലത്ത്.

അദാനിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ പല നീക്കങ്ങളും നടക്കുന്ന കാലവുമായിരുന്നു അത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അദാനിയെ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധി തന്നെയാണ് ഗൗതം അദാനിക്കെതിരെ ഉറച്ച നിലപാടു സ്വീകരിച്ചത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ അധികാര കേന്ദ്രമായിരുന്ന സോണിയാ ഗാന്ധിയെ കാണാന്‍ പോലും ഗൗതം അദാനിക്കു കഴിയുമായിരുന്നില്ല.

അന്നു കോണ്‍ഗ്രസ് നേതാവും ഭക്ഷ്യവകുപ്പു മന്ത്രിയുമായിരുന്ന പ്രൊഫ. കെ.വി തോമസിന് ഗൗതം അദാനിയുമായി വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. അതാവട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയല്‍ തുടങ്ങിയ ബന്ധവും. കൊച്ചിയില്‍ ഐഎന്‍ടിയുസി നേതാവായിരുന്ന കെ.വി തോമസ് കൊച്ചി കപ്പല്‍ ശാലയിലെ പ്രമുഖ യൂണിയന്‍ നേതാക്കളിലൊരാളായിരുന്നു. കൂടെക്കൂടെ കൊച്ചിയിലെത്തുമായിരുന്ന അദാനി അങ്ങനെയാണ് പ്രൊഫ. തോമസുമായി സൗഹൃദത്തിലായത്. ഈ സൗഹൃദം വളരുകയും തുടരുകയും ചെയ്തു.

സോണിയാ ഗാന്ധി ഗൗതം അദാനിയെ ശത്രുവായി പ്രഖ്യാപിച്ചുവെങ്കിലും കേന്ത്ര മന്ത്രിയായ പ്രൊഫ. തോമസ് അദാനിയുമായി സൗഹൃദം തുടര്‍ന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ ഡല്‍ഹിയിലെത്തി ഗൗതം അദാനിയുമായി നേരിട്ടു ചര്‍ച്ച നടത്തി. പ്രൊഫ. കെ.വി തോമസിന്‍റെ ഔദ്യോഗിക വസതിയില്‍ പ്രഭാത ഭക്ഷണവും കഴിച്ചായിരുന്നു ചര്‍ച്ച. ഒപ്പം അന്നു തുറമുഖ വകുപ്പു മന്ത്രിയായിരുന്ന കെ. ബാബുവും ഉണ്ടായിരുന്നു.

ആ സംഭാഷണത്തിലാണ് വിഴിഞ്ഞം തുറമുഖം സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തത്. സോണിയാ ഗാന്ധിയുടെയും പാര്‍ട്ടി നേതൃത്വത്തിലെ പല പ്രമുഖരുടെയും എതിര്‍പ്പിനെ അവഗണിച്ച് ഉമ്മന്‍ ചാണ്ടി മുന്നോട്ടുപോയി. 2015 ഡിസംബര്‍ 5 -ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു തുടക്കം കുറിച്ചു. പദ്ധതി വരുമ്പോള്‍ തൊഴിലും വീടുമെല്ലാം നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 475 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി അധികാരത്തില്‍ വരികയും ചെയ്തു. മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയെ അന്നത്തെ പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും അധികാരത്തിലെത്തിയ ഇടതുപക്ഷം പൂര്‍ണ പിന്തുണയുമായി മുന്നോട്ടു വന്നു. 

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയതാര് എന്ന വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ച തുറന്നുവിട്ടുവെങ്കിലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന മാതൃകാപരമായ കാര്യം തന്നെയാണ് വിഴിഞ്ഞത്തിന്‍റെ വിജയം കേരളത്തിനു മുന്നില്‍ വയ്ക്കുന്നത്.

പൂര്‍ത്തീകരിക്കുന്ന വിഴിഞ്ഞം പദ്ധതി പക്ഷെ സര്‍ക്കാരിനു മുന്നില്‍ നിരത്തുന്ന വലിയ വെല്ലുവിളികളാണ് അന്താരാഷ്ട്ര ചരക്കു ഗതാഗതത്തില്‍ വലിയൊരു കേന്ദ്രമായി ഉയരുകയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിന്‍റെ ഏതു കോണിലേക്കും എത്രകണ്ടു ചരക്കും ഏറ്റവും എളുപ്പം വിഴിഞ്ഞം തുറമുഖം വഴി എത്തിക്കാനാകും. വിഴിഞ്ഞത്തിനു ചുറ്റുമുള്ള വ്യവസായ ശാലകളെ ഇത് ഏറെ സഹായിക്കും. പക്ഷെ കേരളത്തില്‍ അതിനു പറ്റിയ വ്യവസായ ശാലകള്‍ ഇല്ലെന്നതാണു പ്രശ്നം. ഏലം, പൈനാപ്പിള്‍ എന്നിങ്ങനെ ചില കാര്‍ഷിക വിളകളുടെ ഉത്പാദനത്തില്‍ കേരളം വളരെ മുമ്പിലാണ്. പ്ലൈവുഡ് നിര്‍മാണത്തിലും വളരെ മുമ്പില്‍ തന്നെ. പക്ഷെ പൊതവെ വ്യാവസായിക രംഗത്തു കേരളം വളരെ പിന്നിലാണ്.

കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ടോറസ് മാനേജിംങ്ങ് ഡയറക്ടര്‍ അജയ് പ്രസാദ് ഇക്കാര്യം അവതരിപ്പിച്ചു. വിഴിഞ്ഞത്തുനിന്ന് നാവായിക്കുളം വരെ നീളുന്ന ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മിക്കുമ്പോള്‍ അതിന്‍റെ വശങ്ങളിലായി വന്‍ വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുകയും അവിടേയ്ക്ക് ലോകത്തെ പ്രമുഖ വ്യവസായികളെ ആകര്‍ഷിക്കുകയും ചെയ്യുക എന്ന നിര്‍ദേശമാണ് അജയ് പ്രസാദ് മുഖ്യമന്ത്രിക്കു മുന്നില്‍ വെച്ചത്. ഐഫോണ്‍ പോലെയുള്ള ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലോകത്തെ പ്രമുഖ വ്യവസായികള്‍ കേരളത്തിലെത്തുമെന്ന് അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കല്‍ക്കത്താ ഐഐഎമ്മില്‍ പ്രവേശനം നേടിയ അജയ് പഠനം പൂര്‍ത്തിയാക്കി അമേരിക്കയിലെ എംഐടിയില്‍ ചേര്‍ന്നു പഠിച്ചു. അവിടെ എടുത്ത പഠനവിഷയം റിയല്‍ എസ്റ്റേറ്റ് മേഖല. പഠനം പൂര്‍ത്തിയാക്കി ജര്‍മന്‍ - അമേരിക്കന്‍ സംരംഭമായ ടോറസ് എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന അജയ് പ്രസാദ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് 1250 കോടി രൂപയുടെ വന്‍ പദ്ധതി തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ നടപ്പാക്കാന്‍ എത്തിയത്. അന്ന് അദ്ദേഹത്തിനു പ്രായം 32 വയസ്. പിന്നീടുവന്ന പിണറായി സര്‍ക്കാരും ടോറസിന് വലിയ പിന്തുണ നല്‍കി.

ഐഫോണ്‍ പോലെ ലോകമെങ്ങും വിറ്റഴിയുന്ന ഉല്പന്നങ്ങള്‍ നിര്‍മിക്കാനുള്ള വലിയ വ്യവസായ ശാലകളാണ് വിഴിഞ്ഞത്തോടു ചേര്‍ന്ന് ഉയര്‍ന്നു വരേണ്ടതെന്ന് അജയ് പ്രസാദ് ചൂണ്ടിക്കാട്ടി. എങ്കില്‍ മാത്രമേ, വിഴിഞ്ഞത്തിന്‍റെ വലിയ പ്രയോജനങ്ങള്‍ കേരളത്തിനു കിട്ടുകയുള്ളു. സംസ്ഥാന സര്‍ക്കാര്‍ ഇനി വലിയ ശ്രദ്ധ കൊടുക്കേണ്ട കാര്യം ഇതുതന്നെ.

Advertisment